‘ഒപ്പം' പദ്ധതി
ഇടപ്പള്ളിയില്‍ രണ്ട് സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍ തുറന്നു

ഇടപ്പള്ളി ടോള്‍ ജങ്‌ഷനില്‍ നിർമിച്ച സ്മാര്‍ട്ട് ബസ് ഷെല്‍ട്ടർ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
‘ഒപ്പം' പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി ടോള്‍ ജങ്‌ഷനില്‍ രണ്ട് സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്‍ഡെല്‍ മണിയുടെ ധനസഹായത്തോടെയാണ് ഷെൽട്ടറുകൾ നിർമിച്ചത്. കളമശേരിയിലെ പൊതുഗതാഗത സംവിധാനം നവീകരിക്കുതിനുള്ള ‘ഒപ്പം’ പദ്ധതിയിലെ മറ്റൊരു നാഴികക്കല്ലാണ് സ്മാർട്ട് ബസ് ഷെൽട്ടറുകളെന്ന് മന്ത്രി പറഞ്ഞു.
ആലുവയിലേക്കും എറണാകുളത്തേക്കുമുള്ള യാത്രയ്ക്കാണ് റോഡിന് എതിര്‍വശങ്ങളില്‍ രണ്ട് സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകള്‍ തുറന്നത്. ക്യൂആര്‍ കോഡ് സൗകര്യമുള്ള ടിക്കറ്റ് ബുക്കിങ് കിയോസ്‌കുകളാണ് പ്രധാന സവിശേഷതകളിലൊന്ന്. ഇതിലൂടെ സ്വകാര്യ ബസ്, മെട്രോ ട്രെയിന്‍ സര്‍വീസുകളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഡിജിറ്റല്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍വഴി ബസ്, മെട്രോ സര്‍വീസുകളുടെ തത്സമയ വിവരങ്ങള്‍ ലഭിക്കും.
രാത്രിയിൽ സുരക്ഷയും കാഴ്ചയും ഉറപ്പാക്കാൻ സ്മാര്‍ട്ട് ലൈറ്റിങ്, കളമശേരി പൊലീസ് സ്‌റ്റേഷനുമായി ബന്ധിപ്പിച്ച് 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള സിസിടിവി സംവിധാനം, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റുകള്‍, സംഗീതത്തിനായി ഇന്‍ബില്‍റ്റ് സ്പീക്കറുകള്‍, സൗരോര്‍ജ സംവിധാനം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഇന്‍ഡെല്‍ മണി ബിസിനസ് ഹെഡ് ജിജിത് രാജ്, കളമശേരി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ മാർട്ടിൻ തായങ്കരി, അഞ്ജു മനോജ് മണി, ബിന്ദു മനോഹരൻ, കൗൺസിലർ കെ ടി മനോജ്, വിനോദ് നെൽസൺ തുടങ്ങിയവർ സംസാരിച്ചു.









0 comments