Deshabhimani

ആരോഗ്യമേഖല കൂടുതൽ പ്രതിസന്ധിയിലേക്ക്

എൻഎച്ച്എം കൈവിട്ടത് 99 ജീവനക്കാരെ

A
avatar
സ്വന്തം ലേഖിക

Published on Oct 31, 2026, 01:48 AM | 1 min read

കോഴിക്കോട്

ഒന്നിന് പിറകെ ഒന്നായുള്ള ക്രമക്കേടുകൾക്കൊപ്പം ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രതികാര നടപടി. ജില്ലയിലെ 99 നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ജീവനക്കാരെ സര്‍ക്കാര്‍ കാരണമില്ലാതെ പിരിച്ചുവിട്ടു. ഡോക്ടര്‍, നഴ്സ്, ഡാറ്റ എൻട്രി, പിആര്‍ഒ തുടങ്ങി വിവിധ തസ്തികകളിൽ ജോലിചെയ്യുന്നവരെയാണ് കരാര്‍ നീട്ടിനൽകാതെ പെരുവഴിയിലാക്കിയത്. ദേശീയാരോഗ്യ ദൗത്യത്തിന് കീഴിൽ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന 1275 കരാര്‍ ജീവനക്കാരിൽ 1174 പേരെ മാത്രം നിലനിര്‍ത്തി പ്രത്യേക ഉത്തരവ് വ്യാഴാഴ്ച വൈകിട്ടാണ് പുറത്തിറക്കിയത്.

നിപാ, കോവിഡ്, പ്രളയം എന്നിവയുടെ കാലത്ത്‌ മികച്ച സേവനം നടത്തിയ ആരോഗ്യപ്രവർത്തകരെ ദ്രോഹിക്കുന്നതിനെതിരെ ആശങ്കയും പ്രതിഷേധവും ഉയരുകയാണ്. പിരിച്ചുവിട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 15 വര്‍ഷം സര്‍വീസുള്ളവരെ വരെ പിരിച്ചുവിട്ടപ്പോൾ വെറും ഒന്നോ രണ്ടോ വര്‍ഷം മാത്രം സര്‍വീസുള്ളവരെ സംരക്ഷിച്ചു. അധികാരത്തിലേറിയ ഉടൻ തന്നെ കൂട്ടത്തോടെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കരാര്‍ തൽക്കാലത്തേക്ക് നീട്ടി നൽകി. ഒക്ടോബര്‍ 31ന് കരാര്‍ അവസാനിച്ചപ്പോൾ ഇടതുപക്ഷ അനുകൂല സംഘടനകളിലുള്ളവരുടെ കരാര്‍ നീട്ടിയില്ല.

പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമിച്ചവരെയാണ് കൃത്യമായ വിശദീകരണം നൽകാതെ ഒഴിവാക്കിയത്. തസ്തികകളിൽ യുഡിഎഫിന് താൽപ്പര്യമുള്ളവരെ നിയമിക്കാനാണ് നീക്കം. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിയ സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്താകെ 3707 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആയുഷ് മിഷന് കീഴിലുള്ള കരാര്‍ ജീവനക്കാരുടെ അവസ്ഥയും അനിശ്ചിതത്വത്തിലാണ്.

​"15 വര്‍ഷമായി ജോലിയിലുണ്ട്. പിരിച്ചുവിടൽ നടപടി ആദ്യമായാണ്‌. 42 വയസ്സിൽ മറ്റൊരു ജോലി കണ്ടെത്താനാകുമെന്ന് തോന്നുന്നില്ല. എന്തുചെയ്യുമെന്നറിയില്ല'– എൻഎച്ച്എം ജീവനക്കാരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home