ad
Deshabhimani

ഇടിമുഴക്കമായി ഉയർന്നു 'വർഗീയത തുലയട്ടെ'; അഭിമന്യു രക്തസാക്ഷിത്വത്തിന് ഏഴുവയസ്സ്‌

Abhimanyu Murder

മഹാരാജാസ് കോളേജിൽ രക്തസാക്ഷി അഭിമന്യു കുത്തേറ്റുവീണിടത്ത് വർഗീയവിരുദ്ധ മതിലിൽ എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം എഴുതുന്നു

വെബ് ഡെസ്ക്

Published on Jul 02, 2025, 04:06 AM | 1 min read

കൊച്ചി

അഭിമന്യു കുത്തേറ്റുവീണ മണ്ണിൽ ധീരരക്തസാക്ഷിത്വത്തിന്റെ വീരസ്‌മരണ പുതുക്കി എസ്‌എഫ്‌ഐ. അഭിമന്യു അവസാനമായി കുറിച്ച ‘വർഗീയത തുലയട്ടെ’ എന്ന ചുവരെഴുത്തിനുമുന്നിൽ ഒത്തുചേർന്ന വിദ്യാർഥികൾ ജ്വലിക്കുന്ന സമരസ്‌മൃതിയുടെ ദീപങ്ങൾ കൈയിലേന്തി. വർഗീയതയ്‌ക്കെതിരെ സന്ധിയില്ലാപോരാട്ടത്തിന്റെ പ്രതിജ്ഞ പുതുക്കി അവർ ഏറ്റുവിളിച്ച മുദ്രാവാക്യം മഹാരാജാസ്‌ കലാലയകവാടത്തിൽ ഇടിമുഴക്കമായി. തുടർന്ന്‌ സംഘടിപ്പിച്ച വർഗീയവിരുദ്ധ ചുവരെഴുത്തിലും ജില്ലയിലെ വിവിധ കലാലയങ്ങളിൽനിന്നെത്തിയ നൂറുകണക്കിന്‌ എസ്‌എഫ്‌ഐ പ്രവർത്തകർ പങ്കെടുത്തു.


2018 ജൂലൈ രണ്ടിന്‌ പുലർച്ചെയാണ്‌ എസ്‌ഡിപിഐ–-ക്യാമ്പസ്‌ ഫ്രണ്ട്‌ മതതീവ്രവാദസംഘം മഹാരാജാസ്‌ കോളേജിൽ അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്‌. രക്തസാക്ഷിത്വത്തിന്റെ ഏഴാംവാർഷികാചരണത്തിന്റെ ഭാഗമായി ബുധൻ പുലർച്ചെ മഹാരാജാസ്‌ ക്യാമ്പസിലെ അഭിമന്യു സ്‌മൃതിമണ്ഡപത്തിൽ ഒത്തുചേർന്ന വിദ്യാർഥികൾ പ്രകടനമായാണ്‌ അഭിമന്യു കുത്തേറ്റ്‌ വീണിടത്തേക്ക്‌ എത്തിയത്‌. ദീപം തെളിച്ച്‌ രക്തസാക്ഷിസ്‌മരണ പുതുക്കിയശേഷം നടന്ന വർഗീയവിരുദ്ധ ചുവരെഴുത്തിന്‌ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, സെക്രട്ടറി പി എസ്‌ സഞ്‌ജീവ്‌, ജില്ലാപ്രസിഡന്റ്‌ ആശിഷ്‌ എസ്‌ ആനന്ദ്‌, ജില്ലാസെക്രട്ടറി ടി ആർ അർജുൻ എന്നിവർ നേതൃത്വം നൽകി.


എസ്എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ശിൽപ്പ സുരേന്ദ്രൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അജ്മില ഷാൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു, സെക്രട്ടറി എ ആർ രഞ്ജിത്, പി എം ആർഷോ എന്നിവർ സംസാരിച്ചു.അഭിമന്യുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവുമുണ്ടായി.


പകൽ 11ന്‌ മറൈൻഡ്രൈവ്‌ ഹെലിപാഡ്‌ ഗ്രൗണ്ടിൽനിന്ന്‌ വിദ്യാർഥിറാലി ആരംഭിക്കും. മഹാരാജാസ്‌ കോളേജിൽ നടക്കുന്ന സമ്മേളനം എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ്‌ എം സജി ഉദ്ഘാടനം ചെയ്യും. മഹാരാജാസ്‌ കോളേജിൽ ബിഎസ്‌സി കെമിസ്‌ട്രിക്ക്‌ ഉന്നതവിജയംനേടിയ വിദ്യാർഥിക്കും എസ്‌ടി വിഭാഗത്തിൽനിന്നുള്ള ഉന്നതവിജയിക്കും അഭിമന്യു സ്‌മാരക എൻഡോവ്‌മെന്റ്‌ സമ്മാനിക്കും. അഭിമന്യുസ്‌മരണയിൽ ചൊവ്വാഴ്‌ച ക്യാമ്പസുകളിൽ വർഗീയവിരുദ്ധസദസ്സുകൾ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്‌ച ഏരിയ, ലോക്കൽ, യൂണിറ്റ്‌ കേന്ദ്രങ്ങളിൽ പതാക ഉയർത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home