ഇന്ന് വനിതാ ദിനം
പ്രായം 20; എട്ട് അന്തര്‍ദേശീയ മത്സരങ്ങള്‍ നിയന്ത്രിച്ച റെക്കോഡുമായി സെലസ് മരിയ

സെലസ് മരിയ
സ്‌മിത ബഷീർ
Published on Mar 08, 2026, 02:18 AM | 1 min read
മട്ടാഞ്ചേരി
ഇരുപത് വയസ്സിൽ എട്ട് അന്തർദേശീയ മത്സരങ്ങൾ നിയന്ത്രിച്ച റെക്കോഡിന്റെ തിളക്കത്തിലാണ് സെലസ് മരിയ രാജൻ. ഉസ്ബക്കിസ്ഥാൻ ആയോധനകലയായ കുറാഷ്, ജപ്പാൻ ആയോധനകലയായ കോംമ്പാറ്റ് ജു ജിറ്റ്സു എന്നീ കായിക ഇനങ്ങളുടെ ഏഷ്യൻ, ലോക മത്സരങ്ങളാണ് സെലസ് നിയന്ത്രിച്ചിട്ടുള്ളത്.
കുറാഷ്, കോംമ്പാറ്റ് ജു -ജിറ്റ്സു, ഇസ്രായേലി സ്വയംപ്രതിരോധ ആയോധന കലയായ ക്രാവ് മാഗ എന്നിവയടക്കം മൂന്ന് ആയോധന കലകളുടെ അന്താരാഷ്‌ട്ര പരിശീലന ലൈസൻസും സെലസിന് സ്വന്തം. ഇതിനുപുറമെ ജുഡോയിലും തായ്‌ക്വോണ്ടോയിലും സംസ്ഥാന, യൂണിവേഴ്സിറ്റി, ഇന്റർവാഴ്സിറ്റി മത്സരങ്ങളിൽ മെഡലും നേടിയിട്ടുണ്ട്. പതിനെട്ടാം വയസ്സിലാണ് സെലസ് മരിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൺ സ്റ്റാർ കുറാഷ് റഫറിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കോംമ്പാറ്റ് ജു-–ജിറ്റ്സുവിലും അന്താരാഷ്‌ട്ര റഫറി ടെസ്റ്റ് പാസായി. രണ്ട് കായിക ഇനങ്ങളിലും ഏഷ്യൻ, ലോക ചാമ്പ്യൻഷിപ്പുകളിൽ കഴിഞ്ഞ മൂന്ന് വർഷമായി മത്സരങ്ങൾ നിയന്ത്രിക്കുന്നു.
യൂണികോൺ സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിന്റെ ബിസിനസ് ഉടമകൂടിയാണ് കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ ബിബിഎ അവസാനവർഷ വിദ്യാർഥിനിയായ സെലസ്. കുടുംബവും കായികരംഗത്ത് നിറസാന്നിധ്യമാണ്. അച്ഛൻ രാജൻ വർഗീസ് കുറാഷ്, ജൂഡോ, ജു- ജിറ്റ്സു എന്നീ ഇനങ്ങളുടെ അന്താരാഷ്‌ട്ര റഫറിയും ഇന്ത്യയിലെ ആദ്യത്തെ കോംമ്പാറ്റ് ജു- ജിറ്റ്സു സെവൻത്ത് ഡാൻ റെഡ് ആൻഡ് വൈറ്റ് ബെൽറ്റ് ജേതാവുമാണ്. നേവി, കോസ്റ്റ്ഗാർഡ്, പൊലീസ് ഓഫീസര്‍മാര്‍ക്ക് ക്രാവ് മാഗയിൽ മിലറ്ററി ലോ എൻഫോഴ്സ്മെന്റ് പരിശീലനവും നൽകുന്നു.
അമ്മ ടെസ്‌നി രാജൻ കുറാഷ് അസോസിയേഷൻ ഓഫ് ഇന്ത്യ വിമൻസ് എത്തിക്സ് കമ്മിറ്റി ചെയർപേഴ്സനും മുൻ ദേശീയ ജൂഡോ താരവുമാണ്. ഇളയസഹോദരങ്ങളായ റൊവാൻ മരിയയും വർഗീസ് രാജനും ജു–ജിറ്റ്സു, കുറാഷ് എന്നീ ഇനങ്ങളിൽ ഇന്ത്യക്കുവേണ്ടി മെഡലുകൾ നേടിയിട്ടുണ്ട്.










0 comments