ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കണം
സിഐടിയു കലക്ടറേറ്റ് മാർച്ച് നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ കാക്കനാട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
കൊച്ചി
ഓട്ടോ-ടാക്സി മിനിമം ചാർജും മീറ്റർ നിരക്കും അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിന് അനുഭാവം പ്രകടിപ്പിച്ച് എറണാകുളം കലക്‌ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. തൃക്കാക്കര മുനിസിപ്പൽ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കലക്‌ടറേറ്റിനുമുന്നിൽ സമാപിച്ചു.
പെട്രോൾ, ഡീസൽ, സിഎൻജി, പാചകവാതകം എന്നിവയുടെ വില കുത്തനെ വർധിച്ചതും വാഹനങ്ങളുടെ വില, സ്പെയർ പാർട്സ് ചെലവ്, ആർടിഒ പിഴകളും വിവിധ സേവനങ്ങൾക്കുള്ള ഫീസുകളും 2022നെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധിച്ചതും ഓട്ടോ-ടാക്സി തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലയും ജീവിതച്ചെലവും വർധിച്ച സാഹചര്യത്തിൽ നിലവിലെ നിരക്കിൽ തൊഴിലാളികൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടി.
കലക്‌ടറേറ്റിനുമുന്നിൽ നടന്ന ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി വി എ സക്കീർ ഹുസൈൻ അധ്യക്ഷനായി. മോട്ടോർ ഫെഡറേഷൻ അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം കെ എ അലി അക്ബർ, ജില്ലാ കാർ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് പി എം hemaഹാരിസ്, ഓട്ടോ-ടാക്സി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി യു പ്രസാദ്, വിനോദ് മാത്യു, എം പി ഉദയൻ, ഇ പി സുരേഷ് എന്നിവർ സംസാരിച്ചു.










0 comments