ad
Deshabhimani

സൗജന്യമായി ലഭിക്കേണ്ട ഭൂമി 
നഷ്ടപ്പെടുത്തിയത് കോൺഗ്രസ് : പി രാജീവ്

സീപോർട്ട്–എയർപോർട്ട് റോഡ് : 
മണ്ണൊരുക്കൽ തുടങ്ങി

Seaport Airport Road
വെബ് ഡെസ്ക്

Published on Feb 19, 2026, 03:55 AM | 2 min read

കൊച്ചി/കളമശേരി

സീപോർട്ട്–എയർപോർട്ട് റോഡ്‌ രണ്ടാംഘട്ടത്തിലെ ശേഷിക്കുന്ന നിർമാണത്തിന്‌ മണ്ണൊരുക്കൽ തുടങ്ങി. എച്ച്എംടി റോഡ് മുതൽ രണ്ടുഭാഗങ്ങളായി എച്ച്എംടി, എൻഎഡി ഭൂമിയിലെ നിർമാണത്തിന് മുന്നോടിയായുള്ള ജോലികളാണ്‌ ആർബിഡിസികെ ആരംഭിച്ചത്. മന്ത്രി പി രാജീവ് സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.


കളമശേരി എച്ച്‌എംടി–എൻഎഡി ഭാഗത്തെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും കോടതി വ്യവഹാരവുമാണ്‌ റോഡ്‌ പൂർത്തീകരണത്തിന്‌ തടസ്സമായിരുന്നത്‌. 2.7 കിലോമീറ്റർ റോഡിന്റെ 1.16 കിലോമീറ്റർ ഭാഗത്തെ നിർമാണത്തിന്‌ സ്ഥലം വിട്ടുകിട്ടുന്നതിലെ തർക്കമായിരുന്നു തടസ്സം. കോടതിക്കുപുറത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും എച്ച്‌എംടി അധികൃതർ വഴങ്ങിയില്ല. തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം 37.90 കോടി രൂപ കെട്ടിവച്ച് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് ആർബിഡിസികെക്ക്‌ കൈമാറി. പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ട 23.11 കോടി രൂപ നൽകി എൻഎഡിയുടെ 2.4967 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു. ഇതോടെയാണ്‌ തടസ്സങ്ങൾ നീങ്ങിയത്‌. 2.7 കിലോമീറ്ററിൽ 1.9 കിലോമീറ്റർ നിർമാണം 2021ൽ പൂർത്തിയാക്കിയിരുന്നു. ബാക്കി 1.16 കിലോമീറ്റർ റോഡ് നിർമാണത്തിന്‌ 17.22 കോടി രൂപയാണ്‌ ചെലവ്‌ കണക്കാക്കുന്നത്‌.


ഇരുമ്പനംമുതൽ കളമശേരിവരെയുള്ള ആദ്യഘട്ടം 2019ൽ പൂർത്തിയായി. രണ്ടാംഘട്ടത്തിൽ കളമശേരി എച്ച്എംടി റോഡ് മുതൽ വിമാനത്താവളംവരെയുള്ള 14.4 കിലോമീറ്ററാണ്‌ പുരോഗമിക്കുന്നത്‌. എച്ച്എംടി–എൻഎഡി (2.7 കി.മീ.), എൻഎഡി–മഹിളാലയം (6.5 കി.മീ.), മഹിളാലയം–ചൊവ്വര (1.015 കി.മീ.), ചൊവ്വര–വിമാനത്താവളം (4.5 കി.മീ.) എന്നിങ്ങനെ നാല്‌ റീച്ചുകളായാണ്‌ നിർമാണം. ചൊവ്വരവരെയുള്ള ഭാഗത്ത് രണ്ട് പാലവും റോഡും പൂർത്തിയായി. തുടർന്നുള്ള ഭാഗം പൂർത്തിയാക്കാൻ 210 കോടി രൂപയുടെ നിർദേശം സമർപ്പിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ഇരുന്പനം കരിങ്ങാച്ചിറമുതൽ നെടുന്പാശേരിവരെ നീളുന്ന 25.8 കിലോമീറ്റർ റോഡ്‌ യാഥാർഥ്യമാകും.


സൗജന്യമായി ലഭിക്കേണ്ട ഭൂമി 
നഷ്ടപ്പെടുത്തിയത് കോൺഗ്രസ് : പി രാജീവ്

സീപോർട്ട്–എയർപോർട്ട് റോഡ് നിർമാണത്തിനായി എൻഎഡിയുടെയും എച്ച്എംടിയുടെയും ഭൂമി സൗജന്യമായി ലഭിക്കേണ്ടതായിരുന്നെന്നും കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസാണ് അത് നൽകാതിരുന്നതെന്നും വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. റോഡിന്റെ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട എച്ച്എംടി–എൻഎഡി ഭാഗത്ത് ആരംഭിച്ച മണ്ണൊരുക്കൽ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. മാർച്ച് ഒന്നോടെ ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണം ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ഇരുമ്പനംമുതൽ എച്ച്എംടി റോഡ്‌വരെയുള്ള ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തത് 2003-ലാണ്. എയർപോർട്ടിലേക്കുള്ള ദൂരം മുഴുവൻ ബാക്കിവച്ചായിരുന്നു അന്നത്തെ ഉദ്ഘാടനം.

രണ്ടാംഘട്ടം ആരംഭിക്കാൻ ആദ്യം ലഭിക്കേണ്ടിയിരുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയുടെയും പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എൻഎഡിയുടെയും ഭൂമിയായിരുന്നു.


കേരളത്തിൽ യുഡിഎഫും കേന്ദ്രത്തിൽ യുപിഎയും ഭരിക്കുമ്പോൾ, കളമശേരി എംഎൽഎ പൊതുമരാമത്തുമന്ത്രിയും യുഡിഎഫിന്‌ എട്ട് കേന്ദ്ര മന്ത്രിമാരും ഉണ്ടായിരുന്നിട്ടും റോഡ് വികസനത്തിന് ഒരുതരി മണ്ണുപോലും ലഭ്യമാക്കാൻ അവർക്ക് സാധിച്ചില്ല. എച്ച്എംടി ഭൂമി വിട്ടുനൽകുന്നത്‌ സുപ്രീംകോടതിയിലെത്തിയപ്പോൾ, പൊതു ആവശ്യത്തിനായി ഭൂമി അനുവദിപ്പിക്കാൻ അന്നത്തെ കേന്ദ്ര മന്ത്രിമാർ വിചാരിച്ചിരുന്നെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ സാധിക്കുമായിരുന്നു. അന്ന് പ്രതിരോധ മന്ത്രിയും കേരളത്തിൽനിന്നായിരുന്നു.


ഒടുവിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടാണ്‌ 600 മീറ്റർ റോഡിനുവേണ്ടി എച്ച്‌എംടിയുടെ ഭൂമി 37 കോടി രൂപ കെട്ടിവച്ച്‌ ഏറ്റെടുത്തിട്ടുള്ളത്‌. എൻഎഡിയുടെ സ്ഥലത്തിന്റെ വില നൽകിയതിനുപുറമെ, എച്ച്എംടിമുതൽ തൊരപ്പ് വരെയുള്ള എൻഎഡി റോഡ് വീതികൂട്ടി 17.68 കോടി രൂപ ചെലവിൽ വികസിപ്പിക്കാനുള്ള ഉത്തരവാദിത്വവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഇതോടെയാണ് 2003 മുതൽ തുടരുന്ന ഒരുകിലോമീറ്ററിന്റെ വലിയ കടമ്പ പരിഹരിക്കാനായത്. എൻഎഡിമുതൽ മഹിളാലയംവരെയുള്ള ബാക്കി ഭൂമി ഏറ്റെടുക്കൽ ഈ മാസം പൂർത്തിയാകും. ഭൂമിവിലയായി 619.15 കോടിയും റോഡ് നിർമാണത്തിന് 102.88 കോടി രൂപയും കിഫ്ബിയിൽനിന്ന് അനുവദിച്ച് പ്രവർത്തനം പുരോഗമിക്കുകയാണ്. സർക്കാർ ഇച്ഛാശക്തിയോടെ ഇടപെട്ട് സങ്കീർണമായ നിയമനൂലാമാലകൾ അഴിച്ചെടുത്തതോടെയാണ്‌ കാൽനൂറ്റാണ്ടിലേറെയായ സ്വപ്‌നം സാക്ഷാൽക്കരിക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home