എമർജൻസി വാർഡില്‍ ഫാന്‍ ദേഹത്ത് വീണ് രോഗി മരിച്ചു; ആശുപത്രിക്കെതിരെ അന്വേഷണം

ന്യൂഡൽഹി : ന്യൂഡൽഹിയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രി വാർഡിൽ ഫാൻ ദേഹത്തേക്ക് വീണ് രോഗി മരിച്ചതായി പരാതി. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശ് സ്വദേശിയായ 42 കാരൻ മുഹമ്മദ് അക്ബറാണ് മരിച്ചത്. എമർജൻസി വാർഡിൽ ചികിത്സയിലിരിക്കെയാണ് സീലിങ് ഫാൻ ദേഹത്ത് വീണതെന്നാണ് കുടുംബം ആരോപിക്കുന്നത്. കിടക്കുകയായിരുന്ന അക്ബറിന്റെ ദേഹത്തേക്ക് പെട്ടെന്ന് സീലിങ് ഫാൻ പൊട്ടി വീഴുകയും വയറിന് സാരമായി പരിക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് രോഗിക്ക് ചികിത്സ നൽകിയെങ്കിലും അർധ രാത്രിയോടെ മരിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്.
ആശുപത്രിയിലെ സുരക്ഷാ വീഴ്ച കാരണമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രോഗിക്ക് പരിക്കേറ്റിട്ടും വൈകിയാണ് ചികിത്സ ലഭിച്ചതെന്നും ആരോപണമുണ്ട്. അതേസമയം, ഫാൻ വീണ് രോഗിയുടെ നില വഷളായെങ്കിലും മരണകാരണമെന്തെന്ന് വ്യക്തമാകണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഫാൻ ശരിയാക്കിയെന്നും ഫാൻ വീണ സമയത്ത് ഒരു നഴ്സിനും പരിക്കേറ്റിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.










0 comments