കാൽനൂറ്റാണ്ട് മുടങ്ങിക്കിടന്ന പദ്ധതി
കുതിക്കും, നെടുമ്പാശേരിക്ക്

സീപോർട്ട്– എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടത്തിലെ ശേഷിക്കുന്ന ഭാഗത്തെ നിർമാണജോലികൾ ആരംഭിക്കുന്ന എൻഎഡി ഭാഗത്തെ മൺപാത
കൊച്ചി
സീപോർട്ട്–എയർപോർട്ട് റോഡ് രണ്ടാംഘട്ടത്തിലെ ശേഷിക്കുന്ന ഭാഗത്തെ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചതോടെ കാൽനൂറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന ജില്ലയിലെ പ്രധാന റോഡ് പദ്ധതി പൂർത്തീകരണത്തിലേക്ക്. ഇരുന്പനം കരിങ്ങാച്ചിറമുതൽ നെടുന്പാശേരിവരെ നീളുന്ന 25.8 കിലോമീറ്റർ റോഡാണ് യാഥാർഥ്യമാകുന്നത്. എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ജില്ലയിൽ പൂർത്തിയാക്കേണ്ട ഫ്ലാഗ്ഷിപ് പദ്ധതിയായി പരിഗണിച്ചാണ് തടസ്സങ്ങൾ നീക്കിയത്.
രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട കളമശേരി എച്ച്‌എംടി–എൻഎഡി സ്‌ട്രെച്ചിലെ 2.7 കിലോമീറ്റർ റോഡിന്റെ ഒരുകിലോമീറ്ററോളം ഭാഗത്തെ നിർമാണത്തിന് സ്ഥലം വിട്ടുകിട്ടുന്നതിലെ തർക്കമാണ് തടസ്സമായിരുന്നത്. ഇതിൽ 1.9 കിലോമീറ്റർ നിർമാണം 2021ൽ പൂർത്തിയാക്കിയതാണ്. എച്ച്‌എംടിയുടെ 1.6352 ഹെക്ടറും (404.46 സെന്റ്) എൻഎഡിയുടെ 2.4967 ഹെക്ടറും (615.3537 സെന്റ്) സ്ഥലമാണ് വിട്ടുകിട്ടേണ്ടിയിരുന്നത്. 25 വർഷമായി തുടരുന്ന തർക്കത്തിൽ, എൽഡിഎഫ് സർക്കാരിന്റെ നിരന്തര ഇടപെടലിനെത്തുടർന്ന് ഭൂമി വിട്ടുനൽകാൻ എൻഎഡി തയ്യാറായി. പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപ നൽകി ഭൂമിയേറ്റെടുത്തു.
മുമ്പ് സംസ്ഥാന സർക്കാർ കൈമാറിയ സ്ഥലം വിട്ടുനൽകാൻ എച്ച്‌എംടി വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കം കോടതിയിലായിരുന്നു. ഹൈക്കോടതി വിധി പ്രതികൂലമായപ്പോൾ എച്ച്‌എംടി സുപ്രീംകോടതിയെ സമീപിച്ചു. തർക്കം കോടതിക്കുപുറത്ത് പരിഹരിക്കാനുള്ള മന്ത്രിതല ശ്രമമുണ്ടായെങ്കിലും എച്ച്‌എംടി വഴങ്ങിയില്ല. തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം 37.90 കോടി രൂപ കെട്ടിവച്ച് ഭൂമിയേറ്റെടുത്ത് സർക്കാർ ആർബിഡിസികെയ്‌ക്ക് കൈമാറി. ഉടൻ നിർമാണത്തിന് സാങ്കേതിക അനുമതിയും നൽകി.

രണ്ടാംഘട്ടത്തിന്റെ ഭാഗമായി വർഷങ്ങൾക്കുമുമ്പ് എച്ച്‌എംടി–എൻഎഡി ഭൂമിക്കിടയിൽ പണിപൂർത്തിയാക്കിയ റോഡിൽനിന്ന് നിലവിലെ കളമശേരി
സീപോർട്ട്–എയർപോർട്ട് റോഡിലേക്കുള്ള മൺപാത
കരാറായാൽ ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കും
കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ടെൻഡർ പ്രകാരം 1.16 കിലോമീറ്റർ റോഡ് നിർമാണത്തിന് 17.22 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഫെബ്രുവരി 12 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. കരാർ ഉറപ്പിച്ചാൽ ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ.
രണ്ടുഘട്ടങ്ങളായാണ് സീപോർട്ട്– എയർപോർട്ട് റോഡ് പൂർത്തിയാകുന്നത്. ഇരുമ്പനംമുതൽ കളമശേരിവരെയുള്ള (11.3 കി.മീ.) ആദ്യഘട്ടം 2019ൽ പൂർത്തിയായി. രണ്ടാംഘട്ടത്തിലെ കളമശേരി എച്ച്എംടി റോഡ് മുതൽ എയർപോർട്ട് വരെയുള്ള 14.4 കിലോമീറ്റർ നാല് സ്‌ട്രെച്ചായാണ് പൂർത്തിയാക്കുന്നത്. എച്ച്എംടി–എൻഎഡി (2.7 കി.മീ.), എൻഎഡി– മഹിളാലയം (6.5 കി.മീ.), മഹിളാലയം–ചൊവ്വര (1.015 കിമീ.), ചൊവ്വര–എയർപോർട്ട് (4.5 കി.മീ.) എന്നിങ്ങനെയാണത്. ഇതിൽ എൻഎഡി– മഹിളാലയം ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ അവസാനഘട്ടത്തിലാണ്. ഭൂമി വിലയായി 619.15 കോടിയും റോഡ് നിർമാണത്തിന് 102.88 കോടി രൂപയും കഫ്ബി നൽകി. മഹിളാലയം– ചൊവ്വര ഭാഗത്തെ രണ്ട് പാലവും റോഡും പൂർത്തിയായി. ചൊവ്വരയിൽനിന്ന് എയർപോർട്ട് വരെയുള്ള റോഡ് നിർമാണത്തിനും സ്ഥലമേറ്റെടുക്കലിനുമായി 210 കോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചുകഴിഞ്ഞു.










0 comments