ad
Deshabhimani

എച്ച്എംടിയും എൻഎഡിയും ഭൂമി കൈമാറി

സീപോർട്ട് എയർപോർട്ട് റോഡ് രണ്ടാംഘട്ടം ; റോഡ്‌ നിർമാണം ഉടൻ തുടങ്ങും

Seaport Airport Road
വെബ് ഡെസ്ക്

Published on Oct 22, 2025, 04:15 AM | 1 min read


കളമശേരി

സീപോർട്ട്–എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നിർമാണത്തിനായി എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമി, പദ്ധതിനിർവഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന് (ആർബിഡിസികെ) കൈമാറി. ഇതോടെ, റോഡ് നിർമാണം രണ്ടുപതിറ്റാണ്ടിലേറെ തടസ്സപ്പെട്ടതിന് കാരണമായ ഭൂമിപ്രശ്നം പരിഹരിച്ചു. റോഡ് നിർമാണം ഉടൻ ആരംഭിക്കും.


റോഡ് നിർമാണത്തിൽ എച്ച്എംടിമുതൽ എൻ‌എഡിവരെയുള്ള ഭാഗത്തിനാണ് എച്ച്എംടി ഭൂമി ആവശ്യമായി വന്നത്. തൃക്കാക്കര നോർത്ത് വില്ലേജിലെ ബ്ലോക്ക് 5ൽ ഉൾപ്പെട്ട 1.4015 ഹെക്ടർ ഭൂമി ഇതിനായി കൈമാറി. ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ച 37.90 കോടി രൂപ സുപ്രീംകോടതി നിർദേശപ്രകാരം നേരത്തേ ദേശസാൽകൃത ബാങ്കിൽ നിക്ഷേപിച്ചിരുന്നു.

എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമിയും കൈമാറി. ഭൂമി വിലയുൾപ്പെടെ 32.26 കോടി രൂപ സംസ്ഥാന സർക്കാർ നേരത്തേ അനുവദിച്ചിരുന്നു. സ്ഥല വിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും എൻഎഡി തൊരപ്പ് റോഡ് വീതികൂട്ടി നിർമിക്കുന്നതിന് 8.16 കോടി രൂപയും ചുറ്റുമതിൽ നിർമാണത്തിന് 99. 43 ലക്ഷം രൂപയും ഉൾപ്പെടെയാണ് അനുവദിച്ചത്.


​എച്ച്എംടി–എൻഎഡി ഭാഗത്തെ റോഡ് നിർമാണത്തിനായി 17.31 കോടി രൂപയുടെ ഭരണാനുമതി നൽകി കഴിഞ്ഞമാസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. എച്ച്എംടി ഭാഗത്ത് 45 മീറ്റർ വീതിയിൽ 600 മീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുക. എൻഎഡിയുടെ ഭാഗത്തെ സ്കെച്ച് നേരത്തേ തയ്യാറാക്കിയതിനാൽ തുടർനടപടികൾക്ക് കാലതാമസമുണ്ടാകില്ല. ഇതോടൊപ്പം വീതികൂട്ടി നിർമിക്കുന്ന എൻഎഡി തൊരപ്പ് റോഡിന്റെ ടെൻഡറും ഉടനുണ്ടാകും.


​എൻഎഡി-മഹിളാലയം ഭാഗത്തിന്റെ ടെൻഡർ ഡിസംബറിൽ പുറപ്പെടുവിക്കും. 6.5 കിലോമീറ്ററുള്ള ഈ ഭാഗത്തിന്റെ ഭൂമി ഏറ്റെടുക്കൽ ഉടൻ പൂർത്തിയാകും. ഭൂമി ഏറ്റെടുക്കുന്നതിന് 569.34 കോടി രൂപ കിഫ്ബി നേരത്തേ അനുവദിച്ചിരുന്നു. ​ഇരുമ്പനംമുതൽ നെടുമ്പാശേരിവരെ 25.7 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്‌ സീപോർട്ട്-–എയർപോർട്ട് റോഡ്. ഇതിൽ ഇരുമ്പനം–കളമശേരി ഭാഗത്തുള്ള 11.3 കിലോമീറ്ററിൽ 2003-ൽ പൂർത്തിയായി. കളമശേരി–എയർപോർട്ട് വരെയുള്ള 14.3 കിലോമീറ്ററിലാണ്‌ തടസ്സങ്ങളുണ്ടായിരുന്നത്‌. പദ്ധതിയിലൂടെ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും. വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home