ad
Deshabhimani

സീപോർട്ട്‌ എയർപോർട്ട് റോഡ് യാഥാർഥ്യത്തിലേക്ക്

sea port airport road

സീപോർട്ട്–-എയർപോർട്ട് റോഡിൽ പണി തുടങ്ങാനിരിക്കുന്ന എൻഎഡി ഭാഗം

വെബ് ഡെസ്ക്

Published on May 17, 2025, 03:15 AM | 1 min read


കളമശേരി

തുറമുഖത്തെയും വിമാനത്താവളത്തെയും എളുപ്പത്തിൽ ബന്ധിപ്പിക്കാനായി 25 വർഷംമുമ്പ് നായനാർ സർക്കാർ രൂപകൽപ്പന ചെയ്ത സീപോർട്ട്‌–-എയർപോർട്ട്‌ റോഡ് നിർമാണം കടമ്പകൾ കടന്ന് പിണറായി സർക്കാർ യാഥാർഥ്യമാക്കുന്നു. സംസ്ഥാന ഭരണനേതൃത്വത്തിന്റെ നിതാന്തപരിശ്രമത്തിനൊടുവിലാണ് കുരുക്കുകൾ ഓരോന്നായി അഴിക്കാനായത്.


റോഡ് വികസനത്തിനായി എൻഎഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2.4967 ഹെക്ടർ ഭൂമിയുടെ വിലയും എൻഎഡി --തൊരപ്പ് റോഡ് വീതി കൂട്ടി നിർമിക്കുന്നതിനും ചുറ്റുമതിൽ നിർമാണത്തിനുമുള്ള തുകയായ 32.26 കോടി രൂപ അനുവദിക്കാൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതോടെ നിർമാണത്തിനുള്ള തടസ്സങ്ങൾ മാറി.

എൻഎഡിയുടെയും എച്ച്എംടിയുടെയും കൈവശമുള്ള അരക്കിലോമീറ്റർവീതം നീളത്തിലുള്ള ഭൂമി വിട്ടുകിട്ടുന്നതിനായി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. സുപ്രീംകോടതി നടപടിയിലൂടെയാണ് എച്ച്എംടി ഭൂമി ലഭിച്ചത്.


കളമശേരിയിൽനിന്ന് എച്ച്എംടി, എൻഎഡി, മഹിളാലയംവഴി വിമാനത്താവളത്തിലെത്തുന്ന തരത്തിൽ രണ്ടുഘട്ടമായി റോഡ് നിർമിക്കാനാണ് പദ്ധതി. ഒന്നാംഘട്ടം ഇരുമ്പനംമുതൽ എച്ച്എംടി റോഡുവരെയാണ്. നാലു ഭാഗമുള്ള രണ്ടാംഘട്ടത്തിൽ ആദ്യത്തേത്‌ എച്ച്എംടിയുടെ ഭൂമിയാണ്. 500 മീറ്റർ വരുന്ന ഈ ഭാഗം വിട്ടുകിട്ടാൻ 18.77 കോടി രൂപ സുപ്രീംകോടതിയിൽ കെട്ടിവയ്‌ക്കാനായി സർക്കാർ അനുവദിച്ച് തുടർപ്രവർത്തനങ്ങൾ ആരംഭിച്ചു.


രണ്ടാംഭാഗം എച്ച്എംടി കോളനി പ്രദേശത്ത് 2.7 കിലോമീറ്ററിലുള്ള ഭൂമി വ്യക്തികളിൽനിന്ന് ഏറ്റെടുത്ത് റോഡ് നിർമാണം പൂർത്തിയാക്കി. തുടർന്നുള്ള ഭാഗമാണ് എൻഎഡിയുടെ കൈവശമുള്ള 500 മീറ്റർ ഭൂമി.


നാലാമത്തെ ഭാഗം എൻഎഡിമുതൽ മഹിളാലയംവരെയും. ഇത് 6.5 കിലോമീറ്റർ വരും. ഈ ഭാഗത്ത് ഭൂമി ഏറ്റെടുക്കുന്നതിന് 619.15 കോടിയും റോഡ് നിർമാണത്തിന് 102.88 കോടി രൂപയും കിഫ്ബിയിൽനിന്ന് അനുവദിച്ച് പ്രവർത്തനം മുന്നേറുകയാണ്.


തുടർന്നുള്ള മഹിളാലയംമുതൽ വിമാനത്താവളംവരെയുള്ള 4.5 കിലോമീറ്ററാണ്. ഇതിൽ ചൊവ്വരവരെയുള്ള ഭാഗത്ത് രണ്ടു പാലവും റോഡും പൂർത്തിയായി. തുടർന്നുള്ള ഭാഗം പൂർത്തിയാക്കാൻ 210 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചു. ഇതോടെ സീപോർട്ട്–എയർപോർട്ട് റോഡ് യാഥാർഥ്യത്തിലേക്ക് കൂടുതൽ അടുക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home