ad
Deshabhimani

മിന്നലായ്‌ കോതമംഗലം, മാർ ബേസിൽ

school sports meet
വെബ് ഡെസ്ക്

Published on Oct 13, 2025, 03:06 AM | 2 min read

കൊച്ചി

കിരീടത്തിലേക്ക്‌ മിന്നൽക്കുതിപ്പുമായി കോതമംഗലവും മാർ ബേസിലും. 169 പോയിന്റോടെയാണ്‌ ഉപജില്ലകളിൽ കോതമംഗലം കിരീടത്തിലേക്ക്‌ പറക്കുന്നത്‌. 24 സ്വർണവും 14 വെള്ളിയും ആറ്‌ വെങ്കലവുമാണ്‌ കോതമംഗലം താരങ്ങൾ ഇതിനകം നേടിയത്‌.

102 പോയിന്റുള്ള അങ്കമാലിയാണ്‌ രണ്ടാമത്‌. 11 സ്വർണവും ആറ്‌ വെള്ളിയും ഒന്പത്‌ വെങ്കലവുമുണ്ട്‌. 44 പോയിന്റുമായി വൈപ്പിൻ മൂന്നാംസ്ഥാനത്താണ്‌. മൂന്ന്‌ സ്വർണവും ആറ്‌ വെള്ളിയും നാല്‌ വെങ്കലവുമാണ്‌ വൈപ്പിനുള്ളത്‌.



സ്‌കൂളിൽ കോതമംഗലം മാർ ബേസിലിന്റെ ആധിപത്യം തുടരുകയാണ്‌. 125 പോയിന്റുമായി ബഹുദൂരം മുന്നിലാണ്‌ മാർ ബേസിൽ. സ്വർണം 18, വെള്ളി 10, വെങ്കലം അഞ്ച്‌ എന്നിങ്ങനെയാണ്‌ മെഡൽനില. 39 പോയിന്റുള്ള സെന്റ്‌ സ്‌റ്റീഫൻസ്‌ കീരന്പാറയാണ്‌ രണ്ടാംസ്ഥാനത്ത്‌. ആറ്‌ സ്വർണവും മ‍ൂന്ന്‌ വെള്ളിയുമാണ്‌ സെന്റ്‌ സ്‌റ്റീഫൻസിന്‌. മൂക്കന്നൂർ എസ്‌എച്ച്‌ഒഎച്ച്‌എസാണ്‌ മൂന്നാമത്‌, 27 പോയിന്റ്‌. രണ്ട്‌ സ്വർണവും നാല്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമാണ്‌ നേടിയത്‌. മേളയുടെ രണ്ടാംദിനത്തിലെ താരങ്ങളായത്‌ അദബിയ ഫർഹാനും ഡാനിൽ ഷാജിയുമാണ്‌. ഹാട്രിക്‌ സ്വർണനേട്ടവുമായാണ്‌ രണ്ടാംദിനം ഇരുവരും സ്വന്തമാക്കിയത്‌.



ജൂനിയർ ആൺകുട്ടികളുടെ 4 X 100 മീറ്റർ റിലേയിൽ അങ്കമാലി ഒന്നാമതായി. മത്സരം അവസാനിച്ചപ്പോൾ റെക്കോഡ്‌ സമയത്തോടെ അങ്കമാലി ഒന്നാമതെത്തിയെന്നായിരുന്നു ഫലപ്രഖ്യാപനം. എന്നാൽ, റെക്കോഡില്ലെന്ന്‌ പിന്നീടുള്ള പരിശോധനയിൽ വ്യക്തമായി. മഹാരാജാസ്‌ കോളേജ്‌ ഗ്ര‍ൗ‍ണ്ടിലെ മത്സരങ്ങൾ തിങ്കളാഴ്‌ച അവസാനിക്കും. ചൊവ്വയും ബുധനും കോതമംഗലം എംഎ കോളേജ്‌ ഗ്ര‍ൗണ്ടിലാണ്‌ മത്സരം. പോൾവാട്ട്‌, ത്രോ ഇനങ്ങളാണ്‌ ഇവിടെ നടക്കുക.


അദബിയക്കും 
ഡാനിയലിനും ഹാട്രിക്‌


കൊച്ചി

ജില്ലാസ്‌കൂൾ കായികമേളയിൽ ഹാട്രിക്‌ നേട്ടവുമായി അദബിയ ഫർഹാനും ഡാനിയൽ ഷാജിയും. ജൂനിയർ പെൺകുട്ടികളുടേതിൽ 100, ലോങ്‌ജന്പ്‌ ഇനങ്ങളിൽ പൊന്നണിഞ്ഞ അബദിയ ഞായർ നടന്ന ട്രിപ്പിൾ ജന്പിലും ജേത്രിയായി. 11.8 മീറ്ററാണ്‌ കീരന്പാറ സെന്റ്‌ സ്‌റ്റീഫൻസ്‌ എച്ച്‌എസ്‌എസിന്റെ താരം താണ്ടിയത്‌. എം എ ജോർജാണ്‌ പരിശീലകൻ.


കോതമംഗലം മാർ ബേസിൽ താരമായ ഡാനിയൽ ഷാജി ജൂനിയർ 800 മീറ്ററിലാണ്‌ സ്വർണം നേടിയാണ്‌ പ്രകടനം ആരംഭിച്ചത്‌. ഞായറാഴ്ച 400 മീറ്റർ, 1500 മീറ്റർ എന്നീ ഇനങ്ങളിലും ഒന്നാമനായി. ഡാനിയലിന്റെ സ്‌പൈക്ക്‌ ധരിച്ച്‌ ഓടിയ മാർ ബേസിലിന്റെ ബേസിൽ ബെന്നിയാണ്‌ 1500 മീറ്റർ സീനിയർ വിഭാഗം ചാന്പ്യനായത്‌. 800 മീറ്ററിലും കൂട്ടുകാരന്റെ സ്‌പൈക്ക്‌ ധരിച്ചായിരുന്നു ബേസിലിന്റെ ഓട്ടം. ഷിബി മാത്യുവാണ് ഇരുവരുടെയും പരിശീലക.


ചോര കിനിയും സ്വർണം


കൊച്ചി

അവസാന ഹർഡിൽ മറികടക്കുന്നതിനിടെ അതിൽത്തട്ടി ആഗ്നിത വീണു. വേദനയിൽ ആദ്യം ഒന്നുപതറി. എങ്കിലും തൊട്ടടുത്തനിമിഷംതന്നെ എഴുന്നേറ്റ്‌ കുതിച്ചു. ആഗ്നിതയുടെ ആ നിശ്ചയദാർഢ്യത്തിനും മികവിനും മത്സരം അവസാനിച്ചപ്പോൾ സ്വർണത്തിളക്കം.



100 മീറ്റർ ഹർഡിൽസിലാണ്‌ സെന്റ്‌ സ്‌റ്റീഫൻസ്‌ കീരന്പാറ സ്‌കൂളിലെ ആഗ്നിത മത്സരിച്ചത്‌. സബ് ജില്ലാമത്സരത്തിനിടെയുണ്ടായ പരിക്ക്‌ അലട്ടിയിരുന്നെങ്കിലും മെഡൽ ലക്ഷ്യമിട്ട്‌ ഇറങ്ങി. മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ ആധിപത്യം നേടി. എന്നാൽ, അവസാനമായപ്പോൾ ഹർഡിലിൽ കാൽതട്ടി വീണു. ഇതോടെ സഹമത്സരാർഥികൾ ഒപ്പമെത്തി. ഒടുവിൽ സർവശക്തിയുമെടുത്ത്‌ കുതിച്ചു. 20.1 സെക്കൻഡിലാണ്‌ പൊന്നണിഞ്ഞത്‌.


മത്സരം അവസാനിച്ചപ്പോൾ മുട്ടുപൊട്ടി ചോര ഒലിക്കുന്ന നിലയിലായിരുന്നു. കാൽപ്പാദത്തിന്‌ നേരത്തേയുണ്ടായ പരിക്ക്‌ കൂടുതൽ വഷളായി. തിങ്കളാഴ്‌ച 400 മീറ്റർ ഹർഡിൽസ്‌ മത്സരമുണ്ട്‌. എന്നാൽ, ആരോഗ്യാവസ്ഥ അനുസരിച്ചാകും മത്സരത്തിനിറങ്ങുക. ഷിഫ്‌ലേവ്‌–രാജി ദന്പതികളുടെ മകളാണ്‌. രാജി കബഡി താരമായിരുന്നു. ദേശീയടീമിൽ ഉൾപ്പെടെ കളിച്ചിട്ടുണ്ട്‌. എഎസ്‌ഐ ആണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home