Deshabhimani

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം കടുക്കുന്നു; 500 സ്കൂളുകൾ അടച്ചിടും

France Students Protest

Image Credit : REUTERS

വെബ് ഡെസ്ക്

Published on Oct 05, 2026, 01:07 PM | 2 min read

പാരിസ് : ഫ്രാൻസിൽ വിദ്യാഭ്യാസ മേഖലയിലെ തകർച്ചക്കെതിരെ ജെൻ ആൽഫ വിദ്യാർഥികൾ നടത്തുന്ന അവകാശപ്പോരാട്ടം കടുക്കുന്നു. പ്രക്ഷോഭത്തെ പൊലീസിനെ ഉപയോ​ഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള സ്കൂളുകൾ ഉപരോധിച്ചാണ് വിദ്യാർഥികൾ സമരം തുടരുന്നത്. പ്രതിഷേധം ശക്തമായതോടെ രാജ്യത്തെ 500 സ്കൂളുകൾ അടച്ചിടുന്നതായി വിദ്യാഭ്യാസ മന്ത്രി എഡ്വേർഡ് ജഫ്രി അറിയിച്ചു.


അധ്യാപകരില്ലാത്തതും, ക്ലാസ് മുറികളിലെ സൗകര്യക്കുറവും, കുട്ടികളുടെ എണ്ണത്തിലെ വർധനയും, തകർന്ന കെട്ടിടങ്ങളും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. കഴിഞ്ഞയാഴ്ച പാരീസിൽ തുടങ്ങിയ പ്രക്ഷോഭം മോണ്ട്പെല്ലിയർ, നാന്റസ്, മാഴ്സെ തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും അതിവേഗം പടരുകയായിരുന്നു. വെള്ളിയാഴ്ച മാത്രം 735 സ്കൂളുകൾ പ്രതിഷേധത്തിൽ തകർന്നതായാണ് റിപ്പോർട്ട്.


ഭരണകൂട അതിഭീകരമായാണ് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിരപരാധികളെ അറസ്റ്റ് ചെയ്തും വിദ്യാർഥികളെ തെരുവിലിട്ട് തല്ലിച്ചതച്ചുമാണ് പൊലീസ് സമരത്തെ അടിച്ചമർത്തുന്നത്. വെള്ളിയാഴ്ച മാത്രം 1,747 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രക്ഷോഭം തുടങ്ങിയതിന് ശേഷം 5,000ലധികം പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തത്. ഇതിൽ 85 ശതമാനവും പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നതാണ് വസ്തുത.


വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാത്ത സർക്കാരിനെതിരെ വിദ്യാർഥികൾ തുടങ്ങിവച്ച പ്രക്ഷോഭത്തെ തീവ്ര ഇടതുപക്ഷവാദികളുടെ ഗൂഢാലോചനയാക്കി മാറ്റുകയാണ് ഫ്രഞ്ച് സർക്കാർ ചെയ്യുന്നത്. തീവ്ര-ഇടതുപക്ഷ പ്രവർത്തകർ പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറിയെന്നും ഇവരാണ് അക്രമത്തിന് പിന്നിലെന്നുമാണ് സർക്കാർ ആരോപണം. പ്രക്ഷോഭം തുടങ്ങിയതിന് ശേഷം 24 സ്കൂളുകൾക്ക് നേരെ ആക്രമണം ഉണ്ടായെന്നും 78 പേർക്ക് പരിക്കേറ്റതായുമാണ് വിവരം.


ഫ്രാൻസിൽ സര്‍ക്കാര്‍ 54 ബില്യൺ യൂറോയുടെ ചെലവുചുരുക്കൽ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അധ്യാപകരെയും അഗ്നിരക്ഷാ സേനാ ജീവനക്കാരെയും വെട്ടിക്കുറക്കാൻ പദ്ധതിയിട്ടതോടെ വിദ്യാർഥികൾക്കിടയിൽ വലിയ അമര്‍ഷവും പിന്നാലെ പ്രതിഷേധങ്ങളും ഉയര്‍ന്നു. നിലവിൽ ഒരു ക്ലാസിൽ 32 മുതൽ 35 വരെ കുട്ടികളുണ്ട്. അധ്യാപകരുടെ കുറവുമുണ്ട്. സ്കൂളുകളിൽ കഫറ്റീരിയകൾ ഇല്ല. ചൂടുകാലത്ത് എ സിയും തണുപ്പ് കാലത്ത് ഹീറ്ററുകളും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികൾ ഉണ്ടാവുന്നില്ല, ശൗചാലയങ്ങളിൽ മതിയാ സൗകര്യമില്ല എന്നിങ്ങനെ നിരവധി പരാതികളാണ് സർക്കാരിനെതിരെ വിദ്യാർഥികൾ ഉന്നയിക്കുന്നത്. ഇതൊക്കെ സർക്കാർ അവഗണിച്ചതോടെയാണ് വിദ്യാർഥികൾക്കിടയിൽ അമര്‍ഷം തുടങ്ങിയത്. ഇതോടെ രാജ്യം മുഴുവൻ ജെൻ ആൽഫ വിദ്യാർഥികളുടെ പ്രതിഷേധം പടര്‍ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home