കൂട്ടുകാരുടെ കാറുകൾ വാങ്ങി പണയംവച്ചയാൾ കുടുംബസമേതം മുങ്ങി

കൂത്താട്ടുകുളം
സുഹൃത്തുക്കളിൽനിന്ന് വാഹനങ്ങൾ കൈക്കലാക്കി പണയംവച്ചയാൾ കുടുംബസമേതം മുങ്ങിയതായി പരാതി. തിരുമാറാടി ഒലിയപ്പുറത്ത് താമസിക്കുന്ന കിടങ്ങൂർ വെങ്ങപ്പള്ളിൽ സജൻ സാബുവിനെതിരെ ഒരേസ്വഭാവത്തിലുള്ള ആറ് പരാതികളാണ് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.
സഹപാഠികളുടെയും മറ്റു പരിചയക്കാരുടെയും വാഹനങ്ങൾ പല ആവശ്യങ്ങൾ പറഞ്ഞ് ഉപയോഗിക്കുന്നതിനായി വാങ്ങും. പിന്നീട് ഉടമകൾ സജനെ സമീപിച്ചെങ്കിലും തിരികെ ലഭിച്ചില്ല. പരാതിക്കാർ വാട്‌സാപ് കൂട്ടായ്മ ആരംഭിച്ചതോടെ ലഭിച്ച വിവരം അനുസരിച്ച് 35 ലേറെ വാഹനങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. ഇവ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്. ചില വാഹനങ്ങൾ പൊലീസ് കണ്ടെത്തി. വ്യാജരേഖകളും ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും ഉപയോഗിച്ചാണ് വാഹനങ്ങൾ പണയംവച്ചത്. പാലക്കുഴ സ്വദേശിയുടെ ആധാർ കാർഡ് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ സജന്റെ വ്യാജ ആധാർ കാർഡും പൊലീസിന് ലഭിച്ചു.
വർഷങ്ങളായി സജൻ ഒലിയപ്പുറത്ത് ഭാര്യാവീട്ടിലാണ് കഴിഞ്ഞത്. സജനെയും ഭാര്യ അഞ്ജനെയും കുട്ടികളെയും കാണാനില്ലെന്ന് അഞ്‌ജനയുടെ മാതാപിതാക്കളും കൂത്താട്ടുകുളം സ്റ്റേഷനിൽ പരാതി നൽകി. ഇൗ പരാതിയിലും വാഹന ഉടമകളുടെ പരാതിയിലും അന്വേഷണം തുടങ്ങി.
സുഹൃത്തുക്കളിൽനിന്ന് വാഹനങ്ങൾ എടുക്കുന്നതിനായി സജനും അഞ്‌ജനയും ഒരുമിച്ചാണ് എത്തിയിരുന്നത്. സൗഹൃദസംഭാഷണത്തിനുശേഷം വാഹനങ്ങൾ കൊണ്ടുപോയിരുന്നതിനാൽ മറ്റു സംശയങ്ങൾ ഉണ്ടായില്ലെന്ന് ഉടമകൾ പറഞ്ഞു. ജില്ലയ്ക്ക് പുറത്തും തട്ടിപ്പ് നടന്നതായും പറയുന്നു. മൂന്ന് വാഹനങ്ങൾ മറ്റു സ്റ്റേഷൻ പരിധികളിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സജൻ തട്ടിയെടുത്ത വാഹനത്തിൽ ഒരെണ്ണം കുറവിലങ്ങാട് സ്വദേശിക്ക് മറിച്ചുവിറ്റു. ഈ വാഹനം പിന്നീട് കേടുവന്നപ്പോൾ നന്നാക്കി നൽകാമെന്നുപറഞ്ഞ് സജന് പരിചയമുള്ള വർക്‌ഷോപ്പിൽ ഏൽപ്പിച്ചു. ഉടമ മടങ്ങിയശേഷം സജൻ ഈ വാഹനം വർക്‌ഷോപ്പിൽനിന്ന് എടുത്തുകൊണ്ടുപോയി പണയംവച്ചു. കുറവിലങ്ങാട് സ്വദേശിയും കൂത്താട്ടുകുളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ചില വാഹനങ്ങൾ സംസ്ഥാനത്തിനു പുറത്ത് വാഹനം പൊളിച്ചുവിൽക്കുന്നവർക്ക് കൈമാറിയെന്നും വിവരമുണ്ട്.
40,000 മുതൽ രണ്ടുലക്ഷം രൂപവരെ കാറുകൾ പണയംവച്ച് സജൻ കൈപ്പറ്റിയതായാണ് ഉടമകൾ പറയുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. സജനും കുടുംബവും കർണാടകത്തിലേക്ക് കടന്നതായാണ് വിവരം.










0 comments