ചിരി നിലയ്‌ക്കില്ല, ഇനി ഓർമകളുടെ വെള്ളിത്തിരയിൽ

മണവാളനും സ്രാങ്കും ഡാൻസ് മാസ്‌റ്റർ വിക്രമുമൊക്കെയായി നമ്മെ ചിരിപ്പിച്ച സലിംകുമാർ ഇനി ഓർമകളുടെ വെള്ളിത്തിരയിൽ.
കൊച്ചി
മണവാളനും സ്രാങ്കും ഡാൻസ് മാസ്‌റ്റർ വിക്രമുമൊക്കെയായി നമ്മെ ചിരിപ്പിച്ച സലിംകുമാർ ഇനി ഓർമകളുടെ വെള്ളിത്തിരയിൽ. മാലിന്യത്തിന്റെ മണമടിച്ചപ്പോൾ ‘കൊച്ചിയെത്തി’യെന്ന് പറഞ്ഞ മണവാളനും ‘ഇതൊക്കെയെന്ത്’ എന്ന് പറയുന്ന സ്രാങ്കും ഏകമുദ്രയും ദ്വിമുദ്രയും കാണിച്ച് നാടൻ മൈക്കിൾ ജാക്‌സണായി ചിരിയുടെ നടനമാടിയ ഡാൻസ് മാസ്‌റ്റർ വിക്രമുമെല്ലാം മലയാളികൾ എല്ലാദിവസവും ഓർത്തുചിരിക്കുന്ന കഥാപാത്രങ്ങളാണ്. ഏറെ ചിരിപ്പിച്ച നടൻ വേദന നൽകി കടന്നുപോകുന്പോഴും അദ്ദേഹം ജീവൻനൽകിയ ഹാസ്യകഥാപാത്രങ്ങൾ നമ്മെ തുടർന്നും ചിരിപ്പിക്കും.
മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയനടൻ വിടവാങ്ങുമ്പോൾ, മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് പകരംവയ്‌ക്കാനില്ലാത്ത പ്രതിഭയെയാണ്. ഹാസ്യത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് സ്വഭാവവേഷങ്ങളിലും ദേശീയ പുരസ്കാര നേട്ടത്തിലുമടക്കം തിളങ്ങിയ ജീവിതയാത്രയായിരുന്നു അദ്ദേഹത്തിന്റേത്.
മിമിക്രി വേദികളിൽനിന്ന് തുടങ്ങി മലയാള സിനിമയുടെ മുൻനിരയിലേക്ക് വളർന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിലെത്തിയ നടനവിസ്മയമായിരുന്നു സലിംകുമാർ. ഹാസ്യനടൻ എന്ന ലേബലിൽമാത്രം ഒതുങ്ങാതെ, തനിക്ക് ലഭിച്ച വേഷങ്ങളിലെല്ലാം സ്വന്തം കൈയൊപ്പ് ചാർത്തിയ അസാമാന്യ പ്രതിഭയുടെ വിയോഗത്തിൽ മലയാള ചലച്ചിത്രലോകം ഒന്നടങ്കം വിതുന്പുകയായിരുന്നു.
പറഞ്ഞ ഓരോ ഡയലോഗും സമൂഹമാധ്യമങ്ങളിലെ ട്രോളുകളായും നിത്യജീവിതത്തിലെ തമാശകളായും മാറ്റിയ സലിംകുമാർ ഇനിയില്ലെന്ന വാർത്ത ഓരോ മലയാളിക്കും സ്വന്തം കുടുംബാംഗത്തെ നഷ്ടപ്പെട്ടതുപോലെയുള്ള വേദനയാണ് സമ്മാനിക്കുന്നത്.
അന്ത്യോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍
കൊച്ചി
ചരിത്രമുറങ്ങുന്ന പറവൂരിന്റെ മണ്ണില്‍ സലിംകുമാറിന് വിടയേകാനെത്തിയത് ആയിരങ്ങള്‍. സിനിമ, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ നിരവധിപേരാണ് പ്രിയതാരത്തെ കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും എത്തിയത്.
മുഖ്യമന്ത്രി വി ഡി സതീശൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി സി വിഷ്‌ണുനാഥ്, റോജി എം ജോൺ, വി ഇ അബ്ദുൽ ഗഫൂർ, ഒ ജെ ജനീഷ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംപിമാരായ ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹ്‌നാൻ, എംഎൽഎമാരായ രമേഷ് പിഷാരടി, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടി ജെ വിനോദ്, ഉമ തോമസ്, കലക്ടർ ജി പ്രിയങ്ക, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വി എം സുധീരൻ, കെ എ അലി അക്ബർ, പി സി ചാക്കോ, കെ വി തോമസ് എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് എന്നിവർക്കുവേണ്ടി പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിനും എറണാകുളം ജില്ലാ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണനും പുഷ്പചക്രം അർപ്പിച്ചു.
സിനിമാരംഗത്തുനിന്ന് ജയറാം, നാദിർഷ, ഇടവേള ബാബു, ബാബുരാജ്, ടിനിടോം, അബുസലീം, ജയസൂര്യ, ശ്വേതമേനോൻ, കുക്കു പരമേശ്വരന്‍, മുക്ത, നവ്യനായർ, ജോജു ജോർജ്, ഹരിശ്രീ അശോകൻ, സാജൻ പള്ളുരുത്തി, കോട്ടയം നസീർ, കമൽ, ജയൻ ചേർത്തല, ശിവദ, വിനീത്, സിദ്ദിഖ്, ബെന്നി പി നായരമ്പലം, നന്ദു പൊതുവാൾ, ഗായത്രി സുരേഷ്, പൊന്നമ്മ ബാബു, ബിബിൻ ജോർജ്, സൗബിൻ ഷാഹിർ, കുഞ്ചൻ, അന്ന ബെൻ, പൗളി വത്സൻ, പ്രേം പ്രകാശ്, സുധീർ പറവൂർ, നാരായണൻകുട്ടി, സുനിൽ സുഖദ, അപർണ ബാലമുരളി, മാലാ പാർവതി, കെ എസ് പ്രസാദ്, മണികണ്ഠൻ ആചാരി, ഷാജി കൈലാസ്, പ്രിയനന്ദനൻ, ജയരാജ്, വിനയൻ, മേജർ രവി, ജോണി ആന്റണി, സോഹൻ സീനുലാൽ, പട്ടണം റഷീദ്, ആലപ്പി അഷറഫ്, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂർ, രഞ്ജി പണിക്കർ, ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, ഡോ. സുനിൽ പി ഇളയിടം, എൻ എം പിയേഴ്സൺ, ജോഷി മാത്യു. ശ്രീമൂലം മോഹൻ, ഐ എം വിജയൻ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളിക്കുവേണ്ടി ദേശീയസമിതി അംഗം വി വി സന്തോഷ് ലാൽ പുഷ്പചക്രം അർപ്പിച്ചു.










0 comments