ശബരി റെയിൽപ്പാത
കാട് തെളിയും കൂകിപ്പായും

കാടുമൂടിയ കാലടി റെയിൽവേ സ്‌റ്റേഷൻ
കെ ഡി ജോസഫ്
Published on Jun 05, 2025, 02:03 AM | 2 min read
കാലടി
കാൽനൂറ്റാണ്ടായി കാടുമൂടി ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള ശബരി റെയിൽപ്പാതയ്‌ക്ക് പുനർജനി. ഇച്ഛാശക്തിയുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് ശബരിപാതയ്‌ക്ക് വീണ്ടും ജീവൻവയ്ക്കുന്നത്. പാത വരുന്ന മേഖലയിലുള്ളവരുടെ അവസാനത്തെ പ്രതീക്ഷയും അസ്‌തമിച്ചു എന്ന വിലയിരുത്തലുകൾ നടക്കുമ്പോഴാണ് സകലെരെയും ഞെട്ടിച്ച വാർത്ത എത്തുന്നത്.
വിസ്മൃതിയിലായിക്കൊണ്ടിരുന്ന ഒരു മഹാസംരംഭത്തിന് കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടുമാത്രമാണ് പച്ചക്കൊടി ഉയരുന്നത്. ശബരി പാതയിലൂടെ ട്രെയിൻ കൂകിപ്പായുന്ന ദിനത്തിനായി പ്രദേശവാസികൾ കണ്ണുംനട്ട് കാത്തിരിക്കുകയാണ്. 1997ൽ വിഭാവനം ചെയ്‌ത് പാതിവഴിയിൽ നിശ്‌ചലമായ പാതയാണ് സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിൽ ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്.
അങ്കമാലി, കാലടി,പെരുമ്പാവൂർ,മൂവാറ്റുപുഴ,രാമപുരം, ഭരണങ്ങാനം,കാഞ്ഞിരപ്പിള്ളിവഴി എരുമേലിയിൽ എത്തുന്നവിധം 111 കിലോമീറ്ററാണ് പാത. അങ്കമാലിമുതൽ കാലടിവരെ ഏഴുകിലോമീറ്റർ ട്രാക്കും കാലടിയിൽ റെയിൽവേ സ്‌റ്റേഷനും പെരിയാറിന് കുറുകെ ഒരുപാലവും മാത്രം നിർമിച്ച്, പിന്നീട് മാറിമാറി വരുന്ന കേന്ദ്രസർക്കാരുകൾ പാതയെ അവഗണിക്കുകയായിരുന്നു. 14 പട്ടണത്തിൽ റെയിൽവേ സ്റ്റേഷനുകളുള്ള പാത, സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഗുണംചെയ്യും.

നടക്കില്ലെന്ന് കരുതിയത് യാഥാർഥ്യമാകുന്നു
നിർമാണം ആരംഭിച്ച് 25 വർഷം പിന്നിട്ട് കാടുമൂടിക്കിടന്ന ശബരി റെയിൽപ്പാതയിൽ ചൂളംവിളി ഉയരുമെന്ന് പറഞ്ഞപ്പോൾ മറ്റൂർ ചൊവ്വരാൻ വീട്ടിൽ സിൽവി വർഗീസിന് ആശ്ചര്യം. എന്തിനും ഏതിനും കേരളത്തെ തള്ളുന്ന കേന്ദ്രസർക്കാർ ഈ പദ്ധതി ഒരിക്കലും നടപ്പാക്കില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഇടപെടലോടെ ശബരിപാത യാഥാർഥ്യമാകുമെന്ന് അറിയിച്ചപ്പോൾ സിൽവിക്ക് ആശ്ചര്യത്തിനൊപ്പം ആനന്ദവും. ജനങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന പദ്ധതിയെ യുപിഎ സർക്കാരിന്റെ കാലത്തും തുടർന്ന് മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴും ഇല്ലാതാക്കുകയാണ് ചെയ്‌ത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കേന്ദ്ര റെയിൽവേമന്ത്രിയുമായി നടത്തിയ ചർച്ച വിജയകരമായി എന്നതിൽ സന്തോഷം. തുടർന്നും സംസ്ഥാനസർക്കാർ ഇടപെടലുകൾ ഉണ്ടാകുമെന്നും ശബരി പാതയിൽ ട്രെയിൻ ഓടുമെന്നും ഉറപ്പുണ്ടെന്നും സിൽവി വർഗീസ് പറഞ്ഞു.
ആശ്വാസം ഈ തീരുമാനം
ശബരിപാത യാഥാർഥ്യമാക്കാൻ ശക്തമായ ഇടപെടൽ നടത്തിയ സംസ്ഥാന സർക്കാരിന് നന്ദിപറയുകയാണ് ഒക്കൽ മണക്കാട്ടുവീട്ടിൽ വിശ്വനാഥൻനായർ (74). പദ്ധതി തുടങ്ങിയകാലംമുതൽ ദുരിതം അനുഭവിക്കുകയാണ്. 15 സെന്റ് സ്ഥലവും 1000 ചതുരശ്രയടിയുള്ള വീടുമാണ് സമ്പത്ത്. ഇതിൽ പദ്ധതിക്കുവേണ്ടി പതിനൊന്നര സെന്റും വിട്ടുകൊടുക്കണം.
കേന്ദ്രസർക്കാർ അവഗണിച്ചതോടെ 27 വർഷമായി സ്ഥലത്ത് ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. വിശ്വനാഥനും ഭാര്യ തങ്കമണിയും മകൾ ശാരികയുമടങ്ങുന്ന കുടുംബം സ്വന്തം മണ്ണിൽ അന്യരായി കഴിയുകയായിരുന്നു. തൊട്ടടുത്ത് സഹോദരൻ താമസിക്കുന്ന തറവാട് സ്ഥലവും പദ്ധതിയ്ക്കുവേണ്ടി നഷ്ടമാകും. കാലം ഏറെ വൈകിയെങ്കിലും എൽഡിഎഫ് സർക്കാർ പദ്ധതി കൊണ്ടുവരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. അതിപ്പോൾ നടപ്പാകുന്നതിൽ സന്തോഷം.








0 comments