കോർപറേഷനിൽ എൽഡിഎഫ്‌ മികച്ച വിജയം നേടും

ശുചിത്വത്തിൽ കൊച്ചിയെ ഒന്നാമതാക്കും : എസ് സതീഷ്

s satheesh press meet
വെബ് ഡെസ്ക്

Published on Nov 13, 2025, 03:01 AM | 2 min read


കൊച്ചി

എൽഡിഎഫ്‌ വീണ്ടും അധികാരത്തിലെത്തിയാൽ കൊച്ചിയെ രാജ്യത്തെ ഒന്നാംനന്പർ ശുചിത്വനഗരമാക്കിമാറ്റുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌. ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങളെല്ലാം പാലിച്ചതിന്റെ അഭിമാനത്തോടും ആത്മവിശ്വാസത്തോടുംകൂടിയാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോർപറേഷനിലെ എൽഡിഎഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ldf
കൊച്ചി കോർപറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സംസാരിക്കുന്നു. കേരള കോൺഗ്രസ്‌ എം 
ജില്ലാ പ്രസിഡന്റ്‌ ടോമി ജോസഫ്‌, എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി, മേയർ എം അനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, 
ജനതാദൾ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്‌, എൻസിപി സംസ്ഥാന ട്രഷറർ പി ജെ കുഞ്ഞുമോൻ എന്നിവർ സമീപം



കൊച്ചിയിലെ മാലിന്യപ്രശ്‌നത്തിന്‌ മാതൃകാപരമായ പരിഹാരമാണ്‌ അഞ്ചുവർഷത്തെ എൽഡിഎഫ്‌ ഭരണത്തിലൂടെ ഉണ്ടായത്‌. അതുവഴി രാജ്യത്തെ ശുചിത്വസൂചികയിൽ കൊച്ചിയെ 50–ാം സ്ഥാനത്തേക്ക്‌ എത്തിക്കാനായി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കൊച്ചിയെ രാജ്യത്തെ ഒന്നാംനന്പർ ശുചിത്വനഗരമാക്കാനുള്ള പദ്ധതികളാണ്‌ ആവിഷ്‌കരിച്ചിട്ടുള്ളത്‌.


മാലിന്യപ്രശ്‌നത്തിൽ ഉൾപ്പെടെ പ്രകടനപത്രികയിൽ നൽകിയ വാഗ്‌ദാനങ്ങളെല്ലാം എൽഡിഎഫ്‌ ഉത്തരവാദിത്വപൂർവം നടപ്പാക്കി. കൊച്ചി നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭാവനാപൂർണമായ വികസന പ്രവർത്തനങ്ങളാണ്‌ പൂർത്തിയാക്കിയത്‌. രാഷ്‌ട്രീയഭേദമില്ലാതെ എല്ലായിടത്തും അതിന്റെ ഗുണഫലമെത്തി.


ldf
കൊച്ചി കോർപറേഷൻ എൽഡിഎഫ് സ്ഥാനാർഥികൾ സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിനുശേഷം


വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നില്ല എൽഡിഎഫ്‌ ഭരണമേറ്റെടുത്തത്‌. എന്നാൽ, യുഡിഎഫ്‌ കാലത്തേതുപോലെ അധികാരത്തർക്കമോ തമ്മിലടിയോ അഞ്ചുവർഷത്തിനിടെ ഉണ്ടായില്ല. പേരിനുപോലും ഒരു അഴിമതി ഉന്നയിക്കാൻ പ്രതിപക്ഷത്തിന്‌ അവസരം ലഭിച്ചില്ല. യുഡിഎഫ്‌ ഭരണത്തിൽ കോടികൾ പൊടിച്ചിട്ടും യാഥാർഥ്യമാകാതെപോയ ഇ–ഗവേണൻസ്‌ എൽഡിഎഫ്‌ ക‍ൗൺസിൽ നടപ്പാക്കി. തുരുത്തി, മുണ്ടംവേലി പുനരധിവാസ പദ്ധതികൾ രാജ്യത്തിനുതന്നെ അഭിമാനമായി. ഏറ്റെടുത്ത ചുമതല ഏറ്റവും നന്നായി നിർവഹിച്ചതിന്റെ അഭിമാനവും ആത്മവിശ്വാസവുമുണ്ട്‌. ചെയ്‌ത കാര്യങ്ങളും ഭാവിയിൽ ചെയ്യാൻ പോകുന്നതും ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചാണ്‌ വോട്ട്‌ തേടുക. സമൂഹത്തിന്റെ വ്യത്യസ്‌ത മേഖലകളിൽനിന്നുള്ള കഴിവുറ്റ സ്ഥാനാർഥികളെയാണ്‌ എൽഡിഎഫ്‌ അണിനിരത്തുന്നത്‌. മികച്ച വിജയം നേടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി എൽഡിഎഫ്‌ സുസജ്ജമായിക്കഴിഞ്ഞെന്നും എസ്‌ സതീഷ്‌ പറഞ്ഞു.


മേയർ എം അനിൽകുമാർ, എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി, സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, ജനതാദൾ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്‌, എൻസിപി സംസ്ഥാന ട്രഷറർ പി ജെ കുഞ്ഞുമോൻ, കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ടോമി ജോസഫ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.​



deshabhimani section

Related News

View More
0 comments
Sort by

Home