അപവാദം പ്രചരിപ്പിച്ച കോൺഗ്രസുകാർ കേരളത്തിന് അപമാനം: എസ് സതീഷ്

കൊച്ചി
പ്രതിഷേധങ്ങൾ ഉയരുമ്പോൾ ‘എനിക്കൊന്നുമറിയില്ലെ’ന്ന് പറഞ്ഞ് കൈയൊഴിയുന്ന കോൺഗ്രസ് നേതാക്കളും കേസ് കൊടുത്തപ്പോൾ പോസ്റ്റുകൾ മുക്കുന്ന പ്രവർത്തകരും കേരള രാഷ്ട്രീയത്തിന് അപമാനമാണെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പ്രസ്‌താവനയിൽ പറഞ്ഞു. വ്യാജ കഥയുണ്ടാക്കി പ്രചരിപ്പിച്ച കോൺഗ്രസിനെതിരെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽനിന്ന് വ്യാപക പ്രതിഷേധം ഉയർന്നപ്പോഴാണ് ഇവർ ഇൗ നിലപാട് സ്വീകരിച്ചത്.
കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയ്ക്കും കെ ജെ ഷൈനിനുമെതിരെ നടന്ന സമൂഹമാധ്യമ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ എന്റെ നെഞ്ചത്തോട്ട് കേറുന്നത് എന്തിനാണെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചോദിച്ചത്. സൈബർ ആക്രമണത്തിൽ കോൺഗ്രസിനോ, ഔദ്യോഗിക കോൺഗ്രസ് ഹാൻഡിലുകൾക്കോ ബന്ധമില്ലെന്നാണ് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. സ്വന്തം പ്രവർത്തകരെയും കോൺഗ്രസ് അനുകൂല പ്രൊഫൈലുകളെയും തിരിച്ചറിയാനാകാത്തവിധം കോൺഗ്രസ് നേതാക്കൻമാരുടെ സമനില തെറ്റിയോയെന്ന് സംശയമാണ്.
കോൺഗ്രസ് നേതാക്കളായ ജിന്റോ ജോൺ, ബി ആർ എം ഷഫീർ, റിജിൽ മാക്കുറ്റി എന്നിവരെയും യൂത്ത് കോൺഗ്രസ് എറണാകുളം എഫ്‌ബി പേജിനെയും തള്ളിപ്പറയാൻ തയ്യാറാണോയെന്ന് ഇവർ വ്യക്തമാക്കണം. വ്യാജപ്രചാരണം ആദ്യം കൊണ്ടുവന്ന സി കെ ഗോപാലകൃഷ്ണൻ ചെട്ടിശേരി താൻ കോൺഗ്രസ് പ്രവർത്തകനാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ഇത് തള്ളാൻ ഈ നേതാക്കന്മാർക്ക് കഴിയുമോ.
കേരളത്തിൽ ഒരു പത്രത്തിൽ മാത്രമാണ് അപവാദവാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. ആ പത്രത്തിന്റെ പറവൂരിലെ ലേഖകൻ യുഡിഎഫിന്റെ പറവൂർ മണ്ഡലം കമ്മിറ്റി കൺവീനർകൂടിയാണ്. ഇക്കാര്യം വി ഡി സതീശൻ നിഷേധിക്കുമോ. വി ഡി സതീശന്റെ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടിയപ്പോൾ നീറ്റൽ മാറ്റാൻ പുതിയ സിദ്ധാന്തവുമായി ഇറങ്ങുകയാണ്. ഇത്തരക്കാരെ അർഹിക്കുന്ന അവജ്ഞയോടെ കേരളം തള്ളും.
സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള താവളമാക്കി കോൺഗ്രസിന്റെ സൈബർ ഇടങ്ങളെ മാറ്റിയാൽ അതിനെ നേരിടുമെന്നും എസ് സതീഷ് പ്രസ്‌താവനയിൽ പറഞ്ഞു.








0 comments