ലീലാവതി ടീച്ചറുടെ സംഭാവനകൾ വിലമതിക്കാനാവാത്തത് : എസ് കെ വസന്തൻ

കൊച്ചി
ഡോ. എം ലീലാവതിയുടെ നിരൂപണസംഭാവനകൾ മലയാളസാഹിത്യത്തിന് വിലമതിക്കാനാവാത്തതാണെന്ന് മലയാള ഭാഷാചരിത്ര ഗവേഷകൻ എസ് കെ വസന്തൻ. മഹാരാജാസ് കോളേജിന്റെ 150–-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമിയുമായി ചേർന്ന് സംഘടിപ്പിച്ച ‘ഡോ. എം. ലീലാവതിയുടെ സാഹിത്യസംഭാവനകള്‍’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറുശതമാനവും അധ്യാപികയായാണ് ലീലാവതി ടീച്ചർ കൃതികളെ സമീപിക്കുന്നത്. ഫലിതത്തോടെയല്ല, വ്യക്തതയോടും കൃത്യതയോടുംകൂടിയാണ് അവർ വിമർശനം നടത്തിയത്. സാഹിത്യനിരൂപണം പുനർവായനയ്‌ക്ക് വിധേയമാകണമെന്നും നിരൂപണരംഗത്ത് പുതുവഴികൾ കണ്ടെത്തേണ്ടതുണ്ടെന്നും എസ് കെ വസന്തൻ പറഞ്ഞു.
വ്യക്തിയധിഷ്‌ഠിതമോ മറ്റേതെങ്കിലുമോ ആയ ഘടകങ്ങളല്ല, തന്റെ മുമ്പിലെത്തുന്ന കൃതികളുടെ മേന്മയ്ക്കാണ് ടീച്ചർ പ്രാമുഖ്യം നൽകിയിരുന്നതെന്ന് മുഖ്യപ്രഭാഷകനായിരുന്ന സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ പറഞ്ഞു. 98–ാം പിറന്നാളിലും ഗാസയിലെ കുട്ടികളെയോർത്ത് ദുഃഖിക്കാനാവുന്നത് അവരിലെ ലോകമാനവികതയുടെ വെളിച്ചമാണ്. എഴുത്തുകാർക്കൊപ്പംനിൽക്കുന്ന നിരൂപകയാണ് എം ലീലാവതിയെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍- ചാര്‍ജ് ജി എന്‍ പ്രകാശ് അധ്യക്ഷനായി. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍, മലയാളവിഭാഗം അധ്യക്ഷ സുമി ജോയ് ഓലിയപ്പുറം എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സെമിനാറിൽ മഹാരാജാസ് കോളേജ് ഭരണസമിതി അംഗം ഡോ. എം എസ് മുരളി മോഡറേറ്ററായി. ‘ലീലാവതി എന്ന നിരൂപക’, ‘ലീലാവതിയുടെ ആശാൻ നിരൂപണം’, ‘ലീലാവതിയും ഇന്ത്യൻ സ്ത്രീചരിത്രവും’, ‘ലീലാവതി എന്ന അധ്യാപിക’ വിഷയങ്ങളിൽ ഡോ. എൻ അജയകുമാർ, കെ വി സജയ്, സീമ ജെറോം, ഡോ. അഥീന നിരഞ്ജ് എന്നിവർ സംസാരിച്ചു.










0 comments