ad
Deshabhimani

ട്രെയിൻ യാത്രികരെ ആക്രമിച്ച്‌ പണം തട്ടുന്ന സംഘം പിടിയിൽ

train robbers
വെബ് ഡെസ്ക്

Published on Aug 12, 2025, 01:21 AM | 2 min read


കൊച്ചി

ട്രെയിൻ യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച്‌ കവർച്ച നടത്തുന്ന ആറംഗ സംഘം പിടിയിൽ. ആലുവ വാഴക്കുളം സ്വദേശി ഷെഫിൻ (18), മാറമ്പിള്ളി സ്വദേശി കെ എ ആഷിക്ക്‌ (21), അല്ലപ്ര സ്വദേശി എം സിറാജ് (26), പെരുമ്പാവൂര്‍ റയോൺസ്‌ സ്വദേശി ജോസ്‌വിൻ എൽദോ (18), മുടിക്കല്‍ സ്വദേശി മുഹമ്മദ് ഫസല്‍ (18) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ്‌ പിടിയിലായത്‌.


റെയിൽവേ സ്റ്റേഷനുസമീപം ട്രെയിനിന്റെ വേഗം കുറയുമ്പോൾ വാതിലിന് അടുത്തുനിൽക്കുന്നവരെ വടികൊണ്ട് ആക്രമിച്ചായിരുന്നു മോഷണം. ഞായർ രാത്രി മലബാർ എക്‌സ്‌പ്രസിൽ എറണാകുളത്തുനിന്ന്‌ ഷൊർണൂരിലേക്ക്‌ പോയ അമ്പലപ്പുഴ സ്വദേശിക്ക്‌ ആലുവ സ്‌റ്റേഷനുസമീപം ഇവരുടെ അടിയേറ്റ്‌ താഴെ വീണ്‌ പരിക്കേറ്റിരുന്നു. 75,000 രൂപയുടെ ഐ ഫോണും 1500 രൂ‍പയുടെ ഇയർഫോണും 700 രൂപയും അക്രമികൾ കവർന്നു. ഇദ്ദേഹത്തിന്റെ പരാതിയിലെ അന്വേഷണത്തിലാണ്‌ എറണാകുളം റെയില്‍വേ പൊലീസും ആലുവ, എറണാകുളം റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സും ചേർന്ന്‌ പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച സാധനങ്ങളും കണ്ടെത്തി. എറണാകുളം സ‍ൗത്ത്‌ ആർപിഎഫ്‌ ഇൻസ്‌പെക്ടർ ബിനോയ്‌ ആന്റണി, ആലുവ ആർപിഎഫ്‌ ഇൻസ്‌പെക്ടർ എ പി വേണു, എറണാകുളം റെയിൽവേ പൊലീസ്‌ എസ്‌എച്ച്‌ഒ നിസറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.


റീൽസ്‌ കണ്ട്‌ ആകൃഷ്‌ടരായി, പണം മയക്കുമരുന്നിന്‌

ഉത്തരേന്ത്യയിലെ ട്രെയിനുകളിൽ നടന്ന മോഷണത്തിന്റെ റീൽസുകളും വീഡിയോകളും കണ്ട്‌ ആകൃഷ്ടരായാണ്‌ ആറംഗ സംഘം കവർച്ചയ്‌ക്ക്‌ ഇറങ്ങിയതെന്ന്‌ റെയിൽവേ പൊലീസ്‌. ട്രെയിനുകളില്‍ നാട്ടിലേക്ക് മടങ്ങുന്ന ഇതരസംസ്ഥാനക്കാരെയാണ് പ്രധാനമായും ഇവർ ലക്ഷ്യംവച്ചിരുന്നത്. നാട്ടിലേക്ക് മടങ്ങുന്നവര്‍ പരാതിയുമായി പോകില്ലെന്ന വിശ്വാസത്തിലായിരുന്നു ഇവർ. മോഷണത്തിൽനിന്ന്‌ ലഭിക്കുന്ന പണം മയക്കുമരുന്ന്‌ വാങ്ങാനാണ്‌ പ്രധാനമായും ചെലവഴിച്ചിരുന്നതെന്നും റെയിൽവേ പൊലീസ്‌ പറഞ്ഞു.


നിർണായകമായത്‌ സിസിടിവി ദൃശ്യങ്ങൾ

ഞായർ രാത്രി ആലുവ ആർപിഎഫിന്‌ ലഭിച്ച പരാതിയിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ 24 മണിക്കൂറിനകം തിങ്കളാഴ്‌ച പ്രതികളെ പിടികൂടിയത്‌. ആലുവയിലും പരിസരപ്രദേശങ്ങളിൽനിന്നുമാണ്‌ പ്രതികൾ പിടിയിലായത്‌. ഇവർ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. ഇരുപതോളം ഫോണുകള്‍ പ്രതികള്‍ മോഷ്ടിച്ചതായാണ്‌ സൂചന. ഒരുവർഷമായി സംഘം മോഷണം തുടരുന്നു. സംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് ആളുകളെ ആക്രമിക്കുന്നതിലെ പ്രധാനിയെന്നും സൂചനയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home