Deshabhimani

റോഡുകൾ തകർന്നു

Roads have been destroyed.

പി പി റോഡിലെ മേപ്രത്തുപടി ഓണംകുളം ഭാഗം റോഡ് തകർന്നനിലയിൽ

വെബ് ഡെസ്ക്

Published on Oct 29, 2026, 12:55 AM | 1 min read

പെരുമ്പാവൂർ


റോഡുകൾ തകർന്ന്‌ സഞ്ചാരയോഗ്യമല്ലാതായിട്ടും ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പെരുമ്പാവൂർ– പുത്തൻകുരിശ് റോഡിലെ മേപ്രത്തുപടി ഓണംകുളം ഭാഗത്ത് റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. നിരവധി ഇരുചക്രവാഹനയാത്രക്കാർക്കാണ് കുഴിയിൽവീണ് പരിക്കേറ്റത്. റോഡരികിലെ ഡ്രൈനേജ് സംവിധാനവും തകർന്ന നിലയിലാണ്.


ബെന്നി ബെഹനാൻ എംപിയുടെ വീടിനു സമീപത്തുള്ള റോഡാണിത്. റോഡപകടം നിരന്തരമാകുന്ന സാഹചര്യം കണക്കിലെടുത്ത് റോഡ് ടാർ ചെയ്യുകയോ കട്ടവിരിക്കുകയോ ചെയ്യണമെന്നും ഡ്രൈനേജ് പുതുക്കിപ്പണിയണമെന്നുമാവശ്യപ്പെട്ട് വെങ്ങോല പഞ്ചായത്ത് അംഗം അഡ്വ. ബേസിൽ കുര്യാക്കോസ് പൊതുമരാമത്തുമന്ത്രിക്ക് പരാതി നൽകി. മുടക്കുഴ തുരുത്തി പട്ടം യുപി സ്കൂൾ റോഡിന്റെ ഒരുവശം ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്ന കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മുടക്കുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചൻ പരാതിപ്പെട്ടു.


ടോറസുകളടക്കം ഭാരവാഹനങ്ങളും നിരന്തരം കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. റോഡിന്റെ ഒരുവശം ഇടിഞ്ഞ് താഴ്ന്നിരിക്കുന്നതുകൊണ്ട് ഇരുചക്ര വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻപോലും കഴിയാത്ത സ്ഥിതിയാണുള്ളത്. കുറുപ്പുംപടിയിൽനിന്ന്‌ കോട്ടപ്പടിവഴി കോതമംഗലത്തേക്ക് പോകുന്ന തിരക്കേറിയ റോഡാണിത്. സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. ഏതുനിമിഷവും റോഡ് വശംതകർന്ന് കനാലിൽ പതിക്കുമെന്നുള്ള സ്ഥിതിയായിട്ടും ആരും തിരിഞ്ഞുനോക്കാത്തതിൽ വലിയ പ്രതിഷേധമാണുള്ളത്‌. അപകടസ്ഥിതി കണക്കിലെടുത്ത് അടിയന്തരപരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മുടക്കുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ വി ബിജു അധികാരികളോട് ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home