print edition പാലക്കാടിനും മലപ്പുറത്തിനും നാലുവീതം മെഡലുകൾ; 1500ൽ മലപ്പുറവും പാലക്കാടും

ജൂനിയർ പെൺകുട്ടികളുടെ ലോങ്ജമ്പിൽ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ എസ് കൃഷ്‌ണേന്ദു സ്വർണ്ണം നേടുന്നു /ഫോട്ടോ:ജഗത് ലാൽ
കോഴിക്കോട് : സംസ്ഥാന സ്‌കൂൾ കായികമേളയിലെ 1500 മീറ്റർ ഓട്ടത്തിൽ പാലക്കാടിനും മലപ്പുറത്തിനും നാലുവീതം മെഡലുകൾ. സീനിയർ ആൺകുട്ടികളിൽ പാലക്കാട് കുമരംപുത്തൂർ കെഎച്ച്എസിന്റെ എം അമൃത് സ്വർണം നേടി (4 മിനിറ്റ് 05.88 സെക്കൻഡ്). മലപ്പുറം കല്ലിങ്കൽപ്പറമ്പ് എംഎസ്എം എച്ച്എസ്എസിലെ പി വൈഷ്ണവ് വെള്ളിയും (4:06.82) കടകശേരി ഐഡിയലിന്റെ കെ സി അമീൻ വെങ്കലവും (4:07.05) സ്വന്തമാക്കി.
സീനിയർ പെൺകുട്ടികളിൽ പാലക്കാട് വടവന്നൂർ വിഎംഎച്ച്എസിന്റെ നിവേദ്യ കലാധറിനാണ് സ്വർണം (4:52.95). നേരത്തെ 400 മീറ്ററിലും പൊന്നണിഞ്ഞിരുന്നു. പാലക്കാട് പനങ്ങാട്ടിരി ആർപിഎം എച്ച്എസിലെ ജി അക്ഷയ വെള്ളിയും (5:00.35) എറണാകുളം വെസ്റ്റ് വെങ്ങോല ഷാലേം എച്ച്എസിലെ എ ബി മേരി സാന്ദ്ര വെങ്കലവും (5:10.75) നേടി.
ജൂനിയർ ആൺകുട്ടികളിൽ തിരുവനന്തപുരം ജിവി രാജയിലെ പി കെ ആദിത്ത് സ്വർണം (4:05.69) സ്വന്തമാക്കി. മലപ്പുറം അരീക്കോട് എസ്ഒഎച്ച്എസിലെ ആദിത്യൻ സൈനുവിന് വെള്ളിയും (4:08.57) തിരുവാലി ജിഎച്ച്എസ്എസിലെ ഇ അജിന് വെങ്കലവുമുണ്ട് (4:10.86).
ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസിലെ അൽക്ക ഷിനോജിനാണ് സ്വർണം (4:51.08). പാലക്കാട് പുതുപ്പരിയാരം സിബികെഎം ജിഎച്ച്എസ്എസിലെ ആർ ലയനകൃഷ്ണ വെള്ളിയും (4:57.65) വയനാട് ആനപ്പാറ ജിഎച്ച്എസ്എസിലെ ഫാത്തിമ റാഹില വെങ്കലവും (4:58.01) നേടി.







0 comments