സാവകാശം അനുവദിച്ചില്ല
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം സിപിഐ എം തടഞ്ഞു

കുണ്ടറ
പള്ളിമുക്ക് ഗുരുമന്ദിരം ജങ്‌ഷനിൽ പുനരധിവാസം ഉറപ്പാക്കാതെ വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം സിപിഐ എം നേതൃത്വം ഇടപെട്ട് ഒഴിവാക്കി. കച്ചവടക്കാർക്ക് കടകൾ മാറ്റിസ്ഥാപിക്കാനുള്ള സാവകാശം അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ച് കുണ്ടറ പഞ്ചായത്ത് അധികൃതർ കുടിയൊഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. ഗുരുമന്ദിരം ജങ്‌ഷനിൽ മീൻകട, പച്ചക്കറിക്കടകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് നിരവധി ആളുകൾ വന്നുപോകുന്ന സാഹചര്യത്തിൽ അനധികൃത വാഹന പാർക്കിങ് മൂലം അപകടങ്ങൾ പതിവാണ്. കടകളുടെ റോഡിലേക്കുള്ള ഇറക്കും സാധനങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്നുവിൽക്കുന്നതും പ്രദേശത്ത് തിരക്ക് വർധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഒരുമാസം മുമ്പ് പ്രശ്ന പരിഹാരത്തിന് പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചത്. യോഗത്തിൽ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി ഉറപ്പുനൽകിയിരുന്നു. എന്നാൽ, കച്ചവടക്കാർക്ക് സാവകാശം നൽകണമെന്നും സ്ഥാപനങ്ങൾ മാറ്റാൻ പഞ്ചായത്ത് മുൻകൈയെടുത്ത് സഹായിക്കണമെന്ന നിർദേശവും സിപിഐ എം മുന്നോട്ടുവച്ചു. അതേസമയം കച്ചവടക്കാരുടെ ആവശ്യങ്ങൾ ചെവിക്കൊള്ളാതെ പഞ്ചായത്ത് നോട്ടീസ് നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതികളും സ്ഥലത്തെത്തി കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സിപിഐ എം ഏരിയ സെക്രട്ടറി ആർ സുരേഷ് ബാബു, വഴിയോര കച്ചവടത്തൊഴിലാളി ഫെഡറേഷൻ നേതാക്കളായ പി രമേശ് കുമാർ, എൻ ജഗദീശ്വരൻ എന്നിവരെത്തി കച്ചവടക്കാർക്ക് സാവകാശം അനുവദിക്കണമെന്നും സ്ഥാപനം മാറ്റിസ്ഥാപിക്കാൻ പഞ്ചായത്തിന്റെ സഹായം ഉൾപ്പെടെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം ശക്തമായതോടെ പഞ്ചായത്ത് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.








0 comments