‘പൂക്കി’ മുടക്കി; കാൻസർ പെൻഷനും

കോട്ടയം കാൻസർ, വൃക്ക, ക്ഷയരോഗികൾക്കുള്ള പെൻഷൻ തുക നാല് മാസമായി വിതരണം ചെയ്യാതെ യുഡിഎഫ് സർക്കാർ. വർധിച്ച ചികിത്സാ ചെലവിനെയും അർബുദത്തിന്റെ വേദനകളെയും അതിജീവിച്ച് പിടിച്ചുനിൽക്കുന്നവർക്ക് താങ്ങായ സഹായധനമാണ് നാല് മാസമായി മുടങ്ങിയത്. പണം എന്നുകിട്ടുമെന്നറിയാതെ കലക്ടറേറ്റിൽ കയറിയിറങ്ങി നിരാശരായി മടങ്ങുകയാണ് രോഗികളും ബന്ധുക്കളും. കഴിഞ്ഞ ജൂണിലാണ് ജില്ലയിൽ ഒടുവിൽ സഹായധനം നൽകിയത്. അർബുദരോഗികളുടെ എണ്ണവും ചികിത്സാച്ചെലവും വർധിക്കുന്ന സാഹചര്യത്തിൽ, 2008 നവംബറിൽ എൽഡിഎഫ് സർക്കാരാണ് കാൻസർ രോഗികൾക്ക് പെൻഷൻ പദ്ധതിയാരംഭിച്ചത്. 600 രൂപയായിരുന്നു അന്ന് പെൻഷൻ. ഒരുലക്ഷം രൂപയിൽതാഴെ വാർഷിക വരുമാനമുള്ളവർക്കാണ് അപേക്ഷിക്കാനുള്ള അർഹത. പിന്നീട് തുക 1000 രൂപയാക്കി കൂട്ടി. തുക 2000 ആക്കി ഉത്തരവിറക്കിയെങ്കിലും യുഡിഎഫ് സർക്കാർ വന്നശേഷം പണം വിതരണം ചെയ്‌തിട്ടില്ല. മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രവും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും സഹിതം തഹസിൽദാർക്കാണ് പെൻഷനായി അപേക്ഷ നൽകുന്നത്. സർക്കാർ അനുവദിക്കുന്ന ഫണ്ട് കലക്ടറേറ്റിൽ എത്തി അവിടെനിന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് നൽകുക. സർക്കാർ പണം അനുവദിക്കാത്തതാണ് നിലവിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. വർഷങ്ങൾക്കുമുന്പ് നിശ്‌ചയിച്ച വരുമാനപരിധി പുതുക്കാത്തതിനാൽ ഭൂരിഭാഗം രോഗികളും പദ്ധതിക്ക് പുറത്താണ്. 18 വയസിൽ താഴെയുള്ളവർക്ക് പെൻഷൻ നൽകാൻ വ്യവസ്ഥയുമില്ല. വരുമാനപരിധി ഉയർത്തി അർഹരായ എല്ലാ കാൻസർ രോഗികൾക്കും പെൻഷൻ ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്.









0 comments