പ്രധാനമന്ത്രിയുടെ സന്ദർശനം
ഇന്നും റോഡിൽ കുടുങ്ങും; നഗരത്തില്‍ ഗതാഗത, ഡ്രോണ്‍ നിയന്ത്രണം

കൊച്ചിയിൽ ബുധനാഴ്ച നടക്കുന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടത്തിയ ട്രയൽ റണ്ണിനെ തുടർന്ന് നഗരം ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോൾ. കലൂരിൽനിന്നുള്ള ദൃശ്യം
കൊച്ചി
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബുധന്‍ പകല്‍ 11 മുതല്‍ വൈകിട്ട് നാലുവരെ കൊച്ചി സിറ്റി പൊലീസ് കമീഷണറേറ്റ് പരിധിയിൽ ഗതാഗത, ഡ്രോൺ നിയന്ത്രണം ഏര്‍പ്പെടുത്തി. നേവൽബേസ്, തേവര, എംജി റോഡ്, അറ്റ്‌ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈൻഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം ഭാഗങ്ങളിലും എന്‍എച്ച്-66 ചേരാനല്ലൂർമുതൽ വൈറ്റിലവരെയും കളമശേരി മുട്ടംമുതൽ ഇടപ്പള്ളിവരെയും നിയന്ത്രണം ഉണ്ടാകും. നെടുമ്പാശേരിമുതൽ മുട്ടംവരെ റൂറൽ പൊലീസും നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിമാനത്താവളംമുതൽ കൊച്ചി നഗരംവരെ കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം, ആലുവ ഭാഗത്തേക്കുവരുന്ന വലിയ വാഹനങ്ങള്‍ തോപ്പുംപടി ബിഒടി പാലം, അലക്സാണ്ടർ പറമ്പിത്തറ പാലംവഴി കുണ്ടന്നൂർ ജങ്ഷൻ, വൈറ്റില, പാലാരിവട്ടം ദേശീയപാത 66 വഴി പോകണം. ആലുവ ഭാഗത്തുനിന്ന് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് ഇടപ്പള്ളി മേൽപ്പാലത്തിനുമുന്പ് ഇടത്തോട്ടുതിരിഞ്ഞ് ഗ്രാന്‍ഡ് മാളിനുമുന്നിലൂടെ പാലാരിവട്ടം ബൈപാസ്, വൈറ്റില, കുണ്ടന്നൂർ ജങ്ഷൻ, അലക്സാണ്ടർ പറമ്പിത്തറ പാലം ബിഒടി ഈസ്റ്റ് ജങ്ഷൻ, തോപ്പുംപടി വഴി പോകണം.
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം, ആലുവ ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ തോപ്പുംപടി ബിഒടി പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി തേവര ഫെറി ജങ്ഷൻ, മട്ടമ്മൽ, പനമ്പിള്ളി നഗർ സൗത്ത് എൻഡ്, മനോരമ ജങ്ഷൻ, കടവന്ത്ര, വൈറ്റിലവഴി പോകണം. അല്ലെങ്കിൽ ഫോർട്ടുകൊച്ചി വൈപ്പിൻ–ജങ്കാർ സർവീസ് ഉപയോഗിക്കണം. ആലുവ, കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് എന്‍എച്ച് 544ൽനിന്ന് ഇടപ്പള്ളി ഫ്ലൈ ഓവറിനുമുന്നേ ഇടത്തോട്ട് തിരിഞ്ഞ് ഗ്രാന്‍ഡ് മാളിനുമുന്നിലൂടെ എന്‍എച്ച്66 വഴി പാലാരിവട്ടം, വൈറ്റില കുണ്ടന്നൂർ ജങ്ഷൻ, അലക്സാണ്ടർ പറമ്പിത്തറ പാലം ബിഒടി ഈസ്റ്റ് ജങ്ഷന്‍, തോപ്പുംപടിവഴി പോകണം.
വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്നർ റോഡ് ഭാഗത്തുനിന്ന് കലൂർ, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചാത്ത്യത്ത് ജങ്ഷൻവഴി പച്ചാളം, പച്ചാളം ഓവർബ്രിഡ്ജ്, പൊറ്റക്കുഴി , മാമംഗലം, ഇടപ്പള്ളി വഴി പോകണം. ഹൈക്കോടതി ഭാഗത്തുനിന്ന് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് ഹൈക്കോടതി ജങ്ഷൻവഴി മാധവ ഫാർമസി, ഡിസിസി ജങ്ഷൻ, ഇയ്യാട്ടിൽ ജങ്ഷൻ, ചിറ്റൂർ റോഡ്, മനോരമ യുടേൺ, പനമ്പള്ളിനഗർ സൗത്ത് എൻഡ്, മട്ടമ്മൽ, തേവര ഫെറി, ബിഒടി ഈസ്റ്റ് ജങ്ഷന്‍, തോപ്പുംപടിവഴി പോകണം.
പകല്‍ 11നുശേഷം വലിയ വാഹനങ്ങൾക്ക് നഗരപരിധിയിൽ പ്രവേശനം ഉണ്ടാകില്ല. പാർക്ക് ചെയ്യേണ്ട വാഹനങ്ങൾ പകല്‍ 11നുമുമ്പ് നിർദിഷ്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.
എസ്എസ്എല്‍സി ഉള്‍പ്പെടെ പരീക്ഷകൾ എഴുതുന്ന വിദ്യാര്‍ഥികള്‍ നേരത്തേതന്നെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു.










0 comments