വനിതാ ട്രെയിനികളുടെ പരാതി: എക്‌സൈസ് അക്കാദമി അസി. ഡയറക്ടറെ നീക്കി

തൃശൂർ: തൃശൂർ എക്സൈസ് അക്കാദമിയിലെ വനിതാ ട്രെയിനികളുടെ പരാതിയെ തുടർന്ന് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ വി എ വിനോജിനെ പരിശീലന വിഭാഗത്തിൽ നിന്ന് നീക്കി. വിനോജിനെതിരെ അന്വേഷണവും ആരംഭിച്ചു. ഇയാളുടെ കീഴിൽ പരിശീലനം നടത്താൻ കഴിയില്ലെന്ന് അക്കാദമി ഡയറക്ടർക്കും ഇന്റേണൽ പരാതി കമ്മിറ്റിയിലും വനിതാ ട്രെയിനികൾ പരാതി നൽകിയിരുന്നു. വനിതാ ഡ്രിൽ ഇൻസ്‌ട്രക്ടർമാരും വിനോജിനെതിരെ പരാതി നൽകിയിരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്ന അക്കാദമിയിലെ പരിശീലന വിഭാഗത്തിൽ നിന്ന് മാറ്റിയതാണ് അറിയിപ്പ്.
വിനോജിന്റെ പെരുമാറ്റം മൂലം മാനസിക ബുദ്ധിമുട്ടുകളും സമ്മർദങ്ങളും അനുഭവിക്കേണ്ടിവരുന്നതായാണ് വനിതാ ട്രെയിനിമാരുടെയും വനിതാ ഇൻസ്ട്രക്റ്റർമാരുടെയും ആരോപണം. അധികാരം ദുരുപയോഗം ചെയ്ത് അപമാനകരമായ രീതിയിൽ പെരുമാറുക, ഭീഷണിപ്പടുത്തുക, അനാവശ്യമായി ശകാരിക്കുക, മാനസികമായി തളർത്തുക തുടങ്ങിയവയാണ് ആരോപണം. അച്ചടക്കത്തിന്റെ പേരിൽ ട്രെയിനിമാരുടെയും ഇൻസ്ട്രക്ടർമാരുടെയും ആത്മാഭിമാനത്തെ ബാധിക്കുന്ന പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു. ട്രെയിനിമാരുടെയും ഇൻസ്ട്രക്ടർമാരുടെയും അനുഭവങ്ങൾ ഭയരഹിതമായി കേൾക്കാൻ കഴിയുന്ന സതന്ത്രമായ അന്വേഷണ സംവിധാനം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.








0 comments