ക്ലാസ് റൂമിൽ നിന്ന് അധ്യാപകന് ഷോക്കേറ്റു: ജീവിതത്തിലേക്ക് കൈപിടിച്ച് സഹപ്രവർത്തകൻ

കെ കെ സനിൽ കുമാർ
മയ്യഴി: ചാലക്കര പിഎംശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിലെ ക്ലാസ്‌മുറിയിൽനിന്ന് ഷോക്കേറ്റ് ബോധം നഷ്‌ടപ്പെട്ട അധ്യാപകനെ ജീവിതത്തിലേക്ക് കൈപിടിച്ച് സഹപ്രവർത്തകൻ. ഷോക്കേറ്റ് ഗുരുതര നിലയിലായ അധ്യാപകന് സിപിആർ നൽകിയ ചിത്രകലാ അധ്യാപകനും ജിഎസ്‌ടിഎ പ്രസിഡന്റുമായ പൊന്ന്യത്തെ ആർട്ടിസ്റ്റ് കെ കെ സനിൽ കുമാറിന്റെ സമയോചിതമായ രക്ഷാപ്രവർത്തനമാണ് അധ്യാപകന് തുണയായത്.
വ്യാഴാഴ്‌ച അവസാന പിരീഡിൽ ഏഴാംക്ലാസിൽ ക്ലാസ് എടുക്കുന്നതിനിടെയാണ് മലയാളം അധ്യാപകൻ ആന്റണി മാത്യു(28)വിന് ഷോക്കേറ്റത്. ബോർഡിൽ എഴുതുമ്പോൾ വെളിച്ചക്കുറവിനെ തുടർന്ന് ലൈറ്റ് ഇടാൻ ശ്രമിക്കവേ ഷേക്കേറ്റ അധ്യാപകൻ തെറിച്ചുവീണു. വിദ്യാർഥികളുടെ നിലവിളി കേട്ടാണ് സനിൽ കുമാർ ഓടിയെത്തിയത്. ബോധം നഷ്‌ടപ്പെട്ട അധ്യാപകന് ഉടൻ സിപിആർ നൽകി ജീവൻ വീണ്ടെടുത്തു. മാഹി ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അധ്യാപകൻ അപകട നില തരണം ചെയ്തു.
വർഷങ്ങൾക്കു മുമ്പ് ഇതേ വിദ്യാലയത്തിലെ ഒരു വിദ്യാർഥിക്കും ഷോക്കേറ്റിരുന്നു. മാഹിയിലെ സർക്കാർ വിദ്യാലയങ്ങളുടെ വൈദ്യുതോപകരണങ്ങളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് രക്ഷിതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. പല വിദ്യാലയങ്ങളിലും വർഷങ്ങൾക്കുമുമ്പുള്ള വയറിങ് ആണ് നിലവിലുള്ളത്.








0 comments