കെഎസ്ആർടിസി സ്വിഫ്റ്റിൽ ശമ്പളം മുടങ്ങി; ബസുകൾ കേടായതിന്റെ പഴി ജീവനക്കാർക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ജീവനക്കാർക്ക് ശമ്പളം മുടങ്ങി. ഇരുന്നൂറോളം ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാത്തത്. 16 ഡ്യൂട്ടി തികയ്ക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് മാനേജ്മെന്റിന്റെ വാദം. എന്നാൽ ബസുകൾ കേടായത് മൂലം സർവീസുകൾ മുടങ്ങിയതിനാലാണ് ആവശ്യമായ ഡ്യൂട്ടി തികയ്ക്കാൻ സാധിക്കാതിരുന്നതെന്ന് ജീവനക്കാർ അറിയിച്ചു.
സാങ്കേതിക തടസ്സങ്ങളാൽ ജോലി ചെയ്യാൻ സാധിക്കാത്തതിന് ശമ്പളം നിഷേധിക്കുന്നത് പ്രതികാരനടപടിയാണ്. സെപ്തംബറിലെ ശമ്പളം ലഭിച്ചത് ഒക്ടോബർ പകുതിയോടെയാണ്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. മാനേജ്മെന്റ് നടപടി തിരുത്തണമെന്നും ശമ്പളം എത്രയുംവേഗം ലഭ്യമാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.









0 comments