Deshabhimani

ഭക്ര ബിയാസ് തര്‍ക്കത്തിൽ സുപ്രീം കോടതി

60 വര്‍ഷത്തെ വൈദ്യുതി തർക്കം:ഹിമാചൽ പ്രദേശിന് പഞ്ചാബും ഹരിയാനയും 11,9730 ലക്ഷം യൂണിറ്റ് നഷ്ടം നൽകണം, തീര്‍പ്പാക്കി സുപ്രീം കോടതി

Bhakra Beas
വെബ് ഡെസ്ക്

Published on Nov 06, 2026, 02:06 PM | 2 min read

ന്യൂ‍ഡൽഹി: ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ ഉൾപ്പെട്ട ആറുപതിറ്റാണ്ട് നീണ്ട വൈദ്യുതി വിഹിത തര്‍ക്കത്തിൽ തീര്‍പ്പ് കല്പിച്ച് സുപ്രീം കോടതി. ഭക്ര ബിയാസ് മാനേജ്മെന്റ് ബോര്‍ഡ് പദ്ധതികളുമായി ബന്ധപ്പെട്ട് 1966 മുതൽ നിലനിന്നിരുന്ന തര്‍ക്കമാണ്. വിധി പ്രകാരം ഹിമാചൽ പ്രദേശിന് നൽകേണ്ട കുടിശ്ശിക വൈദ്യുതിയായി തന്നെ നൽകണം. ഇതിനായി 20 വർഷ കാലയളവും നിര്‍ദ്ദേശിച്ചു.


പഞ്ചാബും ഹരിയാനും ചേര്‍ന്ന് 11,9730 ലക്ഷം യൂണിറ്റ് വൈദ്യുതി ഈ കാലയളവിനകം നൽകി തീര്‍ക്കണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി നേരത്തെ കണക്കാക്കിയിരുന്ന ആകെ കുടിശ്ശിക 13,0660 ലക്ഷം യൂണിറ്റായിരുന്നു. ഇത് കോടതി ക്രമപ്പെടുത്തി.


2011 ൽ സുപ്രീം കോടതി ഈ കേസ് പരിഗണിച്ചപ്പോൾ ഭക്ര നംഗൽ, ബിയാസ് ജലവൈദ്യുത പദ്ധതികളിൽ ഹിമാചൽ പ്രദേശിന്റെ വിഹിതം 7.19 ശതമാനമായി നിജപ്പെടുത്തിയിരുന്നു. ഈ വിധി തന്നെയാണ് വിഹിതം വീതിക്കുന്നതിൽ അടിസ്ഥാനമാക്കിയത്. അണക്കെട്ടുകളുടെ നിർമ്മാണ സമയത്ത് ഉണ്ടായ 420 കോടി രൂപയുടെ മൂലധനച്ചെലവ് പുതിയ വിധിയിലൂടെ ക്രമീകരിക്കയും ചെയ്തിട്ടുണ്ട്. അതിനാൽ ഹിമാചൽ പ്രദേശ് പഞ്ചാബിനോ ഹരിയാനയ്ക്കോ ഇനി പണം നൽകേണ്ടതില്ല.പകരം വൈദ്യുതി ലഭിക്കും. രാജസ്ഥാനും പദ്ധതിയിൽ ഉൾപ്പെടുന്നു എങ്കിലും വൈദ്യുതി വിഹിതത്തിൽ മാറ്റം ഒന്നുമില്ല.


ഹിമാചൽ പ്രദേശ് 7.19 ശതമാനം, പഞ്ചാബ്: 51.80%, ഹരിയാന: 37.51%, ചണ്ഡീഗഡ്: 3.50 ശതമാനം എന്നിങ്ങനെയാണ് 2011 ൽ വിഹിതം നിശ്ചയിച്ചിരുന്നത്. ഈ വിധി പ്രകാരം 1966 നവംബർ 1 മുതൽ ഭാക്ര പദ്ധതിയിലും, 1977 നവംബർ മുതൽ ദെഹാർ പദ്ധതിയിലും, 1978 ജനുവരി മുതൽ പോങ് അണക്കെട്ട് പദ്ധതിയിലും ഹിമാചൽ പ്രദേശിന് അർഹമായ വിഹിതം ലഭിക്കേണ്ടതുണ്ടായിരുന്നു. ഇവയെ ചൊല്ലിയുള്ള തര്‍ക്കം സുപ്രീം കോടതി ഉത്തരവോടെ നിലനിൽക്കാത്തതായി.


ആറുപതിറ്റാണ്ട് നീണ്ട അവകാശ ത‍ർക്കം


1966-ൽ പഞ്ചാബ് പുനഃസംഘടന നിയമ (Punjab Reorganisation Act, 1966) പ്രകാരമാണ് പഞ്ചാബ് സംസ്ഥാനത്തെ വിഭജിക്കുന്നത്. ഇതോടെ ഹരിയാന രൂപീകരിക്കുകയും ചില പ്രദേശങ്ങൾ ഹിമാചൽ പ്രദേശിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് തുടർച്ചയായാണ് ഭക്ര നംഗൽ, ബിയാസ് ജലവൈദ്യുത പദ്ധതികളിലെ വിഹിതത്തെച്ചൊല്ലിയുള്ള അവകാശ തര്‍ക്കം ഉയരുന്നത്.


Bhakra Beas projects


തങ്ങളുടെ പുതിയ ഭൂമിശാസ്ത്രപരമായ അതിരുകളുടെയും ജനസംഖ്യയുടെയും അടിസ്ഥാനത്തിൽ ഭക്ര-ബിയാസ് മാനേജ്‌മെന്റ് ബോർഡ് (BBMB) തങ്ങൾക്ക് അർഹമായ 7.19% വൈദ്യുതി വിഹിതം മുൻകാല പ്രാബല്യത്തോടെ ലഭിക്കണമെന്ന് ഹിമാചൽ പ്രദേശ് ആവശ്യപ്പെട്ടു. കേസുമായി സുപ്രീം കോടതിയെ സമീപിച്ചു.


2011-ൽ സുപ്രീം കോടതി ഹിമാചൽ പ്രദേശിന്റെ ഈ വിഹിതം ശരിവെച്ചു. എങ്കിലും പുതിയ ഒരു തര്‍ക്കം ഉയര്‍ന്നു വന്നു. 1966 മുതലുള്ള കുടിശ്ശിക തുക തർക്കങ്ങളില്ലാതെ എങ്ങനെ തീർപ്പാക്കുമെന്ന കാര്യത്തിൽ പഞ്ചാബും ഹരിയാനയും തമ്മിലായിരുന്നു തുടര്‍ന്നുള്ള കാലത്തെ തര്‍ക്കം. ഈ കുടിശ്ശിക ഇരു സംസ്ഥാനങ്ങളും വൈദ്യുതിയായി നൽകാനാണ് സുപ്രീം കോടതി ഇപ്പോൾ ഉത്തരവ് നൽകിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home