ഐഎസ്എല്ലിലെ മോശം തുടക്കം; മുംബൈ സിറ്റി എഫ്‌സിയും പരിശീലകൻ മനോലോ മാർക്വസും വേർപിരിഞ്ഞു

തിരുവനന്തപുരം : ഐഎസ്എല്ലിലെ മോശം തുടക്കത്തിന് പിന്നാലെ മുംബൈ സിറ്റി എഫ്‌സിയും മുഖ്യ പരിശീലകൻ മനോലോ മാർക്വസും വേർപിരിഞ്ഞു. 2026-27 സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ മാർക്വസ് ടീമിനൊപ്പമുണ്ടാകില്ലെന്ന് ക്ലബ് വെള്ളിയാഴ്ച അറിയിച്ചു. ഇരുകൂട്ടരും പരസ്പര ധാരണയോടെയാണ് വേർപിരിയാൻ തീരുമാനിച്ചത്.
സീസണിലെ ആദ്യ നാല് മത്സരങ്ങളിലും മുംബൈ സിറ്റിക്ക് വിജയിക്കാനായിരുന്നില്ല. ചർച്ചിൽ ബ്രദേഴ്‌സിനോടും സ്‌പോർട്ടിങ് ക്ലബ് ഡൽഹിയോടും തോറ്റ ടീം കേരള ബ്ലാസ്റ്റേഴ്‌സിനോടും പഞ്ചാബ് എഫ്‌സിയോടും സമനില വഴങ്ങി. ഇതോടെയാണ് പരിശീലകന്റെ പടിയിറക്കം.
ഒരു വർഷത്തെ കരാറിലാണ് ഈ സീസണിന് മുന്നോടിയായി മാർക്വസ് മുംബൈ സിറ്റിയുടെ പരിശീലക ചുമതലയേറ്റത്. നിലവിലെ ടീമിൽ വിശ്വാസമുണ്ടെന്നും വരും മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തുന്നതിനാണ് ക്ലബിന്റെ മുൻഗണനയെന്നും ഫുട്ബോൾ ഡയറക്ടർ സുജയ് ശർമ വ്യക്തമാക്കി.
ഏറെ പരിചയസമ്പത്തുള്ള പരിശീലകനാണ് സ്പാനിഷുകാരനായ മാർക്വസ്. 2021-22 സീസണിൽ ഹൈദരാബാദ് എഫ്‌സിക്ക് ഐഎസ്എൽ കിരീടം നേടിക്കൊടുത്തു. മൂന്ന് വർഷത്തിന് ശേഷം എഫ്‌സി ഗോവയുടെ പരിശീലകനായ അദ്ദേഹം തുടർച്ചയായ രണ്ട് സൂപ്പർ കപ്പ് കിരീടങ്ങളും ടീമിന് നേടിക്കൊടുത്തു. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു മത്സരങ്ങളിലും ഗോവയെ നയിച്ചു.
ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതലയും മാർക്വസ് വഹിച്ചിട്ടുണ്ട്. ക്ലബിന്റെയും ദേശീയ ടീമിന്റെയും പരിശീലക ചുമതല ഒരേസമയം വഹിച്ച അപൂർവ പരിശീലകരിലൊരാളാണ് അദ്ദേഹം. ക്ലബുമായുള്ള വേർപിരിയലിനെക്കുറിച്ച് ഇരുകൂട്ടരും കൂടുതൽ പ്രതികരണങ്ങൾ നടത്തില്ലെന്നും മുംബൈ സിറ്റി എഫ്‌സി അറിയിച്ചു.









0 comments