ശ്വാസംമുട്ടി വന്‍ നഗരങ്ങൾ; ഡൽഹിയിലും മുംബൈയിലും വായുമലിനീകരണം രൂക്ഷം

ന്യൂഡൽഹി/മുംബൈ: രാജ്യത്തെ വൻകിട മെട്രോ നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും വായു മലിനീകരണം അതീവ ഗുരുതരമായ അവസ്ഥയിലേക്ക്. ദിവസങ്ങൾക്കുള്ളിൽ ദീപാവലി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെ, നഗരങ്ങളെ വിഴുങ്ങുന്ന പുകമഞ്ഞും വിഷവായുവും ജനജീവിതത്തെ വല്ലാതെ ദുസ്സഹമാക്കുന്നു. ഡൽഹിക്ക് പുറമേ മുംബൈയിലും വായു ഗുണനിലവാര സൂചിക ‘അപകടകരമായ’ തലത്തിലേക്ക് താഴേക്ക് പതിച്ചിരിക്കുകയാണ്.
ഡൽഹി-എൻസിആർ മേഖലയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ സുപ്രീം കോടതി ഇന്നലെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വാദം കേൾക്കൽ ആരംഭിച്ചത് തന്നെ, "ഡൽഹിയിലെ വായുവും കാലാവസ്ഥയും നിങ്ങളെല്ലാം നന്നായി ആസ്വദിക്കുന്നുണ്ടെന്ന് കരുതുന്നു" എന്ന ചീഫ് ജസ്റ്റിസിന്റെ പരിഹാസരൂപേണയുള്ള പരാമർശത്തോടെയായിരുന്നു.
കോടതി ഇടപെട്ട് കൂടുതൽ ഉത്തരവുകൾ ഇറക്കുന്തോറും അധികാരികൾ അത് ലംഘിക്കുന്ന പ്രവണത കൂടുകയാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഡൽഹിയിലെ വായുനിലവാരം ‘തീവ്ര’ വിഭാഗത്തിലാണെന്നും പ്രതിദിനം 30 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഇവിടെ ശ്വാസമെടുക്കുന്നതെന്നും അമിക്കസ് ക്യൂറി അഡ്വ അപരാജിത സിംഗ് കോടതിയെ അറിയിച്ചു.
വൈക്കോൽ കത്തിക്കൽ മാത്രമല്ല വായുമലിനീകരണത്തിന് കാരണമെന്നും ആഡംബര വാഹനങ്ങളിൽ നിന്നുള്ള പുകയും ഗതാഗതക്കുരുക്കുമാണ് മലിനീകരണത്തിന്റെ പ്രധാന ഉത്ഭവകേന്ദ്രമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിർത്തികളിൽ വാഹനങ്ങൾ മണിക്കൂറുകളോളം സ്റ്റാർട്ട് ചെയ്ത് നിർത്തിയിടുന്നത് മലിനീകരണം ഇരട്ടിയാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മറുഭാഗത്ത്, മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയിലും വായുമലിനീകരണം അതീവ ഗുരുതരമായി രൂക്ഷമായിരിക്കുകയാണ്. വായു ഗുണനിലവാരം വൻതോതിൽ ഇടിയുന്നതിനിടെയും, നഗരത്തിൽ കൂടുതൽ റോഡുകൾ കോൺക്രീറ്റ് ചെയ്യാനുള്ള ബിഎംസിയുടെ ( ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ ) നീക്കം വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
മൂന്നാം ഘട്ടമായി 311 കിലോമീറ്റർ റോഡുകൾ കോൺക്രീറ്റ് ചെയ്യാനായി ബിഎംസി 8,614.56 കോടി രൂപയുടെ പുതിയ ടെൻഡറുകൾ ക്ഷണിച്ചു. മുൻ ഘട്ടങ്ങളിലെ റോഡ് പണികൾ പലതും പകുതിവഴിയിൽ തുറന്നിട്ടിരിക്കെയാണ് പുതിയ നീക്കം. നഗരത്തിൽ തുടർച്ചയായി നടക്കുന്ന റോഡ് കോൺക്രീറ്റ് പ്രവൃത്തികൾ സൃഷ്ടിക്കുന്ന പൊടിപടലങ്ങൾ മുംബൈയിലെ PM10 മലിനീകരണത്തിന്റെ 30 ശതമാനത്തോളം വരും എന്ന് CSIR-NEERI, IIT ബോംബെ പഠനങ്ങൾ വ്യക്തമാക്കുന്നു.
മുംബൈയിലെ പുകമഞ്ഞ് അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നതായി ബോംബെ ഹൈക്കോടതി മുന്നറിയിപ്പ് നൽകുകയും, പണികൾ തീരുംവരെ പുതിയ റോഡുകൾ ഏറ്റെടുക്കില്ലെന്ന് ബിഎംസി തത്വത്തിൽ തീരുമാനിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ ഇത് കാറ്റിൽപ്പറത്തിയാണ് നഗരസഭയുടെ പുതിയ നീക്കം.
വരുംദിവസങ്ങളിൽ ആഘോഷിക്കുന്ന ദീപാവലി നഗരങ്ങളിലെ അന്തരീക്ഷത്തെ കൂടുതൽ വിഷമയമാക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ. നിയന്ത്രണങ്ങൾ മറികടന്ന് വലിയ തോതിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് ഇരു മെട്രോ നഗരങ്ങളിലെയും AQI സൂചികകളെ അപകടകരമായ തലത്തിലേക്ക് തള്ളിവിടും.
പടക്കങ്ങളിൽ നിന്നുള്ള മായം കലർന്ന പുകയും കനത്ത ശബ്ദമലിനീകരണവും വയോധികർക്കും, ശ്വാസകോശ-ഹൃദ്രോഗികൾക്കും, കൊച്ചുകുട്ടികൾക്കും വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ആസ്ത്മ അടക്കമുള്ള ശ്വാസകോശ രോഗങ്ങളുള്ളവർക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ് രൂപപ്പെടുന്നത്. അന്തരീക്ഷ താപനില കുറയുന്നതോടെ പുകയും പൊടിയും താഴെത്തട്ടിൽ തന്നെ കെട്ടിക്കിടക്കുന്ന ‘സ്മോഗ്’ അവസ്ഥ രണ്ട് നഗരങ്ങളെയും കൂടുതൽ ശ്വാസംമുട്ടിക്കും.
വായൂമലിനീകരണം കുറയ്ക്കുന്നതിനായി, ഡൽഹിയിൽ ഓഫീസുകളുടെ സമയം വെട്ടിച്ചുരുക്കുകയും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. സ്കൂളുകളിൽ ക്ലാസ്സുകൾ ഓൺലൈൻ ആക്കണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു. ദീപാവലി അടുത്തിരിക്കെ നഗരങ്ങളിൽ അമിത ശബ്ദമുണ്ടാക്കുന്നതും ധാരാളം പുക പുറന്തള്ളുന്നതുമായ പടക്കങ്ങ ൾ ഉപയോഗിക്കരുതെന്ന് കോടതി നിർദേശങ്ങളുണ്ട്. പകരം പല നഗരങ്ങളിലും ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.









0 comments