Deshabhimani

മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റിൽ കെപിസിസിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

supreme Court
വെബ് ഡെസ്ക്

Published on Nov 06, 2026, 04:15 PM | 1 min read

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട സംഭവത്തിൽ കെപിസിസി ഭാരവാഹികൾക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസ്സം നിൽക്കാൻ, അഭിപ്രായസ്വാതന്ത്ര്യത്തെ ഒരു പരിചയായി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി.


വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വം ഉപാധികളില്ലാതെ മാപ്പപേക്ഷിച്ചെങ്കിലും അത് ആത്മാർഥതയില്ലാത്തതാണെന്ന് കോടതി നീരീക്ഷിച്ചു. "നിങ്ങളുടെ മാപ്പപേക്ഷ വെറും പേനത്തുമ്പിൽ നിന്നാണോ അതോ ഹൃദയത്തിൽ നിന്നാണോ വരുന്നത് എന്ന് ഞങ്ങൾ പരിശോധിക്കും" എന്ന് അഭിഭാഷകനോട് ബെഞ്ച് വാക്കാൽ പരാമർശിച്ചു.


ഭരണഘടനയാണ് പരമോന്നതമെന്നും ഒരു വ്യക്തിക്കും രാഷ്ട്രീയ പ്രസ്ഥാനത്തിനും അതിനുമുകളിൽ സ്ഥാനമില്ലെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ എം പഞ്ച്പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഓർമിപ്പിച്ചു. കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാനും അധഃപതിപ്പിക്കാനുമുള്ള ഏത് ശ്രമത്തെയും 'ഇരുമ്പ് മുഷ്ടി ഉപയോഗിച്ച്' അമർച്ച ചെയ്യുമെന്നും കോടതി കടുപ്പിച്ച് പറഞ്ഞു.


പോസ്റ്റ് ഒരു ഭാരവാഹിയും അറിയാതെ പാർട്ടി പ്രവർത്തകൻ ഇട്ടതാണെന്നും ഇയാളെ ചുമതലകളിൽ നിന്ന് നീക്കിയെന്നും കോൺഗ്രസ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, വ്യക്തികൾക്ക് മാത്രമല്ല കെപിസിസി ഭാരവാഹികൾക്ക് മുഴുവനായും നോട്ടീസ് അയക്കുകയാണെന്ന് കോടതി വ്യക്തമാക്കി.


"നിയമവും ക്രമസമാധാനവും നിങ്ങളുടെ അധികാരപരിധിയിൽ വരുന്നില്ലെങ്കിൽ രാജിവെക്കൂ, പകരം പുതിയൊരാളെ ഞങ്ങൾ കണ്ടെത്തിക്കോളാം" എന്നായിരുന്നു കെപിസിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ നിന്നുള്ള പോസ്റ്റ്. തുടർന്ന് വലിയ പ്രതിഷേധം ഉയരുകയും സുപ്രീം കോടതി ബാർ അസോസിയേഷൻ അടക്കം നിയമനടപടികളിലേക്ക് കടക്കുകയും ചെയ്തതോടെയാണ് പോസ്റ്റ് പിൻവലിക്കാൻ കോൺഗ്രസ് നിർബന്ധിതരായത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home