Deshabhimani

സതീശൻ വാദിക്കുന്നത് ഏത് കമ്പനിക്കുവേണ്ടി? കൃത്രിമ ക്ഷാമമുണ്ടാക്കി വൻ അഴിമതിക്ക് കളമൊരുക്കുന്നു

V D Satheesan

വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Nov 06, 2026, 04:22 PM | 3 min read

തിരുവനന്തപുരം: കെഎസ്ഇബിയുടെയും മന്ത്രിസഭയിലെയും കടുത്ത എതിർപ്പിനെ വകവെക്കാതെ വൻ അഴിമതി ലക്ഷ്യമിട്ടാണ് സ്വകാര്യ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി വി ഡി സതീശൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ജനറൽ നെറ്റ്‌വർക് ആക്‌സസ് പ്ലാറ്റ്ഫോമിൽനിന്നുള്ള (ജിഎൻഎ) വൈദ്യുതി വാങ്ങുന്നത് ഖജനാവിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ഉദ്യോ​ഗസ്ഥർ ആവർത്തിച്ച് പറഞ്ഞിട്ടും പിന്മാറാൻ സതീശൻ ഒരുക്കമല്ല. ടെൻഡറും റെ​ഗുലേറ്ററി കമീഷന്റെ അനുവാദവും ഇല്ലാതെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിർത്തതോടെയാണ് കെഎസ്ഇബി സിഎംഡി സ്ഥാനത്തുനിന്ന് എം ജി രാജമാണിക്യത്തെ തെറിപ്പിച്ചത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ എതിർപ്പും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. വൈദ്യുതിക്ഷാമം നേരിടാത്ത സാഹചര്യത്തിൽ ധൃതിപിടിച്ച് കരാറുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ദുരൂഹമാണ്.


ഏത് കണക്കിലും ജിഎൻഎ നഷ്ടം


ജിഎൻഎ വൈദ്യുതി ലാഭകരമാണെന്ന്‌ അവകാശപ്പെട്ടത്‌ വസ്‌തുതാവിരുദ്ധമെന്ന് കെഎസ്ഇബി തയ്യാറാക്കിയ കുറിപ്പിൽ വ്യക്തമാണ്. ജിഎൻഎയ്‌ക്കുവേണ്ടി ഹിമാചൽ പ്രദേശ്‌ വൈദ്യുതി കരാർ ഒഴിവാക്കിയാൽ ആകെ 727 കോടി രൂപയുടെ അധികബാധ്യതയുണ്ടാകും. ഹിമാചലിൽനിന്ന്‌ യൂണിറ്റിന്‌ 12.50 രൂപ നിരക്ക്‌ ധാരണ നടപ്പായാൽ 1105 കോടിയും 14.50 രൂപയാണെങ്കിൽ 1281 കോടിയും മതിയാകും. ജിഎൻഎ ഇടപാടിന്‌ 1,566 കോടിയാണ്‌ ചെലവ്‌.


പീക്‌ സമയത്ത്‌ ജിഎൻഎ വഴിയാണ്‌ കൂടുതൽ വൈദ്യുതി കിട്ടുന്നതെന്ന അവകാശവാദവും കള്ളമാണ്. ജിഎൻഎ വഴി മാർച്ചുവരെ പീക്ക്‌ സമയത്ത്‌ 500 മെഗാവാട്ട്‌ മാത്രമാണ്‌ കിട്ടുക. നവംബർ മുതൽ അടുത്ത ഏപ്രിൽവരെ ഏറ്റവും കൂടുതൽ 1,280 മെഗാവാട്ട്‌ വൈദ്യുതിയും കുറവ്‌ 864 മെഗാവാട്ട്‌ വൈദ്യുതിയും ഹിമാചൽ കരാറിൽ പീക്ക്‌ സമയത്ത്‌ ലഭിക്കും. ജിഎൻഎ കരാറാണെങ്കിൽ 780 മെഗാവാട്ട്‌ മുതൽ 364 മെഗാവാട്ടുവരെ വൈദ്യുതി വേറെ കണ്ടെത്തണം. ജിഎൻഎ ഏപ്രിലിൽ ഇല്ലാത്തതിനാൽ 1,178 മെഗാവാട്ടാണ്‌ അധികം കണ്ടെത്തേണ്ടത്‌. നവംബർ– ഏപ്രിൽ മാസത്തിൽ ഇത്തരത്തിൽ അധിക വൈദ്യുതി വാങ്ങാൻ 442 കോടി രൂപകൂടി വേണ്ടിവരും. ഇത്‌ പരിഗണിച്ചാണ്‌ ഏറ്റവും കുറഞ്ഞത്‌ 727 കോടിയുടെ നഷ്‌ടമുണ്ടാകുമെന്ന്‌ കണക്കാക്കിയത്‌. വസ്‌തുത ഇതായിരിക്കെയാണ്‌ ഹിമാചൽ കരാറിൽ 2232 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമായിരുന്നെന്ന കളവും മുഖ്യമന്ത്രി പറഞ്ഞത്‌.


കൃത്രിമക്ഷാമം; ഡാമുകളിൽ ആവശ്യത്തിന് വെള്ളം


ധൃതിപിടിച്ച് ജിഎൻഎ കറിന്റെ പിറകെ മുഖ്യമന്ത്രി പായുന്നത് കേരളം ഒരുതരത്തിലും വൈദ്യുതി ക്ഷാമം നേരിടാത്ത സാഹചര്യത്തിലാണെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷനുമുമ്പാകെ സമർപ്പിച്ച കണക്കുപ്രകാരം നവംബർമുതൽ മാർച്ചുവരെ സർക്കാർ ചിത്രീകരിച്ചതുപോലെ രൂക്ഷമായ പ്രതിസന്ധി ഉണ്ടാകുമെന്നത് വ്യക്തമായിട്ടില്ല. ലഭ്യമാകേണ്ട വൈദ്യുതി കൃത്യമായി വാങ്ങിയെടുക്കുകയും കരാറിലേക്ക് പോയ സിന്നാർ വൈദ്യുതിനിലയത്തിൽനിന്നുള്ള 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുകയും ചെയ്താൽ കേരളത്തിന് ഇപ്പോൾ അധികവൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ല.


കഴിഞ്ഞമാസം സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങളിൽനിന്ന്‌ ശരാശരി 1800–1900 മെഗാവാട്ടുവരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുമായിരുന്നിടത്ത്‌ 800 മെഗാവാട്ട് ഉൽപ്പാദനമേ നടത്തിയിട്ടുള്ളൂ. ഹിമാചലിലെ വിഇഎച്ച് ഗ്ലോബൽ എന്ന കമ്പനിയിൽനിന്ന്‌ യൂണിറ്റിന് 12.50 രൂപ, 11 രൂപ നിരക്കുകളിൽ വൈദ്യുതി വാങ്ങിയത് ജലവൈദ്യുതി ഉൽപ്പാദനം വെട്ടിക്കുറച്ചുകൊണ്ടാണ്‌. ജലവൈദ്യുതി ഉൽപ്പാദനം കുറച്ചതും ദുരൂഹമാണ്‌.


സതീശന്റെ താൽപര്യമെന്ത്?


വൈദ്യുതിക്ഷാമം നേരിടാത്ത സാഹചര്യത്തിലും അധിക ബാധ്യത വരുന്ന ജിഎൻഎ കരാറിനായി മുഖ്യമന്ത്രി ഇത്ര താൽപ്പര്യം കാണിക്കുന്നത് സംശയകരമാണ്. വൈദ്യുതി ഉൽപാദിപ്പിക്കാത്ത ഒരു പ്ലാറ്റ്ഫോമിനുവേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് എന്തിനാണെന്നും ഏത് കമ്പനിയുടെ വൈദ്യുതി വാങ്ങാനാണ് പോകുന്നതെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. എന്നാൽ സതീശൻ ഇതിന് മറുപടി നൽകിയിട്ടില്ല.


ഉന്നത സിവിൽ സർവീസ്‌ ഉദ്യോഗസ്ഥന്‌ ബന്ധമുള്ള ഗുജറാത്തിലെ കമ്പനിയിൽ നിന്നടക്കമാണ്‌ കൂടിയവിലയിൽ വൈദ്യുതി വാങ്ങുന്നതെന്നാണ്‌ വിവരം.


മുഖ്യമന്ത്രിയുടെ തീരുമാനമായതിനാൽ ഒന്നും മിണ്ടുന്നില്ലെന്നാണ്‌ കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി പ്രതികരിച്ചത്. കരാർ സംബന്ധിച്ച്‌ മന്ത്രിസഭയിൽ രൂക്ഷമായ ഭിന്നതയുണ്ട്. വസ്‌തുതകൾ പുറത്തുവരും എന്നതിനാൽ രാജമാണിക്യത്തിന്റെ കുറിപ്പ്‌ പുറത്തുവിടണമെന്ന വെല്ലുവിളിയും മുഖ്യമന്ത്രി ഏറ്റെടുത്തില്ല.


ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് പറഞ്ഞാണ്‌ ജിഎൻഎ കരാറിനെ മുഖ്യമന്ത്രി ന്യായീകരിച്ചത്‌. എന്നാൽ യൂണിറ്റിന് 8.63 രൂപ നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലെന്നത് വ്യക്തമല്ല. റെഗുലേറ്ററി കമീഷനോ കെഎസ്ഇബിയോ മുഖ്യമന്ത്രിക്ക്‌ അങ്ങനെയൊരു കണക്ക്‌ നൽകിയിട്ടില്ല. ഹിമാചൽ പ്രദേശിൽനിന്ന്‌ വാങ്ങുന്നതാണ്‌ ലാഭകരമെന്ന്‌ സണ്ണി ജോസഫ് ഫയലിൽ രേഖപ്പെടുത്തിയിരുന്നു. നിയമപരിശോധനയും പ്രോസിക്യൂഷൻ സാധ്യതകളും മുൻനിർത്തി മന്ത്രി തിങ്കളാഴ്‌ച മുഖ്യമന്ത്രിക്ക് കുറിപ്പും നൽകി. എന്നാല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണ്‌ ഹിമാചൽ കരാറിനെ എതിർക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home