Deshabhimani

നെതന്യാഹു പുറത്ത്; ഇസ്രയേലിൽ പുതിയ സർക്കാർ: തീരുമാനം ഞായറാഴ്ച

Netanyahu.jpg
വെബ് ഡെസ്ക്

Published on Nov 06, 2026, 04:44 PM | 2 min read

ടെൽ അവീവ്: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ ആരെയാണ് ക്ഷണിക്കുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ്. തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അറിയിപ്പ്.


ഗാസയിലെ ക്രൂരമായ വംശഹത്യക്കും യുദ്ധവെറിക്കും വോട്ടർമാർ കനത്ത തിരിച്ചടി നൽകിയതോടെ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ മുന്നണിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി പ്രസിഡന്റ് നടത്തിയ ചർച്ചയിൽ ഭൂരിഭാഗം എംപിമാരും പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിനെ പിന്തുണച്ചു.


120 അംഗ പാർലമെന്റിൽ 67 എം പിമാർ ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. നെതന്യാഹുവിന് 46 പേരുടെ പിന്തുണ മാത്രമാണ് നേടാനായത്. അൾട്രാ-ഓർത്തഡോക്സ് ഹരേദി പാർട്ടി 'യുണൈറ്റഡ് തോറ ജൂഡായിസം' അംഗങ്ങളായ ഏഴ് പേര്‍ വിട്ടു നിന്നു. നെതന്യാഹുവിന്റെ വംശീയ രാഷ്ട്രീയത്തിനെതിരെ റെക്കോർഡ് വിജയം നേടിയ അറബ് പാർട്ടികൾ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടി ചരിത്ര മുന്നേറ്റമാണ് നടത്തിയത്.


തീവ്ര വലതുപക്ഷ സർക്കാരിനെ അധികാരത്തിൽ നിന്ന് തൂത്തെറിയാൻ അറബ് പാർട്ടികൾ പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ് ഐസൻകോട്ടിന് മേൽക്കൈ നൽകിയത്. അതേസമയം, തീവ്ര വലതുപക്ഷ സഖ്യത്തിലെ പ്രമുഖരായ അൾട്രാ-ഓർതഡോക്സ് പാർട്ടിയായ 'യുണൈറ്റഡ് തോറ ജൂഡായിസം' നെതന്യാഹുവിനെ പിന്തുണയ്ക്കാതെ മാറിനിന്നത് അദ്ദേഹത്തിന് കനത്ത പ്രഹരമായി.


സർക്കാരിൽ ചേരാതെ പുറത്തു നിന്ന് പിന്തുണയ്ക്കാനാണ് അറബ് ജോയിൻ ലിസ്റ്റ് പാര്‍ടി തീരുമാനം. വിശ്വാസ വോട്ടെടുപ്പിൽ പിന്തുണയ്ക്കുക, അല്ലെങ്കിൽ വോട്ടെടുപ്പിൽ നിന്നു തന്നെ വിട്ടു നിൽക്കുക എന്ന നിലപാടാണ് വ്യക്തമാക്കിയത്. അറബ് പാര്‍ടികളിൽ ജോയിന്റ് ലിസ്റ്റിന് 11 സീറ്റുകളാണ് ഉള്ളത്. റാം അറബ് പാര്‍ടിക്ക് എട്ട് സീറ്റുകളും ഉണ്ട്. ജോയിന്റ് ലിസ്റ്റ് ഇതുവരെ ഒരു സര്‍ക്കാരിലും പങ്കാളിയാവുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല. റാം പാര്‍ടി 2021 ൽ ഇസ്രയേൽ സര്‍ക്കാരിൽ പങ്കാളിയായിട്ടുണ്ട്. ജോയിന്റ് ലിസ്റ്റിനെ അപേക്ഷിച്ച് മിതവാദ നിലപാടുകൾ പുലര്‍ത്തുന്ന പാര്‍ടിയാണ് റാം പാര്‍ടി. ഇവര്‍ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.


Related News

120 അംഗ പാർലമെന്റിൽ പുതിയ സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് ഒരാളെ ചുമതലപ്പെടുത്തിയാൽ അദ്ദേഹത്തിന് 28 ദിവസത്തെ സമയമാണ് ലഭിക്കുക. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടി നൽകാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home