Deshabhimani

കാലടിയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി പ്രകാശ് രാജ്; നാളെ സമരപ്പന്തലിലെത്തും

prakash raj
വെബ് ഡെസ്ക്

Published on Nov 06, 2026, 05:30 PM | 2 min read

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർ സിസ തോമസിന്റെ വിദ്യാർഥിവിരുദ്ധ നടപടികൾക്കെതിരെ സമരം നടത്തുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി നടൻ പ്രകാശ് രാജ് എത്തുന്നു. ശനിയാഴ്ച (നവംബർ 7) രാവിലെ 11ന് സർവകലാശാലയിലെ സമരപ്പന്തലിലെത്തി വിദ്യാർഥികളെ സന്ദർശിക്കും. പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെതിരെയാണ് എസ്എഫ്ഐയുടെ പ്രതിഷേധം. സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷയെഴുതാനുള്ള അവസരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് വിദ്യാർഥികൾ സർവകലാശാലാ കവാടത്തിൽ നിരാഹാരസമരം തുടരുന്നതിനിടെയാണ് പ്രകാശ് രാജിന്റെ സന്ദർശനം.


സസ്പെൻഷനിലായ പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്. നവംബർ രണ്ടിന് ചേർന്ന സിൻഡിക്കറ്റ് യോഗം 12 വിദ്യാർഥികളെ മാപ്പെഴുതി നൽകിയാൽ തിരിച്ചെടുക്കാമെന്നും നാലുപേരുടെ സസ്പെൻഷൻ രണ്ടുമാസംകൂടി നീട്ടാമെന്നുമാണ് തീരുമാനിച്ചത്. എന്നാൽ ചെയ്യാത്ത തെറ്റിന് മാപ്പുപറയില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവാണ് നിരാഹാരസമരം ഉദ്ഘാടനം ചെയ്തത്. വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് എസ്എഫ്ഐയുടെ നിലപാട്.


തിയേറ്റർ ആർട്സ് വിഭാഗത്തിലെ കേടായ ഉപകരണങ്ങൾ നന്നാക്കുക, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' എന്ന നാടകത്തെ തെറ്റായി വ്യാഖ്യാനിച്ചാണ്, സംഘപരിവാർ നോമിനിയായ താൽകാലിക വി സി യുടെ പ്രതികാരനടപടി. വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നാടകാവതരണമാണ് നടന്നതെന്നും എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച നാടകം സെക്രട്ടറിയറ്റിന് മുന്നിലും വിദ്യാർഥികൾ അവതരിപ്പിച്ചു.


സസ്പെൻഷനിലായ വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും സർവകലാശാല അധികൃതർ അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് പരീക്ഷയെഴുതാനുള്ള അനുമതി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ വിദ്യാർഥികൾ നിയമപോരാട്ടം തുടരുകയാണ്. പഠനാവകാശം നിഷേധിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മുൻ വൈസ് ചാൻസലർമാരും പ്രോ വൈസ് ചാൻസലർമാരും വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


വിദ്യാർഥികളുടെ സമരത്തിന് പിന്തുണയുമായി സിപിഐ എം നേതൃത്വത്തിൽ ജനകീയ സമരസഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. മുൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ ഉൾപ്പെടെയുള്ളവർ നിരാഹാരസമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചിരുന്നു. സർവകലാശാലാ അധികൃതരുടെ നടപടികൾക്കെതിരെ വിദ്യാർഥികൾക്കിടയിലും പ്രതിഷേധം ശക്തമാണ്. പരീക്ഷയ്ക്കെത്തിയ പിജി വിദ്യാർഥികൾ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുകയും സമരപ്പന്തലിലെത്തി ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് സമരത്തിന് പിന്തുണയുമായി പ്രകാശ് രാജും എത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home