പോരാട്ടങ്ങളുടെ പാതയിൽ ഇന്ത്യയിലെ വിദ്യാർഥികൾ; അലിഗഡിലെ എസ്എഫ്ഐ വിജയത്തെ അഭിനന്ദിച്ച് എം എ ബേബി

തിരുവനന്തപുരം: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായി എസ്എഫ്ഐ പ്രതിനിധികൾ വിജയം കൈവരിച്ചതിനെ അഭിനന്ദിച്ച് സിപിഐ എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി. രാജ്യത്താകെ യുവാക്കളും വിദ്യാർത്ഥികളും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ അലിഗഡിലെ ചരിത്രവിജയം ഏറെ പ്രതീക്ഷയേകുന്നതാണെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ കുറിച്ചു.
സമീപകാലങ്ങളിൽ നടന്ന പല സർവ്വകലാശാലകളിലെയും യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഹൈദരാബാദിലും പോണ്ടിച്ചേരിയിലും വിജയം കൈവരിച്ച എസ്എഫ്ഐ, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ ഇടങ്ങളിലും ശക്തമായ സാന്നിധ്യം അറിയിച്ചു.
രാജ്യത്തെ വിദ്യാർഥികൾ പോരാട്ടങ്ങൾക്കൊപ്പം നിൽക്കുന്നതിന്റെ ഭാഗമായി എസ്എഫ്ഐയെ തെരഞ്ഞെടുക്കുന്നത് ഊർജം പകരുന്നുവെന്നും അദ്ദേഹം കുറിച്ചു. അലിഗഡ് മുസ്ലിം സർവകലാശാലയിലെ യൂണിവേഴ്സിറ്റി യൂണിയനിലും വിമൻസ് കോളേജിലുമായി നടന്ന തെരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റുകളിലേക്കായാണ് എസ്എഫ്ഐ പ്രതിനിധികൾ വിജയിച്ചത്.
അലിഗഡിന്റെ ചരിത്രത്തിലാദ്യമായാണ് എസ്എഫ്ഐ പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവിലേക്ക് മലയാളി കൂടിയായ മുഹമ്മദ് മുഹ്‌സിനും വിമൻസ് യൂണിയനിലേക്ക് അനം റിയാസുമാണ് മുന്നിലെത്തിയത്. അനം റിയാസ് കോളേജിലെ ഔദ്യോഗിക സമിതി അംഗമായാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് മുഹ്‌സിൻ സൈക്കോളജി വിഭാഗത്തിലെ റിസർച്ച് സ്കോളറാണ്.








0 comments