Deshabhimani

ദീപാവലി: നവംബർ ഒമ്പതിന് അധിക അവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

diwali
വെബ് ഡെസ്ക്

Published on Nov 06, 2026, 06:10 PM | 1 min read

മുംബൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ ഒമ്പതിന് (തിങ്കൾ) അധിക അവധി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മുംബൈ നഗരത്തിലെയും മുംബൈ സബർബൻ ജില്ലയിലെയും സംസ്ഥാന സർക്കാർ, അർധസർക്കാർ ഓഫീസുകൾക്കാണ് അവധി ബാധകമാകുക. ഇതുസംബന്ധിച്ച് സംസ്ഥാന പൊതുഭരണ വകുപ്പ് നവംബർ ആറിന് ഉത്തരവിറക്കി. ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്ത് പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യവും നിലവിലുള്ള രീതിയും പരിഗണിച്ചാണ് തീരുമാനം.


മുംബൈ നഗരത്തിലും സബർബൻ ജില്ലയിലുമുള്ള സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ഈ വർഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രാദേശിക അവധിയാണിത്. നേരത്തെ ഗോപാൽകാല (ദഹിഹണ്ടി), അനന്ത ചതുർദശി ആഘോഷങ്ങളോടനുബന്ധിച്ച് പ്രാദേശിക അവധികൾ പ്രഖ്യാപിച്ചിരുന്നു. സെപ്തംബർ അഞ്ചിന് ഗോപാൽകാല ആഘോഷത്തിനും സെപ്തംബർ 28ന് അനന്ത ചതുർദശിക്കുമായിരുന്നു അവധി.


1958 നവംബർ അഞ്ചിലെ സർക്കാർ തീരുമാനത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് പുതിയ അവധി അനുവദിച്ചത്. മഹാരാഷ്ട്ര സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി അതുൽ പട്‌നെ ഡിജിറ്റലായി ഒപ്പുവെച്ച ഉത്തരവ് ഗവർണറുടെ സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ ഓഫീസ്, ഉപമുഖ്യമന്ത്രിമാരുടെ ഓഫീസുകൾ, വിവിധ വകുപ്പുകൾ, മുംബൈയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കൈമാറി. ഉത്തരവ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്.


ഈ വർഷം നവംബർ എട്ടിനാണ് ദീപാവലി അമാവാസി. പത്താം തീയതി ബലിപ്രതിപദയോടനുബന്ധിച്ചും മഹാരാഷ്ട്രയിൽ പൊതുഅവധിയുണ്ട്. നവംബർ 11ന് ഭാവുബീജ് ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും നേരത്തെ അധിക അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഒമ്പതാം തീയതിയും മുംബൈയിലെ സർക്കാർ, അർധസർക്കാർ ഓഫീസുകൾക്ക് അവധി അനുവദിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home