പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം: രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അസം സ്വദേശിയായ വിറ്റുപാന്റെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. കുട്ടിയുടെ തലക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ.
കെട്ടിടത്തിൽനിന്ന് വീണുണ്ടായ പരിക്കല്ല കുട്ടിയുടെ മരണത്തിന് കാരണമായതെന്നും തല ശക്തമായി ഭിത്തിയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ ക്ഷതമാണെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരം. കുട്ടിയെ രണ്ടാനച്ഛൻ മൊഹേശ്വർ നിരന്തരം മർദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അയൽവാസികളും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
കുട്ടി കെട്ടിടത്തിൽനിന്ന് വീണെന്നായിരുന്നു രണ്ടാനച്ഛൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ മുഖത്തും ശരീരത്തിലും പരിക്കുകളുടെ പാടുകൾ കണ്ടെത്തിയിരുന്നു. ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
സംഭവത്തിൽ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയെയും സഹോദരിയെയും സുരക്ഷിതത്വം കണക്കിലെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.









0 comments