നഗരമധ്യത്തിലുള്ള വീട്ടിൽ നടന്നത് ഏഴു കൊലകൾ; ബംഗളുരുവിലെ സിനിമാക്കഥയെ വെല്ലുന്ന കൂട്ടക്കൊലയുടെ കഥ..!

ബംഗളുരുവിലെ 59 ക്രോസിലെ വീട് സ്ഥിതിചെയ്യുന്നത് നഗരമധ്യത്തിലാണ്. ചുറ്റും ആളും ബഹളവും തിരക്കുമുള്ള ഒരു പ്രദേശത്തെ വീട്ടിനുള്ളിൽ ആരുമറിയാതെ നടന്നത് ഏഴ് കൊലപാതകങ്ങളാണ്. വീട്ടിൽ പോകണം എന്ന ഭാര്യയുടെ നിർബന്ധത്തിൽ അരിശംകൊണ്ട ഭർത്താവ് ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെയാണ് ദാരുണമായി കൊലപ്പെടുത്തിയത്.
ഇന്ദുശേഖറും ഭാര്യ സുനിതയുമായി നിരന്തരം തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. തന്റെ വീട്ടിൽ പോയി നിൽക്കണമെന്നും കുടുംബവുമായി സമയം ചെലവഴിക്കണമെന്നും സുനിത നിരന്തരം ആവശ്യപ്പെടാറുണ്ട്. എന്നാൽ ഒരിക്കൽ പോലും ഇന്ദുശേഖർ ഇത് വകവച്ചില്ല.
സുനിതയ്ക്ക് അമ്മയും സഹോദരങ്ങളും നൽകിയ പിന്തുണയിലും ഇന്ദുശേഖറിന് കടുത്ത നീരസമുണ്ടായിരുന്നു. ഭാര്യയ്ക്ക് കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുള്ള താല്പര്യം ഇന്ദുശേഖരിന്റെ ഉള്ളിൽ വളർന്നത് ഭാര്യയുടെ വീട്ടുകാരോടുള്ള പകയായാണ്.
15 മുതൽ 20 ദിവസങ്ങൾ കൊണ്ട് ആസൂത്രിതമായാണ് ഇന്ദുശേഖർ ഭാര്യയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയത്. കാബ് ഡ്രൈവർ കൂടിയായ ഇന്ദുശേഖർ ആദ്യം വീട്ടിലെത്തി ഭാര്യയെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു.
ചിക്കബെല്ലാപൂർ ജില്ലയിലെ നന്ദി ഹിൽസിന് സമീപം തുണിയിൽ പൊതിഞ്ഞ നിലയിലാണ് സുനിതയുടെ മൃതദേഹം ഇന്ദുശേഖർ നിക്ഷേപിച്ചത്. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അയൽക്കാരോട് സംശയം തോന്നാതിരിക്കാൻ അവൾ ഒരു യാത്ര പോയിരിക്കുകയാണെന്ന് പറഞ്ഞു.
കുറച്ചുദിവസങ്ങൾക്ക് ശേഷം വീട്ടിൽ ഒരു ചടങ്ങുണ്ടെന്ന് പറഞ്ഞ് രൂപവതിയുടെ സഹോദരങ്ങളായ ശിവകുമാർ, ശങ്കർ എന്നിവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി. സുനിതയെ കൊന്ന അതേ രീതിയിൽ ഇവരെയും അരകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.
വീടുവൃത്തിയാക്കാനുപയോഗിക്കുന്ന രാസവസ്തുക്കളുപയോഗിച്ച് വീടിനുള്ളിലെ രക്തക്കറ മായ്ച്ചശേഷം ഇന്ദുശേഖർ അടുത്ത കൊലയ്ക്ക് തയാറെടുത്തു. അപ്പോഴും ചുറ്റുവട്ടത്താരും ഈ സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല.
പിന്നീട്, സുനിതയുടെ 'അമ്മ രൂപവതി, ശിവകുമാറിന്റെ ഭാര്യ ദിവ്യ, മകൻ പുനീത്, ശങ്കറിന്റെ ഭാര്യ നളിനി എന്നിവരെ ഇന്ദുശേഖർ വീട്ടിലേക്ക് വിളിച്ചുവരുത്തി അതേരീതിയിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകളെ കാണാനില്ലെന്ന നളിനിയുടെ അമ്മയുടെ പരാതിയെതുടർന്നാണ് പൊലീസ് ഇന്ദുശേഖറിലെത്തുന്നത്. നളിനിക്കായുള്ള തിരച്ചിലിനൊടുവിൽ പൊലീസിനെ കാത്തിരുന്നത് മൂന്ന് ദിവസം കൊണ്ട് നടന്ന ഏഴ് ക്രൂരകൊലപാതകങ്ങളാണ്.
നന്ദി ഹിൽസിന് സമീപം നടത്തിയ വ്യാപകമായ തിരച്ചിലിനു ശേഷമാണ് പുനീതിന്റെ മൃതദേഹം കണ്ടെടുത്തത്. ബെംഗളൂരുവിലും ചിക്കബെല്ലാപൂർ ഉൾപ്പെടെയുള്ള അയൽ ജില്ലകളിലും വിവിധ സ്ഥലങ്ങളിലായി ബാക്കി നാല് മൃതദേഹങ്ങളും ഉപേക്ഷിച്ചതായി ഇന്ദുശേഖർ തന്നെ സമ്മതിച്ചിട്ടുണ്ട്.
ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഞെട്ടിക്കുന്ന മറ്റൊരു വസ്തുത, ഇന്ദുശേഖറിനെ ഈ ഏഴ് കൊലപാതകങ്ങളും സഹായിച്ചത് ഇവരുടെ 17 വയസുകാരിയായ മകളാണെന്നതാണ്.
അമ്മയെയും മുത്തശ്ശിയേയും മറ്റു ബന്ധുക്കളെയും ഏഴ് വയസുകാരനായ തന്റെ കുഞ്ഞനുജൻ പുനീതിനെയും കൊലപ്പെടുത്താനും അവരുടെ മൃതദേഹങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കാനും മകളും കൂട്ടുനിന്നിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
കൊലപാതകങ്ങളിൽ മക്കൾക്കുള്ള പങ്ക് പൊലീസ് അന്വേഷിച്ചുവരികയാണ്. നഗരമധ്യത്തിൽ ഒരു മനുഷ്യൻ പോലുമറിയാതെ ഇത്രയും വലിയ ക്രൂരകൃത്യം നടന്നതിന്റെ നടുക്കത്തിലാണ് നാട്ടുകാർ.








0 comments