2027 ഏകദിന ലോകകപ്പ്; യോഗ്യതാ പ്ലേ ഓഫ് ഡിസംബർ 4 മുതൽ നേപ്പാളിൽ

കാഠ്മണ്ഡു: 2027 ഏകദിന ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടങ്ങൾക്ക് മുന്നോടിയായുള്ള യോഗ്യതാ പ്ലേ ഓഫ് ഡിസംബർ നാലിന് നേപ്പാളിൽ ആരംഭിക്കും. ടൂർണമെന്റിന്റെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു.
ആദ്യ മത്സരത്തിൽ ആതിഥേയരായ നേപ്പാൾ ഇറ്റലിയെ നേരിടും. ത്രിഭുവൻ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. മറ്റൊരു മത്സരത്തിൽ നമീബിയ ഉഗാണ്ടയുമായി ഏറ്റുമുട്ടും.
കാനഡ, കുവൈത്ത്, ജേഴ്സി, യുഎഇ എന്നിവയാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന പ്ലേ ഓഫിൽ നിന്ന് നാല് ടീമുകൾക്കാണ് 2027 ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലേക്ക് അവസരം ലഭിക്കുക.
പത്ത് ടീമുകൾ പങ്കെടുക്കുന്ന ആഗോള യോഗ്യതാ ടൂർണമെന്റിൽ അയർലൻഡും വെസ്റ്റ് ഇൻഡീസും നേരത്തേ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യുഎസ്എ, സ്കോട്ട്ലൻഡ്, നെതർലൻഡ്സ്, ഒമാൻ ടീമുകൾ ലോകകപ്പ് ലീഗ് 2 വഴിയും യോഗ്യത നേടി.
ആഗോള യോഗ്യതാ ടൂർണമെന്റിൽ ഒന്നാമതെത്തുന്ന ടീമിന് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സൂപ്പർ സീരീസിൽ മത്സരിക്കും. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027 ലോകകപ്പ് നടക്കുക.








0 comments