Deshabhimani

കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമർശനം; കർശന നടപടിക്ക് നിർദേശം

private bus high court.jpg

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Nov 06, 2026, 05:45 PM | 1 min read

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ അമിതവേഗതയിലും അപകടകരമായ ഡ്രൈവിങ്ങിലും രൂക്ഷവിമർശനവുമായി ഹൈക്കോടതി. റോഡിലൂടെ നടക്കുന്ന പൗരന്മാർക്ക് സംരക്ഷണം നൽകാൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കാക്കനാട് യുവതി അപകടത്തിൽപ്പെട്ട ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചശേഷമാണ് ഹൈക്കോടതിയുടെ പ്രതികരണം.


അപകടകരമായി വാഹനം ഓടിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. ഡ്രൈവർമാർക്ക് നിയമത്തോടോ പൊലീസിനോടോ ഭയമില്ലെന്നും കൊച്ചിയിലെ നിരത്തുകളിൽ ആളുകൾ വർധിച്ചിട്ടുണ്ടെന്നും കോടതി ഓർമിപ്പിച്ചു.


റോഡുകളിൽ ഫുട്പാത്തുകൾ നിർമിക്കാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ കൊച്ചി കോർപറേഷന് അന്ത്യശാസനം നൽകി. നടപടിയെടുത്തില്ലെങ്കിൽ കോർപറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.


തെറ്റായ രീതിയിൽ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന ഡ്രൈവർമാർ വാഹനം ഓടിക്കാൻ യോഗ്യരല്ലെന്ന് വ്യക്തമാക്കിയ കോടതി, കുറ്റക്കാരായ ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അറിയിച്ചു. സ്വകാര്യ ബസുകൾ കില്ലിങ് മെഷീനാകരുതെന്നും പോലീസ് ഉരുക്ക് മുഷ്ടി പ്രയോഗിക്കണമെന്നും കോടതി നിരീക്ഷിച്ചു.


ബസുകളുടെ സമയക്രമം പാലിക്കാനാണ് വേഗത കൂട്ടുന്നതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും, സമയക്രമം നോക്കേണ്ടത് പൊലീസിന്റെ ജോലിയല്ലെന്നും കോടതി ഓർമിപ്പിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home