'ദൂസര' സിനിമ ഗാംഗുലിയുടെ വ്യക്തിത്വാവകാശം ലംഘിച്ചെന്ന് കോടതി; നിർമാതാക്കൾ 2 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകണം

ന്യൂഡൽഹി: സൗരവ് ഗാംഗുലിയുടെ വ്യക്തിത്വാവകാശങ്ങൾ 'ദൂസര' സിനിമ പ്രഥമദൃഷ്ട്യാ ലംഘിച്ചെന്ന് ഡൽഹി ഹൈക്കോടതി. എന്നാൽ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് തടയാൻ കോടതി വിസമ്മതിച്ചു. സിനിമയിൽ ഉചിതമായ നിരാകരണ കുറിപ്പ് ഉൾപ്പെടുത്താനും നിർമാതാക്കൾ രണ്ട് കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാനും കോടതി നിർദേശിച്ചു.
സിനിമ ചരിത്രസംഭവങ്ങളുടെ ചിത്രീകരണത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ഗാംഗുലിയുടെ വ്യക്തിത്വവും പ്രശസ്തിയും വാണിജ്യപരമായി ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് ജസ്റ്റിസ് തേജസ് കാരിയയുടെ നിരീക്ഷണം.
ഗാംഗുലിയും അദ്ദേഹത്തിന്റെ ജീവചരിത്ര സിനിമ നിർമിക്കുന്ന ലവ് ഫിലിംസ് എൽഎൽപിയും നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ ഒക്ടോബർ 22ന് സിനിമയുടെ റിലീസ് തടയണമെന്ന ഗാംഗുലിയുടെ ആവശ്യം കോടതി നിരസിച്ചിരുന്നു.
അഭിനയ് ദിയോ സംവിധാനം ചെയ്ത 'ദൂസ്ര: ഇന്ത്യാസ് അദർ ഫ്രീഡം സ്ട്രഗിൾ' ഒക്ടോബർ 23നാണ് തിയേറ്ററുകളിലെത്തിയത്. പ്ലബിത ബോർഠാക്കൂർ, അങ്കുർ വികാൽ, സമിധ ഗുരു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.









0 comments