Deshabhimani

മുസ്ലിംലീഗിന്റെ മതേതര പ്രസംഗം ചെകുത്താൻ വേദമോതുന്നതുപോലെ, അവർക്കൊരിക്കലും മതേതര പാർടിയാവാൻ കഴിയില്ല: കെ ടി ജലീൽ

kt jaleel
വെബ് ഡെസ്ക്

Published on Nov 06, 2026, 04:16 PM | 3 min read

മുസ്ലിംലീഗിന് ഒരു മതേതര രാഷ്ട്രീയ പാർട്ടിയാകാൻ കഴിയില്ലെന്ന് കെ ടി ജലീൽ. പേരിലെ 'മുസ്ലിം' എന്ന വിശേഷണവും പതാകയിലെ അർധചന്ദ്രനും നക്ഷത്രവും മതസ്ഥാപനങ്ങളുടെ മേലുള്ള അതിരുകടന്ന നിയന്ത്രണവും മതത്തെ മുൻനിർത്തിയുള്ള വോട്ടുപിടിത്തവും തുടരുന്നിടത്തോളം ലീഗിന് മതേതര പാർട്ടിയാകാനാവില്ല. ബിജെപി ഹിന്ദു സമുദായത്തിലും കാസ ക്രൈസ്തവ വിഭാഗത്തിലും ചെയ്യുന്നതാണ് അൽപം തേൻപുരട്ടി മുസ്ലിംലീഗ് മുസ്ലിം സമുദായത്തിൽ ചെയ്യുന്നതെന്നും ജലീൽ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലീഗിന്റെ മതേതര പ്രസംഗം ചെകുത്താൻ വേദമോതുന്നതുപോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.


മുസ്ലിംലീഗല്ലാത്ത പാർടികളിൽ പ്രവർത്തിക്കുന്ന മുസ്ലിങ്ങളെ യഥാർഥ മുസ്ലിങ്ങളായി അംഗീകരിക്കാൻ പോലും ലീഗുകാർക്ക് മടിയാണെന്ന് ജലീൽ പറഞ്ഞു. ഇതര പാർട്ടികളിലെ മുസ്ലിം നേതാക്കളെ സമുദായവഞ്ചകരായി ചിത്രീകരിക്കുകയാണ് ലീഗിന്റെ രീതി. കോൺഗ്രസിലെയും കമ്യൂണിസ്റ്റ് പാർട്ടികളിലെയും മുസ്ലിങ്ങളാണ് ലീഗിന്റെ എക്കാലത്തെയും പ്രഖ്യാപിത ശത്രുക്കൾ. മതേതരത്വം പ്രസംഗിക്കുന്ന ലീഗ് സ്വന്തം ജനപ്രതിനിധികളിൽ മറ്റു മതസ്ഥർക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ യഥാർഥ മതേതര പാർട്ടിയാക്കണമെങ്കിൽ പേരിൽനിന്ന് 'മുസ്ലിം' ഒഴിവാക്കുകയും പതാക മാറ്റുകയും മതത്തെയും മതചിഹ്നങ്ങളെയും ഉപയോഗിച്ചുള്ള വോട്ടുപിടിത്തം അവസാനിപ്പിക്കുകയും വേണമെന്നും ജലീൽ ആവശ്യപ്പെട്ടു. ലീഗ് സൈബർ ആക്രമണങ്ങളിലൂടെ തന്നെ നിശബ്ദനാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:


ലീഗിൻ്റെ മുന്നിലെ "മുസ്ലിമും", ലീഗ് പതാകയിലെ "അർധചന്ദ്ര നക്ഷത്ര"വും, ലീഗ് സംസ്ഥാന പ്രസിഡണ്ടിൻ്റെ 'ഖാളി' സ്ഥാനവും, പള്ളി, മദ്രസ, മഹല്ല്'' സംവിധാനങ്ങളുടെ മേലുള്ള ലീഗിൻ്റെ അതിരുകടന്ന നിയന്ത്രണവും, "ദീനും, ഇസ്ലാമും, മുസ്ലിമും" പറഞ്ഞുള്ള വോട്ടുപിടുത്തവും തുടരുന്നേടത്തോളം കാലം, മുസ്ലിംലീഗിന് ഒരു സെക്കുലർ പാർട്ടിയാകാൻ കഴിയില്ല. ബിജെപി ഹിന്ദു സമുദായത്തിലും, 'കാസ'ക്കാർ ക്രൈസ്തവ വിഭാഗത്തിലും, ചെയ്യുന്ന കാര്യങ്ങളാണ് അൽപം തേൻപുരട്ടി ലീഗ് മുസ്ലിം സമുദായത്തിലും ചെയ്യുന്നത്. ലീഗിനെ അടുത്ത് മനസ്സിലാക്കിയ ആർക്കും ഇത് നിഷേധിക്കാനാവില്ല.


മുസ്ലിംലീഗല്ലാത്ത പാർട്ടികളിൽ പ്രവർത്തിക്കുന്നവരെ "യഥാർത്ഥ മുസ്ലിങ്ങളാ"യിപ്പോലും അംഗീകരിക്കാൻ ലീഗുകാർക്ക് വിമ്മിഷ്ടമാണ്. ഇതര പാർട്ടികളിലെ മുസ്ലിംനേതാക്കളെ "ഒറ്റുകാരും, സമുദായ വഞ്ചകരു"മായാണ് ലീഗ് സമുദായത്തിനിടയിൽ പ്രചരിപ്പിക്കുക. മരണം വരെ ആര്യാടൻ മുഹമ്മദിന് ആ അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മാതൃകാ വിശ്വാസിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനോ, ഇ മൊയ്തു മൗലവവിക്കോ പോലും ലീഗിൻ്റെ "നല്ലപിള്ള" പട്ടികയിൽ മരണം വരെ ഇടം കിട്ടിയിട്ടില്ല. കോൺഗ്രസ്സിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികളിലെയും മുസ്ലിങ്ങളാണ് ലീഗിൻ്റെ എക്കാലത്തെയും പ്രഖ്യാപിത ശത്രുക്കൾ. അതുകഴിഞ്ഞേ RSS കാർ പോലും വരികയുള്ളൂ.


ലീഗിൻ്റെ "വില്ലൻപട്ടിക"യിൽ രണ്ടു പതിറ്റാണ്ടായി കമ്മ്യൂണിസ്റ്റു പാർട്ടികളിലെ ഹിന്ദു-കൃസ്ത്യൻ പേരുള്ള സഖാക്കളെയും അവർ പുതുതായി ഉൾപ്പെടുത്തിയതു കാണാം. ലീഗുകാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കണ്ണോടിച്ചാൽ ഇക്കാര്യം സംശയലേശമന്യെ ബോദ്ധ്യമാകും. ലീഗല്ലാത്തതിൻ്റെ പേരിൽ ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരും അദ്ദേഹത്തിൻ്റെ അനുയായികളും നേരിട്ട ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും കയ്യും കണക്കുമില്ല. എന്തിനധികം, സുന്നി ഇ.കെ വിഭാഗത്തിലെ പത്തരമാറ്റ് ലീഗല്ലാത്ത നേതാക്കളെയും പ്രവർത്തകരെയും പോലും മുസ്ലിംലീഗ് നേരിടുന്ന രീതി മാടത്തായി പള്ളിയിലും, ചില നബിദിന ഘോഷയാത്രയിലും നാം കണ്ടതാണ്.


ബി.ജെ.പിക്ക് രാജ്യത്ത് ഒരൊറ്റ മുസ്ലിം MLA-യോ MP-യോ ഇല്ല. ലീഗിന് കേരളത്തിലും തമിഴ്നാട്ടിലുമായി മുസ്ലിംലീഗിന് 24 MLA മാരുണ്ട്. ഒന്ന് പോലും ഹിന്ദുവോ ക്രൈസ്തവനോ ഇല്ല. 5 MP മാരിലും മുസ്ലിങ്ങളല്ലാത്തവർ ഇല്ല. കേരളത്തിലും തമിഴ്നാട്ടിലുമായി ലീഗിന് ആറു മന്ത്രിമാരുണ്ട്. എല്ലാം മുസ്ലിങ്ങൾ. SC/ST റിസർവേഷനല്ലാത്ത ഏതെങ്കിലും ഒരു സ്ഥലത്ത് പഞ്ചായത്ത് പ്രസിഡണ്ടോ, മുനിസിപ്പൽ ചെയർമാനോ ക്രൈസ്തവരെയോ ജനറൽ ഹിന്ദു വിഭാഗത്തിൽ നിന്നുള്ളവരെയോ ലീഗ് വച്ചിട്ടുണ്ടോ? ചെകുത്താൻ വേദമോതുന്ന പോലെയാണ് ലീഗിൻ്റെ മതേതര പ്രസംഗം. കോൺഗ്രസ് നേതാക്കളായ ആൻ്റെണിയെയും ജോയിയേയും ജയിപ്പിച്ചതിൻ്റെ മഹത്വം പറയുകയല്ല വേണ്ടത്. കോണി ചിഹ്നത്തിൽ മലപ്പുറത്ത് സഹോദര മതസ്ഥനായ ഒരാളെ മൽസരിപ്പിച്ച് ജയിപ്പിച്ച് കാണിക്കുകയാണ് വേണ്ടത്.


മഹാരാജാസ് കോളേജിലെ നഫീസത്തുൽ മിസ്രിയ എന്ന പെൺകുട്ടിയെ ഏറ്റവുമധികം അസഭ്യങ്ങൾ കൊണ്ട് അഭിഷേകം നടത്തിയവരിൽ മഹാഭൂരിഭാഗവും ലീഗ് സൈബർ പ്രൊഫൈലുകളാണ്. സഖാവ് റഹീമിനെ താറടിക്കാനും ഇകഴ്ത്തി കാണിക്കാനും ലീഗ് സൈബർവിംഗ് തന്നെയാണ് മുൻപന്തിയിൽ. മുൻമന്ത്രി റിയാസിനെ അവഹേളിക്കാൻ തുനിഞ്ഞിറങ്ങിയതും ആരെക്കാളുമധികം ലീഗുകാരാണ്. ലീഗിലൂടെയല്ലാതെ ഒരു മുസ്ലിമും കേരളത്തിൽ MLA-യോ, MP-യോ, മന്ത്രിയോ, നേതാവോ ആകാൻ പാടില്ലെന്നാണ് ലീഗിൻ്റെ തിട്ടൂരം.


ലീഗ് സൈബറുകാർ എന്നെ ഉന്നംവെച്ച് നടത്തുന്ന ആക്രമണം എൻ്റെ നാവിനും പേനക്കും കൂച്ചുവിലങ്ങിടാനാണ്. അവരോട് എനിക്കൊന്നേ പറയാനുള്ളൂ. എന്നെ അടിക്കുന്നതിൻ്റെ പതിന്മടങ്ങ് ശക്തിയോടെ ഞാൻ തിരിച്ചടിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ തെറി വിളിച്ചും പുലഭ്യം പറഞ്ഞും എന്നെ നിശബ്ദമാക്കാമെന്ന വിചാരം ലീഗുകാർക്കു വേണ്ട. മാന്യതയാണെങ്കിൽ മാന്യത. മാന്യത കെട്ടാണെങ്കിൽ അങ്ങിനെ.


ലീഗ് മതേതരമാകണമെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയും വിധം സംഗ്രഹിക്കാം. ലീഗുകാർ സശ്രദ്ധം വായിച്ചു പഠിക്കുക.


1) ലീഗിൻ്റെ മുന്നിൽ നിന്ന് 'മുസ്ലിം' ഒഴിവാക്കുക.


2) രാഹുൽഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ കേരളത്തിൽ വരുമ്പോൾ പോലും ഉയർത്താൻ വിലക്കുള്ളതും, ഡൽഹിയിൽ എല്ലാവരും കൂടുന്നേടത്ത് പുറത്തെടുക്കാൻ കഴിയാത്തതുമായ പതാക ഉടൻ മാറ്റുക.


3) മതത്തെയും മതചിഹ്നങ്ങളെയും ദുരുപയോഗിച്ച് വോട്ടു തട്ടുന്ന രീതി അവസാനിപ്പിക്കുക.


4) തെരഞ്ഞെടുപ്പിൻ്റെ തലേ ദിവസം, ഖുർആനിൽ തൊട്ട് സത്യം ചെയ്യിക്കലും, നമസ്കാരപ്പായയിൽ വെച്ചുള്ള ആണയിടീക്കലും, ലീഗിന് വോട്ട് തേടിക്കൊണ്ടുള്ള 'ഖാളി'യായ പാണക്കാട്ടെ തങ്ങളുടെ കത്ത് വിതരണം ചെയ്യലും മുസ്ലിംലീഗ് നിർത്തുക.


5) ലീഗനുകൂല പണ്ഡിതൻമാരോട്, ലീഗായാൽ സ്വർഗ്ഗത്തിൽ കടക്കുമെന്നും, പിണറായി വിജയനെക്കാളും അച്ചുതാനന്ദനെക്കാളും നല്ലത് ബാഫഖി തങ്ങളും പാണക്കാട്ടെ തങ്ങൻമാരുമാണെന്ന രീതിയിൽ പ്രസംഗിക്കരുതെന്ന് ലീഗ് നേതൃത്വം ശക്തമായി നിർദ്ദേശിക്കുക.


6) ഒരു ബഹുമത സമൂഹത്തിൽ മതമാണ്, മതമാണ്, മതമാണ് പ്രശ്നമെന്നും, പച്ചക്കൊടി പിടിച്ചാൽ 'അന്ത്യനാളിൽ' ദൈവിക സിംഹാസനത്തിൻ്റെ തണൽ കിട്ടുമെന്നും, ലീഗിൻ്റെ മെമ്പർഷിപ്പെടുത്ത് നേരെ നടന്നാൽ സ്വർഗ്ഗത്തിലെത്തുമെന്നുമെല്ലാമുള്ള അസംബന്ധങ്ങൾ എഴുന്നള്ളിക്കാതിരിക്കാനുള്ള ഔചിത്യം ലീഗ് നേതാക്കൾ നിർബന്ധമായും പുലർത്തുക.


7) എല്ലാ മുസ്ലിങ്ങളും ലീഗിൽ അണിനിരക്കണമെന്നും അല്ലാത്തവരെ രണ്ടാംതരം മുസ്ലിങ്ങളായേ സമുദായം കാണൂ എന്നുമുള്ള പരമ്പരാഗത 'ദുശ്ശാഠ്യം', ലീഗ് അറബിക്കടലിൽ മുക്കിത്താഴ്ത്തുക.


ഒരു മതേതര രാഷ്ട്രീയപാർട്ടി, വിവിധ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം പോലെയാകണം. അല്ലാതെ ലീഗിനെയും ബി.ജെ.പിയേയും പോലെ ഒരുനിറത്തിലുള്ള പൂക്കൾ മാത്രം നിറഞ്ഞു നിൽക്കുന്നതാകരുത്. ഒരു സെക്കുലർ പൊളിറ്റിക്കൽ പാർട്ടി, മഴവിൽ വർണങ്ങളിൽ തിളങ്ങുന്ന ആകാശം പോലെയാകണം. അല്ലാതെ ബി.ജെ.പിയേയും ലീഗിനെയും പോലെ ഇരുണ്ട കാർമേഘങ്ങൾ മൂടിയ കറുത്ത ആകാശം കണക്കെ ആകരുത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home