കാർ വാങ്ങിയിട്ട് എട്ടുവർഷം, രജിസ്ട്രേഷൻ രേഖകൾ നൽകിയില്ല; 1.72 ലക്ഷം രൂപ പലിശസഹിതം തിരികെ നൽകാൻ ഉത്തരവ്

കൊൽക്കത്ത: പണം നൽകി പുതിയ കാർ വാങ്ങിയിട്ടും എട്ടുവർഷത്തോളം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാകാതെ ഉടമ. ഡീലർ ആവശ്യമായ രേഖകൾ നൽകാത്തതിനെത്തുടർന്നാണ് ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 വാങ്ങിയ തൻമയ് മൈതി ദുരിതത്തിലായത്. വർഷങ്ങളായി വീട്ടിൽ നിർത്തിയിട്ടിരിക്കുന്ന കാർ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ രേഖകൾ 45 ദിവസത്തിനകം കൈമാറണമെന്ന് പശ്ചിമ ബംഗാളിലെ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. രേഖകൾ നൽകാത്തതിനാൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനായില്ലെങ്കിൽ 1.72 ലക്ഷം രൂപ ഒമ്പത് ശതമാനം വാർഷിക പലിശസഹിതം തിരികെ നൽകണം. നിയമനടപടികളുടെ ചെലവായി 5,000 രൂപയും നൽകണം.
2018 ജൂൺ 13നാണ് മോഹൻ മോട്ടോർ ഡീലേഴ്സിൽനിന്ന് തൻമയ് മൈതി കാർ ബുക്ക് ചെയ്തത്. ആദ്യം 5,000 രൂപ ചെക്കായി നൽകി. ജൂൺ 30ന് 95,000 രൂപ കൂടി അടച്ചു. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനിയുമായുള്ള വായ്പാ കരാറിലൂടെ 72,000 രൂപയും ഡീലർക്ക് ലഭിച്ചു. എന്നാൽ കാർ കൈമാറിയിട്ടും രജിസ്ട്രേഷൻ നമ്പറോ ആവശ്യമായ രേഖകളോ നൽകിയില്ല. പലതവണ ഡീലറുടെ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ രജിസ്ട്രേഷന് ആവശ്യമായ രേഖകൾ ഹൗറ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഡീലർ സമർപ്പിച്ചിട്ടില്ലെന്ന് മനസ്സിലായത്. ഇതിനിടെ ഡീലർ സ്ഥാപനത്തിന്റെ ഓഫീസുകളെല്ലാം അടച്ചുപൂട്ടിയതായും പരാതിക്കാരൻ ആരോപിച്ചു. രജിസ്ട്രേഷൻ നടത്താൻ കഴിയാത്തതിനാൽ വാങ്ങിയ ദിവസം മുതൽ കാർ വീട്ടിൽ നിർത്തിയിടേണ്ടിവന്നു. വർഷങ്ങളോളം ഉപയോഗിക്കാതെ കിടന്നതോടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ നേരിട്ടതായും മൈതി പരാതിയിൽ വ്യക്തമാക്കി.
നിയമനോട്ടീസ് അയച്ചിട്ടും പ്രതികരണം ലഭിക്കാതായതോടെയാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. രജിസ്ട്രേഷൻ രേഖകൾ ലഭ്യമാക്കണമെന്നും അല്ലെങ്കിൽ പണം തിരികെ നൽകണമെന്നുമായിരുന്നു ആവശ്യം. നഷ്ടപരിഹാരമായി മൂന്നുലക്ഷം രൂപയും ആവശ്യപ്പെട്ടു. എന്നാൽ എതിർകക്ഷികളായ നാലുപേരും കമ്മീഷനിൽ ഹാജരായില്ല. തുടർന്ന് ഇവരുടെ അഭാവത്തിലാണ് പരാതി പരിഗണിച്ചത്.
കാറിന്റെ രജിസ്ട്രേഷനായി ഹൗറ ആർടിഒയിൽ അപേക്ഷ നൽകിയതായി രേഖകളുണ്ടെങ്കിലും നടപടികൾ പൂർത്തിയായിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പ്രസിഡന്റ് സഞ്ജയ് മുഖോപാധ്യായ, അംഗങ്ങളായ ലിപിക ഘോഷ്, മാനസ് ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് നവംബർ രണ്ടിന് ഉത്തരവിട്ടത്. 45 ദിവസത്തിനകം രേഖകൾ നൽകണമെന്നും വീഴ്ച കാരണം രജിസ്ട്രേഷൻ പൂർത്തിയാക്കാനായില്ലെങ്കിൽ പണം സ്വീകരിച്ച തീയതികൾ മുതൽ ഒമ്പത് ശതമാനം വാർഷിക പലിശ കണക്കാക്കി തുക തിരികെ നൽകണമെന്നുമാണ് ഉത്തരവ്.









0 comments