കൊച്ചി വാട്ടര്‍ മെട്രോയിൽ 80 ലക്ഷം പിന്നിട്ട് യാത്രക്കാര്‍

കൊച്ചി: കൊച്ചിയുടെ അഭിമാനമായ വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജലഗതാഗത രംഗത്ത് മാതൃകയായ കൊച്ചി വാട്ടര്‍ മെട്രോ 80 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തി.
വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 2026 നവംബര്‍ 5 വരെയുള്ള മൂന്നര വര്‍ഷത്തിനിടെ 80,23,171 പേരാണ് യാത്ര ചെയ്തത്. 2023 ഏപ്രില്‍ 26ന് സര്‍വീസ് ആരംഭിച്ച 2023-24 സാമ്പത്തിക വര്‍ഷം 18,44,375 പേരും 2024-25 സാമ്പത്തിക വര്‍ഷം 21,08,148 പേരും 2025-26 സാമ്പത്തിക വര്‍ഷം 24,64,559 പേരും 2026-27 ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ 31 വരെ 15,69,802 പേരും വാട്ടര്‍ മെട്രോ പ്രയോജനപ്പെടുത്തി.
ഒക്‌ടോബര്‍ 31 വരെ ടിക്കറ്റ് വരുമാനത്തിലൂടെ 30.24 കോടി രൂപ (30,24,58,384)യും ലഭിച്ചു. 2023-24 സാമ്പത്തിക വര്‍ഷം 4,13,20,240 രൂപയും 2024-25 സാമ്പത്തിക വര്‍ഷം 8,13,54,933 രൂപയും 2025-26 സാമ്പത്തിക വര്‍ഷം 10,89,86,929 രൂപയും 2026-27 സാമ്പത്തിക വര്‍ഷം ഒക്‌ടോബര്‍ 31 വവെ 7,07,96,281 രൂപയും ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം ലഭിച്ചു.
തുടക്കം മുതല്‍ തന്നെ പൊതുജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയും സ്വീകാര്യതയുമാണ് ഈ നേട്ടത്തിനു കാരണം. രാജ്യത്തിനകത്തും പുറത്തുനിന്നും വാട്ടര്‍ മെട്രോയെക്കുറിച്ച് അറിഞ്ഞ് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി. കൊച്ചി വാട്ടര്‍ മെട്രോ അന്താരാഷ്ട്ര വേദികളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു മാതൃകാ പദ്ധതിയായി വളര്‍ന്നിരിക്കുന്നു.









0 comments