കസേരയിൽ ഇരിക്കാനൊരു മന്ത്രി; വകുപ്പിൽ കാര്യങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി

വൈദ്യുത മന്ത്രി സണ്ണി ജോസഫ്, മുന് മന്ത്രിമാരായ എം എം മണി, കെ കൃഷ്ണന്കുട്ടി
തിരുവനന്തപുരം: 'എല്ലാം മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനമാണ്, അതുകൊണ്ട് ഞാൻ വിശദീകരിക്കുന്നില്ല'. സ്വന്തം വകുപ്പിലെ കാര്യം ചോദിച്ചപ്പോൾ സംസ്ഥാനത്തെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയുടെ പ്രതികരണമാണിത്. ഹിമാചലിൽനിന്നുള്ള കൂടുതൽ ലാഭകരമായ വൈദ്യുതി ഒഴിവാക്കി, ജിഎൻഎ വഴി സ്വകാര്യ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു മുതിർന്ന നേതാവ് കൂടിയായ മന്ത്രി സണ്ണി ജോസഫിന്റെ ദയനീയ മറുപടി. പരിണിതപ്രഞ്ജനായ ഒരു യുഡിഎഫ്മന്ത്രിയുടെ നിസ്സഹായതയും കഴിവുകേടുമാണ് ഇൗ വാക്കുകളിൽ പ്രതിഫലിക്കുന്നത്. സ്വന്തം വകുപ്പിലെ കാര്യങ്ങൾ തീരുമാനിക്കാൻ പോയിട്ട് അറിയാൻ പോലും കഴിയുന്നില്ലെന്ന അവസ്ഥ അതിദയനീയമാണ്.
വൈദ്യുതി രംഗത്തെ പ്രതിസന്ധിയും വെട്ടിപ്പിനുള്ള ഒരുക്കവും അതേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന വകുപ്പ് മന്ത്രിയെയും കാണുന്പോൾ കഴിഞ്ഞ രണ്ട് വൈദ്യുതി മന്ത്രിമാരുടെ പേരുകളാണ് മനസിലേക്ക് വരുന്നത്. മുൻ മന്ത്രിമാരായ എം എം മണിയുടേയും കെ കൃഷ്ണൻകുട്ടിയുടേയും പേരുകൾ. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ 10 വർഷക്കാലയളവിൽ ഏറ്റവും കൂടുതൽ പ്രതിപക്ഷം വേട്ടയാടിയ വ്യക്തിയാണ് എംഎം മണി. വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ അദ്ദേഹത്തെ വിദ്യാഭ്യാസത്തിന്റെ അളവുകോലുകൊണ്ട് അളന്നവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. അക്കൂട്ടർ ആറു മാസം കൊണ്ട് വകുപ്പിനെ കുളിപ്പിച്ചുകിടത്തി.
വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിൽ എം എം മണി പിന്നിലായിരുന്നു. എന്നാൽ, സ്വന്തം വകുപ്പുമായി ബന്ധപ്പെട്ട ഒരൊറ്റ ചോദ്യത്തിനും അദ്ദേഹത്തിന് മുഖ്യമന്ത്രി മറുപടി നൽകുമെന്ന് പറയേണ്ടി വന്നിട്ടില്ല. മറുപടി ഇല്ലാതെ മുഖം വലിഞ്ഞു മുറികിയിട്ടില്ല. കേരളം ഇരുട്ടിലായിട്ടില്ല. വൈദ്യുതി വകുപ്പ് എങ്ങനെ കൊണ്ടുപോകണമെന്നും എന്ത് തീരുമാനം കൈകൊള്ളണമെന്നും മർമ്മപ്രധാനമായ ഇൗ സംവിധാനം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ എങ്ങനെ കൊണ്ടുപോകണമെന്നും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അവർക്കും ജനങ്ങൾക്കും സമ്മർദ്ദമില്ലാത്ത വിധം എങ്ങനെ കൊണ്ടുപോകണമെന്നുമുള്ള കൃത്യമായ ധാരണ എം എം മണിക്കുണ്ടായിരുന്നു.
വിദൂര വനപഞ്ചായത്തായ ഇടമലക്കുടിയിലടക്കം വൈദ്യുതി എത്തിച്ച് കേരളത്തെ സമ്പൂർണ വൈദ്യുതികരണത്തിലേയ്ക്ക് നയിച്ചു. ഓഖിയും മഹാപ്രളയവും വൈദ്യുതി ഉൽപ്പാദന വിതരണ മേഖലകളിൽ വൻ നാശം വിതച്ചിട്ടും 24 മണിക്കൂറിലേറെ കേരളത്തിൽ ഒരിടത്തും വൈദ്യുതി തടസപ്പെട്ടില്ല. ജീവനക്കാരെയും ചേർത്തു നിർത്തി അവരുടെ അഭിപ്രായങ്ങളെയും മാനിച്ച് വൈദ്യുതി വകുപ്പിനെ വിവാദങ്ങൾക്ക് എറിഞ്ഞുകൊടുക്കാതെ കൊണ്ടുപോയി.
ജനങ്ങൾക്കൊപ്പം നിന്ന് അവരിലൊരാളായി പ്രവർത്തിച്ച അനുഭവ പരിചയം കൊണ്ട് എങ്ങനെ കൃത്യമായി ഭരണം നിർവഹിക്കാമെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു എം എം മണി.
2016–-21 കാലത്തും വൈദ്യുതി ലഭ്യതയിൽ കുറവ് ഉണ്ടായിരുന്നു. എന്നാൽ തിരിച്ചുകൊടുക്കാമെന്ന ധാരണയിൽ മറ്റു സംസ്ഥാന ബോർഡുകളിൽ നിന്ന് വൈദ്യുതി വാങ്ങി കേരളത്തെ പ്രകാശ പൂരിതമാക്കി. ഇടുക്കി പദ്ധതിക്ക് സമാനമായ മറ്റൊരു നിലയത്തിന്റെ പ്രാരംഭ നടപടികൾക്കു തുടക്കമിട്ട ശേഷമാണ് എം എം മണി അധികാരമൊഴിഞ്ഞത്.
കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ വൈദ്യുതി വകുപ്പ് കെ കൃഷ്ണൻകുട്ടിയിലേയ്ക്ക് വന്നപ്പോഴും മുഖ്യമന്ത്രിയുടെ സഹായം തേടേണ്ടി വന്നിട്ടില്ല. ആ അഞ്ച് വർഷക്കാലവും കേരളം ഇരുട്ടിലായില്ല. വകുപ്പിനെ സ്വകാര്യവൽക്കരിച്ചില്ല. കള്ളക്കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിച്ചില്ല. മാധ്യമങ്ങൾക്കു മുമ്പിൽ പരുങ്ങേണ്ടി വന്നില്ല. പവർക്കട്ടില്ലാതെ സ്വകാര്യ വൈദ്യുതി വാങ്ങാതെ കേരളം മുന്നോട്ടുപോയി.
ഇത്തരത്തിൽ സ്വയംപര്യാപ്തമായ കേരളത്തിലെ വൈദ്യുതിമേഖലയെ പ്രതിസന്ധിയിലാക്കാൻ അസാധാരണ വൈഭവം വേണം. വൈദ്യുതി മേഖലയെ ഇരുട്ടിലേക്ക് തള്ളിയിട്ട്, ആ തക്കം മറവാക്കി കുത്തകകളുടെ കൈയിലേക്ക് വെച്ചു കൊടുക്കാനുള്ള നീക്കം സണ്ണി ജോസഫിന് അറിയാത്തതാകില്ല. മറ്റു പല ബാധ്യതകളുടെയും പേരിൽ വി ഡി സതീശനെ എതിർക്കാൻ നിൽക്കാത്തതാകും. അതും കഴിവുകേടു തന്നെ.









0 comments