Deshabhimani

സൂര്യവംശിക്ക് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയത് നേരത്തെയായി: സച്ചിൻ ടെൻഡുൽക്കർ

Vaibhav Sachin

വൈഭവ് സൂര്യവംശി (ഇടത്) സച്ചിൻ ടെൻഡുൽക്കർ (വലത്)| Photo: Getty Images

വെബ് ഡെസ്ക്

Published on Nov 06, 2026, 01:17 PM | 1 min read

ന്യൂഡൽഹി : വൈഭവ് സൂര്യവംശിയെ ദുലീപ് ട്രോഫി ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനം നേരത്തെയായിപ്പോയെന്ന് സച്ചിൻ ടെൻഡുൽക്കർ. റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിച്ച് പരിചയസമ്പത്ത് നേടിയ ശേഷമേ ഇത്തരം ഉത്തരവാദിത്തങ്ങൾ നൽകാവൂ എന്നാണ് സച്ചിന്റെ അഭിപ്രായം. റെഡ്ഡിറ്റിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലായിരുന്നു പ്രതികരണം.


'ദുലീപ് ട്രോഫിയിൽ വൈസ് ക്യാപ്റ്റനാകാൻ വൈഭവിന് ഇത് അൽപ്പം നേരത്തെയാണെന്നാണ് എന്റെ അഭിപ്രായം. റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ അവനെ അനുവദിക്കണം. ഓരോ ഘട്ടവും ഒന്നൊന്നായി മുന്നോട്ട് പോകട്ടെ" - സച്ചിൻ പറഞ്ഞു.


വെറും 15-ാം വയസിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് വൈഭവ്. ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിനു പിന്നാലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടി ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കാനും താരത്തിനായി. എന്നാൽ ദുലീപ് ട്രോഫിയിൽ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുമ്പോൾ ബിഹാറിനായി എട്ട് റെഡ് ബോൾ മത്സരങ്ങൾ മാത്രമാണ് വൈഭവ് കളിച്ചിരുന്നത്.


നൂറിലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള അഭിമന്യു ഈശ്വരനെ മറികടന്നാണ് വൈഭവിന് വൈസ് ക്യാപ്റ്റൻ സ്ഥാനം ലഭിച്ചത്. താരത്തിന്റെ വളർച്ച ലക്ഷ്യമിട്ടാണ് തീരുമാനമെടുത്തതെന്നും ടീമിലെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ഇതിനെ കാണേണ്ടതില്ലെന്നും ഈസ്റ്റ് സോൺ സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.


ടൂർണമെന്റിനിടെ നായകൻ ഇഷാൻ കിഷൻ പരിക്കേറ്റ് പുറത്തായപ്പോൾ വൈഭവിന് ടീമിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടിവന്നു. ഡിആർഎസ് തീരുമാനങ്ങളിലടക്കം താരം പങ്കാളിയായതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.


ഇന്ത്യൻ നായകനായിരുന്ന കാലത്തെ അനുഭവങ്ങളും സച്ചിൻ പങ്കുവച്ചു. രാജ്യത്തെ നയിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായിരുന്നെങ്കിലും ടീമിനെ തെരഞ്ഞെടുക്കുന്നതിൽ എല്ലായ്പ്പോഴും പൂർണ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.


1990കളെ അപേക്ഷിച്ച് ബിസിസിഐ ഇന്ന് കൂടുതൽ പ്രൊഫഷണലായ സംഘടനയായി മാറിയെന്നും അന്ന് ഇന്ത്യൻ ക്രിക്കറ്റ് കടന്നുപോയത് ഇരുണ്ട കാലഘട്ടത്തിലൂടെയായിരുന്നെന്നും സച്ചിൻ അഭിപ്രായപ്പെട്ടു. തന്റെ പ്രിയപ്പെട്ട നായകന്മാരായി സൗരവ് ഗാംഗുലിയെയും എം എസ് ധോണിയെയുമാണ് സച്ചിൻ വിശേഷിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home