ദയാവധമില്ല; കോടനാട് അഭയാരണ്യത്തിലെ ആനക്കുട്ടിയെ വൻതാരയിലേയ്ക്ക് മാറ്റുന്നു

ചികിത്സയില്‍ കഴിയുന്ന ആനക്കുട്ടി
കോടനാട്: കോടനാട് അഭയാരണ്യത്തിൽ ഡോക്ടർമാർ ദയാവധത്തിന് നിർദേശിച്ച 18 മാസം പ്രായമായ ആനക്കുട്ടിക്ക് പുതുജീവൻ വെയ്ക്കുന്നു. അസ്ഥിക്ക് സാരമായി പരിക്കേറ്റ ആനക്കുട്ടിയെ ഗുജറാത്തിലെ വൻതാരയിലേയ്ക്ക് കൊണ്ടുപോകും. വിമാനമാർഗം കൊച്ചിയിൽ നിന്നും വൻതാരയിലേയ്ക്ക് കൊണ്ടുപോകും. ഇതിനായി ചാർട്ടേർഡ് വിമാനം നെടുമ്പാശേരിയിൽ പറന്നിറങ്ങി. ആനയെ കൊണ്ടുപോകുന്നതിനായി ഡൊമസ്റ്റിക് കോർഗോയിൽ വേണ്ട എല്ലാം ക്രമീകരണങ്ങളും ഒരുക്കി. അഭയാരണ്യത്തിൽ നിന്നും അനിമൽ ആംബുലൻസ് വഴി ആനക്കുട്ടിയെ കൊച്ചി വിമാനത്താവളത്തിലെത്തിക്കും.
ഒരു ദിവസം പ്രായമായപ്പോഴാണ് ആനക്കുട്ടിയെ കോടനാട് അഭയാരണ്യത്തിൽ കിട്ടുന്നത്. കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയിലായിരുന്നു ആനക്കുട്ടി. തുടർന്ന് അഭയാരണ്യത്തിലെ പാപ്പാന്മാരും ഡോക്ടർമാരുമാണ് ആനക്കുട്ടിയെ പരിപാലിച്ചുവന്നിരുന്നത്. ആരോഗ്യം വീണ്ടെടുത്ത ആനക്കുട്ടി ഓടി കളിക്കുന്നതിനിടെ വീണു. ഇതേതുടർന്നാണ് അസ്ഥിക്ക് സാരമായി പരിക്കേറ്റത്. ജനിച്ചപ്പോൾ തന്നെ ആനക്കുട്ടി മറ്റ് ചില രോഗങ്ങളാലും ബുദ്ധിമുട്ടിയിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
എഴുന്നേറ്റു നിൽക്കാൻ കഴിയാതെ കിടന്നുപോയ ആനക്കുട്ടിയെ പരിചരിച്ചു വരികയും കേന്ദ്ര വനംവകുപ്പ് സഹമന്ത്രി കോടനാട് എത്തി ആനയെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ശേഷം ആനയ്ക്ക് എഴുന്നേറ്റു നിൽക്കാൻ കഴിയില്ലെന്നും ദയാവധമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ കഴിഞ്ഞ ദിവസം വൻതാരയിലെ ഡോക്ടർ വന്നു പരിശോധിക്കുകയും അവസാന ശ്രമമെന്ന നിലയിൽ ആനക്കുട്ടിയെ വൻതാര ഏറ്റെടുക്കാമെന്നും അറിയിച്ചു. ഇതോടെ ദയാവധം കാത്തുകിടന്ന ആനക്കുട്ടിക്ക് പുതുജീവന്റെ പ്രതീക്ഷയുണർന്നു.
വൻതാരയിലെത്തിയാൽ ആനക്കുട്ടി പൂർണ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ. അഭയാരണ്യ കേന്ദ്രത്തിൽ ആനക്കുട്ടിയെ പരിപാലിച്ചിരുന്നവരും വെറ്റിനറി സംഘവും വൻതാരയിലേയ്ക്കു പോകും. 6 മാസക്കാലത്തെ ചികിത്സയാണ് നിർദേശിച്ചിരിക്കുന്നത്. ജീൻ തെറാപ്പി അടക്കമുള്ള ചികിത്സയിലൂടെ ആനക്കുട്ടിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞേക്കുമെന്നാണ് വിവരം.








0 comments