തിരുവാണിയൂർ- വെട്ടിക്കൽ റോഡ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

തകർന്നുകിടക്കുന്ന തിരുവാണിയൂർ- വെട്ടിക്കൽ റോഡ്
തിരുവാണിയൂർ
തിരുവാണിയൂർ വെട്ടിക്കൽ റോഡ് തകർന്നതോടെ ദുരിതത്തിലായി യാത്രക്കാർ. കുന്നത്തുനാട് -പിറവം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ കുഴിയിൽ വീഴാതെയും ചെളി തെറിക്കാതെയും സഞ്ചരിക്കാനാകില്ല. കാൽനടക്കാരും ബൈക്ക് യാത്രികരുമാണ് റോഡിലൂടെ സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടുന്നത്.
ഒഇഎൻ, ആംഫിനോൾ എഫ്സിഐ കമ്പനികളിലെ ജീവനക്കാരടക്കം ദിവസേന ആയിരക്കണക്കിനുപേർ യാത്ര ചെയ്യുന്ന പ്രധാന റോഡാണ് മാസങ്ങളായി തകർന്നുകിടക്കുന്നത്.
നവീകരണത്തിന്റെ പേരിൽ ആരംഭിച്ച റോഡ് നിർമാണം അനന്തമായി നീളുന്നതാണ് ദുരവസ്ഥയ്ക്കു കാരണം. കഴിഞ്ഞ സെപ്‌തംബറിൽ റോഡിലെ മൂന്ന് കലുങ്കുകൾ പുതുക്കിപ്പണിയൽ ആരംഭിച്ചപ്പോൾ തുടങ്ങിയ ദുരിതമാണ് തുടരുന്നത്. ഇഴഞ്ഞുനീങ്ങുന്ന നിർമാണപ്രവൃത്തികൾക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഫലം കണ്ടില്ല. കലുങ്ക് നിർമാണത്തിന് മാത്രമായി രണ്ടരമാസത്തോളമാണ് റോഡിൽ ഗതാഗതം നിരോധിച്ചത്.
മഴ തുടങ്ങിയതോടെ നാലരക്കിലോമീറ്ററോളം റോഡിൽ ചെറുതും വലുതുമായ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. നിർമാണം ആരംഭിച്ചപ്പോൾ അപകടങ്ങളും പതിവായിരുന്നു. ചിതറിക്കിടക്കുന്ന മെറ്റലിൽ കയറി വെട്ടിക്കൽ തേവനാൽ പള്ളിക്കു സമീപത്തുമാത്രം അന്പതോളം അപകടങ്ങളുണ്ടായി. മഴ തുടങ്ങിയതോടെ കുഴിയിൽ വീണാണ് അപകടങ്ങൾ ഏറെയും.
റോഡാകെ കുഴിയും ചെളിയും നിറഞ്ഞതോടെ കാൽനടയാത്രയും ബുദ്ധിമുട്ടിലാണ്. സമീപത്തുള്ള വീടുകളിലേക്ക് ചെളിവെള്ളം കയറുന്നതായും പരാതിയുണ്ട്. റോഡിന്റെ അവസ്ഥ വ്യാപാരികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമായിട്ടും നിർമാണം വേഗത്തിലാക്കാനോ പ്രശ്നം പരിഹരിക്കാനോ പൊതുമരാമത്ത് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.










0 comments