മഴക്കാലമായതോടെ ഗതാഗതം ദുഷ്കരമായി
ദേശീയപാത: മൂത്തകുന്നം-– ഇടപ്പള്ളി റോഡ് തകർന്നു

ദേശീയപാത പറവൂർ–- മൂത്തകുന്നം റോഡ് തകർന്നനിലയിൽ
പറവൂർ
ദേശീയപാതയിൽ വരാപ്പുഴമുതൽ മൂത്തകുന്നംവരെയുള്ള റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ഇതിൽ മൂത്തകുന്നംമുതൽ പറവൂർവരെയും വഴിക്കുളങ്ങരമുതൽ ചെറിയപ്പിള്ളിവരെയും ഷാപ്പുപടിമുതൽ വരാപ്പുഴ പാലംവരെയുമുള്ള യാത്ര തീർത്തും ദുർഘടമായി. കുറച്ച് വർഷമായി മഴക്കാലത്ത് റോഡ് തകരുന്നത് പതിവാണ്. കുഴികളടച്ച് താൽക്കാലിക ഗതാഗതസംവിധാനമൊരുക്കി പ്രശ്നത്തിന് പരിഹാരം കാണലാണ് പതിവ്.
എന്നാൽ, ഈ മഴക്കാലം തുടങ്ങിയതിനുശേഷം ചിലയിടത്തൊഴിച്ചാൽ അത്തരമൊരു ജോലികളും റോഡിൽ നടത്തിയിട്ടില്ല. മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിൽ ഉൾപ്പെട്ട റോഡായിട്ടും ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തയ്യാറാകുന്നില്ല. തകർന്ന റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നിർമാണസാമഗ്രികൾ കൊണ്ടുപോകുന്ന ഭാരവാഹനങ്ങളും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് റോഡിന്റെ തകർച്ചയ്‌ക്ക് ആക്കംകൂട്ടുന്നുണ്ട്. ദേശീയപാത അതോറിറ്റിയാണ് സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്തേണ്ടത്. എന്നാൽ, ഇവർ കാണിക്കുന്ന നിരുത്തരവാദിത്വപരമായ നിലപാട് ചോദ്യംചെയ്യാനും തിരുത്തിക്കാനും എംപി, എംഎൽഎപോലുള്ള പ്രധാനപ്പെട്ട ജനപ്രതിനിധികൾക്ക് സാധിക്കുന്നില്ല.
റോഡിലെ കുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർ അപകടത്തിലാകുന്നതും പതിവാണ്. ദേശീയപാതയിലൂടെയുള്ള ദുർഘടയാത്ര ഒഴിവാക്കാൻ സമീപ പഞ്ചായത്തുകളിലെ ഇടറോഡുകളെ ആശ്രയിക്കാമെന്നുവച്ചാൽ ഇതിലും മോശം അവസ്ഥയിലാണ് പല റോഡുകളും. ദേശീയപാതയിലെ റോഡിന്റെ തകർച്ച പരിഹരിക്കാൻ അധികാരികൾ ഇടപെടണമെന്ന് കാരുണ്യ സർവീസ് സൊസൈറ്റി ഭാരവാഹികളായ മനോജ് കാട്ടിപ്പറമ്പിൽ, ആന്റണി കോണത്ത്, ജിതേഷ് സിങ്, സിബീസ് സ്റ്റീഫൻ എന്നിവർ ആവശ്യപ്പെട്ടു.











0 comments