ചരിഞ്ഞ കെട്ടിടം പൊളിക്കാൻ പ്രാഥമികനടപടി തുടങ്ങി
അടിത്തറ ഉറപ്പിച്ച് നിവർത്തും, തുടർന്ന് പൊളിക്കും

എറണാകുളം പള്ളിമുക്കിൽ ഉയർത്തുന്നതിനിടെ ചരിഞ്ഞ് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ തുടങ്ങിയപ്പോൾ
കൊച്ചി
എംജി റോഡിൽ അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ചരിഞ്ഞ ഇരുനിലക്കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള പ്രാഥമികനടപടി തുടങ്ങി. കെട്ടിടത്തിന് ബലക്ഷയമുള്ളതിനാൽ നിലവിലെ സ്ഥിതിയിൽ പൊളിക്കാനാകില്ല. അതിനാൽ അടിത്തറ ഉറപ്പിച്ച് കെട്ടിടം നിവർത്തിയശേഷമാകും പൊളിച്ചുതുടങ്ങുക. ഇതിന് ഒരാഴ്ച വേണ്ടിവരുമെന്ന് കന്പനി അധികൃതർ പറഞ്ഞു.
അടിത്തറ ഉയർത്താൻ കരാർ ഏറ്റെടുത്ത ചെന്നൈ ആസ്ഥാനമായുള്ള കന്പനിതന്നെയാണ് കെട്ടിടം പൊളിക്കുന്നതും. ചെലവ് കെട്ടിട ഉടമ വഹിക്കണം. കേടുപാടുള്ള സമീപത്തെ എൻസൈൻ ബിൽഡിങ്ങിന്റെ അറ്റകുറ്റപ്പണിയും നിർവഹിക്കണം. കോർപറേഷൻ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കും.
കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് ബുധനാഴ്ച കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. ചരിഞ്ഞ കെട്ടിടം പൂർണമായി പൊളിച്ചുനീക്കിയശേഷമാകും സമീപത്തെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കാനാകൂ. ചൊവ്വ വൈകിട്ടാണ് എംജി റോഡിൽ വുഡ്-ലാൻഡ്സ് ജങ്‌ഷന് സമീപത്തുള്ള ഇരുനിലക്കെട്ടിടം അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി സമീപത്തെ ബഹുനിലക്കെട്ടിടത്തിലേക്ക് ചരിഞ്ഞത്.











0 comments